ലഖ്‌നൗ: മനുഷ്യരെ കടിച്ചാല്‍ തെരുവുനായ്ക്കള്‍ക്ക് തടവുശിക്ഷ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രകോപനം ഒന്നുമില്ലാതെ മനുഷ്യനെ കടിച്ചാല്‍ ആദ്യത്തെ തവണ പത്ത് ദിവസം തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ ‘കുറ്റം’ ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം ശിക്ഷയായിരിക്കും ലഭിക്കുക.
രണ്ടാമത്തെ തവണ ഏതെങ്കിലും മനുഷ്യനെ കടിച്ചാല്‍ തെരുവുനായയെ മരിക്കുന്നതുവരെ അഥവാ ജീവപര്യന്തം ശിക്ഷയായി തടവിലിടുമെന്ന് സര്‍ക്കാരിന്റെ വിചിത്ര ഉത്തരവില്‍ പറയുന്നു.
മൃഗങ്ങളെ പരിപാലിക്കുന്ന കേന്ദ്രത്തിലായിരിക്കും ‘തടവ് ശിക്ഷ’യെന്ന് യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജാത് പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞു. ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാനാണ് ഈ ഉത്തരവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10നാണ് ഉത്തരവിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെരുവുനായയുടെ കടിയേറ്റ് ഏതെങ്കിലും വ്യക്തി ആന്റി-റാബീസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞാല്‍, കടിച്ച തെരുവുനായയെ കണ്ടെത്തി ഏറ്റവും അടുത്തുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തും. തുടര്‍ന്നാണ് പത്ത് ദിവസം നിരീക്ഷണത്തില്‍ സൂക്ഷിക്കുക.



