'സമാധി'യെടുത്താല്‍ ബോധോദയം ലഭിക്കും; പുരോഹിതന്റെ വാക്ക് കേട്ട് ആറടി താഴ്ചയില്‍ സ്വയം മൂടിയ ആളെ പൊലീസ് രക്ഷപ്പെടുത്തി
national news
'സമാധി'യെടുത്താല്‍ ബോധോദയം ലഭിക്കും; പുരോഹിതന്റെ വാക്ക് കേട്ട് ആറടി താഴ്ചയില്‍ സ്വയം മൂടിയ ആളെ പൊലീസ് രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 7:23 pm

ലഖ്‌നൗ: നവരാത്രി ഉത്സവങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഒരു ദിവസം ‘സമാധി’യെടുത്താല്‍ ബോധോദയം ലഭിക്കുമെന്ന ഹിന്ദു പുരോഹിതന്റെ ഉപദേശം കേട്ട് ആറടി താഴ്ചയുള്ള കുഴിയില്‍ സ്വയംമൂടിയ ആളെ പൊലീസ് രക്ഷപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ താജ്പുരില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

താജ്പുര്‍ വില്ലേജിലെ താമസക്കാരനായ ശുഭാം ഗോസ്വാമിയാണ് ‘സമാധി’യെടുത്തത്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പുരോഹിതന്മാര്‍ യുവാവിനെ ഒരു ദിവസം കുഴിയില്‍ കഴിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ആറടി താഴ്ചയിലുള്ള കുഴിയെടുത്ത ഇയാള്‍ അതിനുള്ളില്‍ കിടന്ന് മുകളില്‍ മുളവടി നിരത്തി വെച്ച് അതിന് മുകളില്‍ ഷീറ്റ് വിരിച്ചാണ് കുഴിക്ക് മുകളില്‍ മണ്ണിട്ടത്.ഇത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതോടെ ഉടന്‍ സ്ഥലത്തെത്തുകയും ഇയാളെ രക്ഷിക്കുകയുമായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട സ്ഥലത്തെ താമസക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ശുഭാം ഗോസ്വാമിയേയും ഇയാളെ സമാധിക്ക് പ്രേരിപ്പിച്ച മറ്റ് മൂന്ന് പുരോഹിതരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്നലാല്‍, ശിവകേഷ് ദീക്ഷിത് തുടങ്ങിയ പുരോഹിതന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ശുഭാം ഗോസ്വാമി താജ്പൂര്‍ ഗ്രാമത്തിന് പുറത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഹിന്ദു പുരോഹിതരുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാള്‍ മതപരമായ ചടങ്ങുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ പുരോഹിതരായ മുന്നലാലും, ശിവകേഷ് ദീക്ഷിതും ശുഭാമിനെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു.

സമാധിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പുരോഹിതരുടെ പങ്കിനെ കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട ശുഭാമിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Content Highlight: Uttar Pradesh police rescued a man who was buried six feet deep underground