ഉത്തരാഖണ്ഡ് കാലാവസ്ഥ ദുരന്തങ്ങളുടെയും മനുഷ്യപ്രേരിത ദുരന്തങ്ങളുടെയും വക്കില്‍; റിപ്പോര്‍ട്ടുമായി യു.ഡി.എ.എ.ഐ
India
ഉത്തരാഖണ്ഡ് കാലാവസ്ഥ ദുരന്തങ്ങളുടെയും മനുഷ്യപ്രേരിത ദുരന്തങ്ങളുടെയും വക്കില്‍; റിപ്പോര്‍ട്ടുമായി യു.ഡി.എ.എ.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 4:32 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് കാലാവസ്ഥ ദുരന്തങ്ങളുടെയും മനുഷ്യ പ്രേരിത ദുരന്തങ്ങളുടെയും പ്രതിസന്ധിയുടെ വക്കിലെന്ന് ഉത്തരാഖണ്ഡ് ഡിസാസ്റ്റര്‍ ആന്‍ഡ് ആക്‌സിഡന്റ് അനാലിസിസ് ഇനിഷ്യേറ്റീവ് റിപ്പോര്‍ട്ട്. തീവ്ര കാലാവസ്ഥ ദുരന്തങ്ങളുടെയും തകര്‍ന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും മനുഷ്യ ദുരന്തങ്ങളുടെയും റിപ്പോര്‍ട്ടാണ് ഡെറാഡൂണ്‍ ആസ്ഥാനമായുള്ള സോഷ്യല്‍ ഡെവലപ്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷനായ യു.ഡി.എ.എ.ഐ പുറത്ത് വിട്ടത്.

വിശ്വസനീയമായ മാധ്യമസ്രോതസുകളില്‍ നിന്ന് സമാഹരിച്ച് ഡാറ്റകള്‍ ശക്തമായ മുന്നറിയിപ്പാണ് മുന്നോട്ടുവെക്കുന്നത്. ഉത്തരാഖണ്ഡില്‍ കാലാവസ്ഥ ദുരന്തങ്ങള്‍ക്കും മനുഷ്യ പ്രേരിതമായ ദുരന്തങ്ങള്‍ക്കും അപകട സാധ്യത ദിനംപ്രതി വര്‍ധിച്ചുവരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

1000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള 246 ഹിമാനി തടാകങ്ങളില്‍ 25 എണ്ണം അപകട സാധ്യതയുള്ള അവസ്ഥയിലാണെന്ന് വാഡിയ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. 2013ലെ കേദാര്‍നാഥ് ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഗ്ലേഷ്യല്‍ ലേക്ക് ഔട്ട്ബര്‍സ്റ്റ് വെള്ളപ്പൊക്കത്തിന് ഈ അസ്ഥിരമായ തടാകങ്ങള്‍ ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഉയര്‍ന്ന അപകടസാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് നിരന്തരമായ നിരീക്ഷണവും ശക്തമായ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും ശാസ്ത്രജ്ഞര്‍ അടിയന്തരമായി ആവശ്യപ്പെടുന്നുണ്ട്.

കേദാര്‍നാഥിനടുത്തുള്ള ചോരബാണി ഹിമാനി പ്രതിവര്‍ഷം ഏഴ് മീറ്റര്‍ എന്ന നിരക്കില്‍ ഭയാനകമായ രീതിയില്‍ പിന്‍വാങ്ങികൊണ്ടിരിക്കുന്നതിനാല്‍ ഹിമാനികള്‍ ഉരുകിപ്പോകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല കാലവര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യത കൂടുതലാണ്.

ചമോലി ജില്ലയില്‍ കനത്ത മഴ, മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ എന്നിവ വലിയ നാശമാണ് വിതച്ചത്. 115ല്‍ അധികം റോഡുകള്‍ തകരുകയും വീടുകളും കൃഷി ഭൂമികളും നശിക്കുകയും ചെയ്തു. ധര്‍മ ഗ്രാമത്തിനടുത്തുള്ള ശക്തമായ മേഘവിസ്‌ഫോടനം വീടുകള്‍ക്ക് നാശം വിതയ്ക്കുകയും നദിയുടെ ഒഴുക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. ഇത് നിര്‍ബന്ധിതമായി ആളുകളെ ഒഴുപ്പിക്കാന്‍ ഇടയാക്കി.

ബദരീനാഥ് ഹൈവേയില്‍ ഭനേര്‍പാനി ഭാഗത്തുള്ള സ്ഥലങ്ങള്‍ തകര്‍ന്നതിനാല്‍ ചാര്‍ ധാം, ഹേമകുണ്ഡ് സാഹിബ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര അപകടത്തിലാണെന്ന് ഒരു എസ്.ഡി.സി വക്താവ് പറഞ്ഞു.

2010 നുശേഷം മേഖലയിലുടനീളം മേഘവിസ്‌ഫോടനങ്ങളിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ വര്‍ധനവ് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. പരിസ്ഥിതി ദുരന്തങ്ങള്‍ക്കപ്പുറം മനുഷ്യദുരന്തങ്ങളും വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു.

പിത്തോറഗഢിലെ അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും ഹരിദ്വാര്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 28 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും അടിയന്തര തയ്യാറെടുപ്പുകള്‍ നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഋഷികേശ്, ബദരീനാഥ് ഹൈവേയില്‍ ചുണ്ണാമ്പു കല്ല് പാറകളിലെ ആഴത്തിലുള്ള വിള്ളലുകള്‍ വന്‍ തകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്നും ഇത് കാരണം വലിയ ഗതാഗത തടസം നേരിടാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. മാത്രമല്ല ഈ റൂട്ടുകളിലൂടെ 800 കിലോമീറ്ററുകളിലായി 811 മണ്ണിടിച്ചിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും നിര്‍മാണ സമയത്ത് സുരക്ഷിതമല്ലാത്ത ചരിവ് വെട്ടിച്ചുരുക്കല്‍ രീതികളാണ് ഇതിന് കാരണം.

എസ്.ഡി.സി ഫൗണ്ടേഷന്റെ സ്ഥാപകനായ അനൂപ് നൗട്ടിയാല്‍ ടി.എന്‍.ഐ.ഇയോട് പഠനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

‘ജൂലൈയിലെ യു.ഡി.എ.എ.ഐ റിപ്പോര്‍ട്ട് ഞങ്ങളുടെ 34ാമത്തെ വിലയിരുത്തലാണിത്. ഉത്തരാഖണ്ഡിലെ ദുരന്തങ്ങള്‍ ഇനി ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. മറിച്ച് ആവര്‍ത്തിച്ച് വരുന്ന, വര്‍ദ്ധിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന് വീണ്ടും സൂചിപ്പിക്കുന്നു.

കാലാവസ്ഥ വ്യതിയാനം ത്വരിതപ്പെടുത്തുകയും, മനുഷ്യനിര്‍മിത അപകടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ തയ്യാറെടുപ്പ് ശക്തിപ്പെടുത്താനും, വികസനം നിയന്ത്രിക്കുന്നതിനും അടിയന്തര നടപടി ആവശ്യമാണ്,’അദ്ദേഹം പറഞ്ഞു.

Content Highlight: Uttarakhand in crisis of weather disasters and man-made disasters