യു.പിയില്‍ നവാബ് അബ്ദുസമദിന്റെ ശവകുടീരം തകര്‍ത്ത് ഹിന്ദുത്വര്‍
India
യു.പിയില്‍ നവാബ് അബ്ദുസമദിന്റെ ശവകുടീരം തകര്‍ത്ത് ഹിന്ദുത്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th August 2025, 7:46 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നവാബ് അബ്ദുസമദിന്റെ ശവകുടീരം തകര്‍ത്ത് തീവ്ര ഹിന്ദുത്വവാദികള്‍. ആയുധമേന്തിയ സംഘം ശവകുടീരത്തിലേക്ക് അതിക്രമിച്ച് എത്തുകയായിരുന്നു. യു.പിയിലെ ഫത്തേപൂരിലാണ് സംഭവം.

ഇന്ന് (തിങ്കള്‍) രാവിലെ പത്ത് മണിയോടെ 2000ത്തിലധികം ആളുകള്‍ ഈദ്ഗാഹിലേക്ക് ഇരച്ചുകയറുകയായിരുന്നു. മഠ് മന്ദിര്‍ സംഘര്‍ഷ് സമിതി, ബജ്‌രംഗ്ദള്‍, ഹിന്ദു മഹാസഭ തുടങ്ങിയ ഹിന്ദുത്വ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ശവകുടീരം തകര്‍ത്തത്.

ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് മുകളിലാണ് ശവകുടീരം നിര്‍മിച്ചിരിക്കുന്നതെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം.

എന്നാല്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം, നവാബ് അബ്ദുസമദിന്റെ ശവകുടീരം ഒരു സംരക്ഷിത സ്മാരകമാണ്. സദര്‍ തെഹ്സിലിലെ റെഡിയ മേഖലയിലെ അബു നഗറിലാണ് അബ്ദുസമദിന്റെ സ്മാരകമുള്ളത്. ഖസ്ര നമ്പര്‍ 753 പ്രകാരം മഖ്ബറ മാംഗിയായാണ് ഇത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നിലവില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന വീഡിയോകളില്‍, ശവകുടീരത്തിന് നേരെ ഇരച്ചെത്തുന്ന ഹിന്ദുത്വരെ തടയുന്നതില്‍ പരാജയപ്പെട്ട് നില്‍ക്കുന്ന പൊലീസിനെ കാണാം.

അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും പി.എ.സി സംഘത്തെയും ജില്ലാ ഭരണകൂടം വിന്യസിച്ചിട്ടുണ്ട്.

വെളളിയാഴ്ച ശവകുടീരത്തില്‍ അവകാശവാദമുന്നയിച്ച് മഠ് മന്ദിര്‍ സംഘര്‍ഷ് സമിതി ഫത്തേപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര സിങ്ങിന് ഒരു മെമ്മോറാണ്ടം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് 11ന് ശവകുടീരത്തില്‍ പൂജ നടത്തുമെന്നും അതിന് മുന്നോടിയായി സ്മാരകം തകര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുത്വ സംഘടന മെമ്മോറാണ്ടം നല്‍കിയത്.

അബ്ദുസമദിന്റെ ശവകുടീരം ഒരു ശവകുടീരമല്ലെന്നും ആയിരത്തിലധികം വര്‍ഷത്തിലേറെ പഴക്കമുള്ള താക്കൂറിന്റെയും ശിവന്റെയും ക്ഷേത്രമാണെന്നുമുള്ള ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുഖലാല്‍ പാലിന്റെ ആരോപണമാണ് ഈ വിവാദങ്ങള്‍ക്കെല്ലാം കാരണമായത്. കെട്ടിടത്തിനുള്ളില്‍ ത്രിശൂലമുണ്ടെന്നും മുഖലാല്‍ ആരോപിച്ചിരുന്നു.

ബി.ജെ.പിയുടെ നീക്കത്തെ തടയരുതെന്നും തങ്ങൾ സമാധാനപരമായ ആളുകളാണെന്നും മുഖലാല്‍ പാല്‍ പറഞ്ഞിരുന്നു. എന്നാല്‍ മതത്തിന് വേണ്ടി പോരാടേണ്ടി വന്നാല്‍ അതിന് തങ്ങള്‍ എല്ലാ വിധത്തിലും തയ്യാറാണെന്നും ബി.ജെ.പി നേതാവ് പ്രതികരിച്ചിരുന്നു.

ഇന്ന് മുതല്‍ അബ്ദുസമദിന്റെ ശവകുടീരമെന്ന് അവകാശപ്പെടുന്ന കെട്ടിടത്തില്‍ പൂജ നടത്തണമെന്നും മുഖലാല്‍ പാല്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അബ്ദുസമദിന്റെ ശവകുടീരത്തിലേക്ക് ഹിന്ദുത്വര്‍ അതിക്രമിച്ചെത്തിയത്.

Content Highlight: Hindutwa vandalise tomb of Nawab Abdus Samad in UP