യു.പിയില്‍ ഐ.എ.എസ് ഓഫീസറെ കൊണ്ട് ഏത്തമിടീച്ച് അഭിഭാഷകര്‍
India
യു.പിയില്‍ ഐ.എ.എസ് ഓഫീസറെ കൊണ്ട് ഏത്തമിടീച്ച് അഭിഭാഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th July 2025, 4:11 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനി ഐ.എ.എസ് ഓഫീസറെ കൊണ്ട് ഏത്തമിടീച്ച് ഒരു സംഘം അഭിഭാഷകര്‍. റിങ്കു സിങ് എന്ന ഉദ്യോഗസ്ഥനെ കൊണ്ടാണ് അഭിഭാഷകര്‍ ഏത്തമിടീച്ചത്. യുപിയിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ചുമതലയേറ്റ ആദ്യദിവസം തന്നെ അഭിഭാഷകര്‍ ഉദ്യോഗസ്ഥനെ തടഞ്ഞുനിര്‍ത്തി ഏത്തമിടീക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഒരു സംഘം അഭിഭാഷകരാണ് റിങ്കു സിങ്ങിനെ തടഞ്ഞുനിര്‍ത്തിയതെന്നും അധിക്ഷേപിച്ചതെന്നുമാണ് പുറത്തുവന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഷാജഹാന്‍പുരിലെ പവയാന്‍ തഹസിലില്‍ പുതുതായി നിയമിതനായ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് റിങ്കു സിങ്. ചുമതലയേറ്റ ആദ്യദിവസം തന്നെ പൊതുശൗചാലയം ഉപയോഗിക്കാതെ മറയില്ലാത്ത ഒരിടത്ത് മൂത്രമൊഴിച്ച ഏതാനും ആളുകളെ കൊണ്ട് ഉദ്യോഗസ്ഥന്‍ ഏത്തമിടീച്ചിരുന്നുവെന്നാണ് ഇന്ത്യ ടുഡേ, യു.പി തക്, ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഇതേ ദിവസം നടന്ന മറ്റൊരു സംഭവത്തില്‍ സ്വന്തം കുഞ്ഞുങ്ങളുമായി അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ചില രക്ഷിതാക്കളെ ഉദ്യോഗസ്ഥന്‍ ശിക്ഷിച്ചിരുന്നു. കുട്ടികളെ സ്‌കൂളില്‍ അയക്കാത്തതിലാണ് മാതാപിതാക്കളെ ശിക്ഷിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഒരു സംഘര്‍ഷം അഭിഭാഷകരും നാട്ടുകാരും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച അഭിഭാഷകരോട് എന്തിനാണ് ശിക്ഷ നല്‍കിയതെന്നതില്‍ ഉദ്യോഗസ്ഥന്‍ വിശദീകരണവും നല്‍കിയിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥന്‍ ഏത്തമിടീച്ചവരില്‍ ഒരാള്‍ ബ്രാഹ്‌മണനാണെന്നും അയാള്‍ക്ക് വൃത്തിയില്ലാത്ത പൊതുശൗചാലയത്തിനുള്ളില്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നാണ് അഭിഭാഷകരുടെ വാദം.

പക്ഷെ താന്‍ ശിക്ഷ നല്‍കിയത് പൊതുയിടത്ത് മൂത്രമൊഴിച്ചതിനല്ലെന്നും കുട്ടികളെ സ്‌കൂളില്‍ വിട്ടാത്തതുകൊണ്ടാണെന്നും വ്യക്തമാക്കിയ ഉദ്യോഗസ്ഥന്‍, ഓഫീസിലെ ശൗചാലയം വൃത്തിയില്ലാത്തതാണെന്ന് സമ്മതിക്കുകയുമായിരുന്നു. ആ തെറ്റ് സമ്മതിച്ചുകൊണ്ട് ഉദ്യോഗസ്ഥന്‍ ഏത്തമിടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Newly Appointed SDM in UP Performs Sit-Ups Publicly After Face-Off with Lawyers; Video