'ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും'; ഉത്തരാഖണ്ഡ് നിര്‍ബന്ധിത മതപരിവര്‍ത്തന ഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം
India
'ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും'; ഉത്തരാഖണ്ഡ് നിര്‍ബന്ധിത മതപരിവര്‍ത്തന ഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2025, 1:18 pm

ഡെറാഡൂണ്‍: നിര്‍ബന്ധിത മതപരിവര്‍ത്തന ഭേദഗതി ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. പരമാവധി പത്ത് ലക്ഷം രൂപ പിഴയും ജീവപര്യന്തവുമെന്ന ഉത്തരാഖണ്ഡ് മത സ്വാതന്ത്ര്യ (ഭേദഗതി) ബില്‍ 2025നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അംഗീകാരത്തിനായി സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ മതപരിവര്‍ത്തനത്തിന് പരമാവധി പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയുമാണുള്ളത്. എന്നാല്‍ പുതിയ ഭേദഗതി ബില്‍ അനുസരിച്ച് ഇത് പതിനാലോ ഇരുപതോ വര്‍ഷമായി ഉയരും. കൂടാതെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാനും ജില്ലാ മജിസ്‌ട്രേറ്റിന് സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധിക്കും.

ഉത്തരാഖണ്ഡ് ദേവഭൂമിയാണെന്ന് മന്ത്രിസഭാ തീരുമാനത്തിന് ശേഷം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളായി സന്യാസിമാര്‍ വന്ന് ധ്യാനിക്കുന്ന സ്ഥലമാണ് ഇതെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന്റെ മറവില്‍ ജനസംഖ്യാപരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയില്‍ മാറ്റം വരുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് നിര്‍ദ്ദിഷ്ട ഭേദഗതിയെന്നും പുഷ്‌കര്‍ സിങ് ധാമി കൂട്ടിച്ചേര്‍ത്തു.

പുതിയ ബില്‍ അനുസരിച്ച് വിദേശ സ്ഥാപനങ്ങളില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനായി ഫണ്ട് സ്വീകരിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷത്തില്‍ കുറയാത്ത കഠിനതടവും 10 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും.

വിവാഹത്തിനായി മതം മറച്ചുവെക്കുന്നത് പുതിയ വ്യവസ്ഥകള്‍ പ്രകാരം കുറ്റകരമാണ്. കുറ്റവാളികള്‍ക്ക് മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കാം. കൂട്ട മതപരിവര്‍ത്തനം നടത്തുന്നതിന്, ഏഴ് വര്‍ഷത്തില്‍ കുറയാത്തതും 14 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും. കൂടാതെ ഒരു മതത്തിന്റെ ആചാരങ്ങള്‍, ചടങ്ങുകള്‍ എന്നിവയെ മറ്റൊരു മതവുമായി ബന്ധപ്പെട്ട് ദോഷകരമായ രീതിയില്‍ ചിത്രീകരിക്കുക, ഒരു മതത്തെ മറ്റൊരു മതത്തിനെതിരെ മഹത്വവല്‍ക്കരിക്കുക എന്നിവയും കുറ്റകൃത്യമായി മാറും.

പുതിയ വ്യവസ്ഥകള്‍ പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും സെഷന്‍സ് കോടതിക്ക് കോഗ്‌നിസബിള്‍, ജാമ്യമില്ലാ കുറ്റം എന്നിവയായിരിക്കും. വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയും. പ്രതി കുറ്റക്കാരനല്ലെന്നും കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കൂ.

Content Highlight: Uttarakhand cabinet approves compulsory religious conversion amendment bill