ലിവ് ഇൻ റിലേഷനുകളിൽ നിന്നും അകന്നു നിൽക്കൂ, അല്ലെങ്കിൽ നിങ്ങളെ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം: ആനന്ദിബെൻ പട്ടേൽ
India
ലിവ് ഇൻ റിലേഷനുകളിൽ നിന്നും അകന്നു നിൽക്കൂ, അല്ലെങ്കിൽ നിങ്ങളെ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം: ആനന്ദിബെൻ പട്ടേൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th October 2025, 5:31 pm

ലഖ്‌നൗ: ലിവ് ഇൻ റിലേഷനുകളെ കുറിച്ച് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ലിവ് ഇൻ റിലേഷനുകളിൽ നിന്നും അകന്നു നിൽക്കൂയെന്നും അല്ലെങ്കിൽ നിങ്ങളെ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കുമെന്നും ഗവർണർ പറഞ്ഞു.

വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47 മത് ബിരുദദാന ചടങ്ങിലാണ് പട്ടേലിന്റെ പരാമർശം.

കഴിഞ്ഞദിവസം ബല്ലിയയിൽ ജനനായക് ചന്ദ്രശേഖർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഗവർണർ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു.

ലിവ് ഇൻ ബന്ധത്തിന്റെ ഫലം കാണാൻ ഒരു അനാഥാലയം സന്ദർശിച്ചാൽ മതിയെന്നും 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടികൾ കൈക്കുഞ്ഞുമായി വരിയായി നിൽക്കുന്നതു കാണാമെന്നും അവർ പറഞ്ഞിരുന്നു.

സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ സ്ത്രീകൾക്കെതിരായി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും
സ്ത്രീകൾ വ്യക്തിപരമായ ജീവിതത്തിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കണമെന്നും കൂട്ടിച്ചേർത്തു.

‘എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിനും മുമ്പ് പെൺകുട്ടികൾ ശ്രദ്ധാപൂർവം ചിന്തിക്കണം. കൂടാതെ ലിവ് ഇൻ ബന്ധങ്ങളിൽ നിന്നും ചൂഷണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽ നിന്നും വിട്ട് നിൽക്കണം,’ അവർ പറഞ്ഞു.

‘എന്റെ കയ്യിൽ പെൺകുട്ടികൾക്ക് നൽകാൻ ഒരു സന്ദേശമേയുള്ളൂ. ലിവ് ഇൻ ബന്ധങ്ങൾ ഇപ്പോൾ വളരെ വ്യാപകമായി ഉണ്ടായിരിക്കാം. പക്ഷെ അത് ചെയ്യരുത്. നിങ്ങളുടെ ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. 50 കഷ്ണങ്ങളായി നിങ്ങളെ കണ്ടെത്തിയേക്കാം. കഴിഞ്ഞ പത്ത് ദിവസമായി അത്തരം കേസുകളുടെ റിപ്പോർട്ടുകൾ എനിക്ക് ലഭിക്കുന്നുണ്ട്. അത് കാണുമ്പോൾ എന്തുകൊണ്ടാണ് നമ്മുടെ പെൺകുട്ടികൾ ഇത്തരം തീരുമാനങ്ങളിലേക്ക് പോകുന്നതെന്ന് വേദനയോടെ ചിന്തിച്ചുപോകും,’ ഗവർണർ പറഞ്ഞു.

ഇരയായ ചില പെൺകുട്ടികളെ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവരിൽ ഓരോരുത്തർക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഓരോ കഥയുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു. ലിവ് ഇൻ ബന്ധങ്ങളിൽ ഇരയാകുന്നത് തടയാൻ സ്ത്രീകൾക്കിടയിൽ അവബോധം വളർത്തണമെന്നും അവർ പറഞ്ഞു.

Content Highlight: Uttar Pradesh Governor Anandiben Patel warns women about live-in relationships