ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍; രണ്ടാം തവണയും താക്കീത് നല്‍കി പ്രിന്‍സിപ്പല്‍
national news
ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍; രണ്ടാം തവണയും താക്കീത് നല്‍കി പ്രിന്‍സിപ്പല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd May 2022, 8:30 am

 

ന്യൂദല്‍ഹി: ദളിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് പത്തോളം വിദ്യാര്‍ത്ഥികള്‍. ചമ്പാവത് ജില്ലയില്‍ സുഖിധാങ്ങിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇത് രണ്ടാംതവണയാണ് സംഭവം.

ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥികളാണ് ദളിത് പാചകക്കാരിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചത്. വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്.

ഭക്ഷണം കഴിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ പ്രേം സിംഗ് അറിയിച്ചു. ഇത്തരം വിവേചനം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സവര്‍ണ ജാതിയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള സുനിത ദേവി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സുനിതയെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പിന്നീട് സുനിതയെ അധികൃതര്‍ക്ക് തിരിച്ചെടുക്കേണ്ടിവന്നു. എങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ല. അന്ന് 40 വിദ്യാര്‍ഥികളാണ് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രേം സിംഗ് വിദ്യാര്‍ത്ഥികളോടും മാതാപിതാക്കളോടും സംസാരിച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത് എന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. സുഖിദാംഗ് ഗവണ്‍മെന്റ് ഇന്റര്‍ കോളേജില്‍ ആകെ 57 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും 37 പേരും പട്ടികജാതി വിഭാഗത്തില്‍ നിന്നും 20 പേരുമാണുള്ളത്.

സുനിതാ ദേവിയെക്കൂടാതെ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള വിമലാ ദേവിയും സ്‌കൂളിലെ പാചകക്കാരിയാണ്. 2016ലാണ് ഇവര്‍ നിയമിക്കപ്പെട്ടത്. വിമല ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല.

സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള ശകുന്തള ദേവി വിരമിച്ചതിനെത്തുടര്‍ന്നാണ് സുനിത ദേവിയെ നിയമിച്ചത്. സുനിത ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ തയ്യാറായില്ല. താന്‍ വിവേചനം നേരിടുന്നതായും സവര്‍ണ വിഭാഗത്തില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി സുനിത പൊലീസില്‍ പരാതി നല്‍കി. പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ സുനിതയെ ജോലിയില്‍ തിരിച്ചെടുത്തത്.

Content Highlights: Uttarakhand Students again refuse to eat meal cooked by Dalit