ഉത്തരാഘണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി
Daily News
ഉത്തരാഘണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st March 2016, 5:29 pm

ഡെറാഡൂണ്‍: ഉത്തരാഘണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന്‍ സാകേത് ബഹുഗുണയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി ജോയിന്റ് സെക്രട്ടറി അനില്‍ ഗുപ്തയാണ് സാകേതിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഹരിഷ് റാവത്ത് സര്‍ക്കാരിനെതിരെ രംഗത്തുവന്ന വിമത എം.എല്‍.എമാരില്‍ ഒരാളാണ് സാകേത് ബഹുഗുണ.

പാര്‍ട്ടിയുടെ ഒമ്പത് ജില്ലാ ഘടകങ്ങളും കോണ്‍ഗ്രസ് പിരിച്ചുവിട്ടു. ബി.ജെ.പിയുടെ പിന്തുണയോടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നാണ് സാകേതിനെതിരെയുള്ള ആരോപമം. വിമത നീക്കങ്ങളുടെ സൂത്രധാരന്‍ സാകേത് ആണെന്നും ആരോപണമുയരുന്നുണ്ട്.

ഒമ്പത് എം.എല്‍.എമാര്‍ കാലുമാറിയതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. വിശദീകരണം ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ ഒമ്പത് എം.എല്‍.എ മാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനിടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 28 എം.എല്‍.എമാരുള്ള ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി.