ലഖ്‌നൗ: മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേരില്‍ നിര്‍മിക്കുന്ന ഏത് നിര്‍മിതിയും തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ബാബരി മസ്ജിദ് മാതൃകയില്‍ ബംഗാളിലെ മുര്‍ഷിദാബാദില്‍ പള്ളിക്ക് തറക്കല്ലിട്ട പശ്ചാത്തലത്തിലാണ് മൗര്യയുടെ പ്രതികരണം.
‘പള്ളി പണിയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നാല്‍ ബാബറിന്റെ പേരില്‍ പള്ളി പണിയാനാണ് ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ ഉറപ്പായും എതിര്‍ക്കും. എതിര്‍ക്കുക മാത്രമല്ല, അത് തകര്‍ക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും,’ മൗര്യ പറഞ്ഞു.
‘ഇത് രാമനെയും രാമഭക്തരെയും അപമാനിക്കുന്ന നടപടിയാണ്. പള്ളി പണിയണമെങ്കില്‍ പള്ളി പണിഞ്ഞാല്‍ മതി. അത് ബാബറിന്റെ പേരില്‍ വേണ്ട. 2026ല്‍ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഇത്തരക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല,’ മൗര്യ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബംഗാളിലെ മുര്‍ഷിദാബാദില്‍ ബാബരി മസ്ജിദ് മാതൃകയിലെ പള്ളിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ആയിരക്കണക്കിനാളുകള്‍ ചടങ്ങിന്റെ ഭാഗമായി.
മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് പള്ളി. ആളുകള്‍ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെയാണ് പരിപാടിക്കെത്തിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരുന്നു.
ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കനത്ത സുരക്ഷാ സംവിധാനത്തിലാണ് പള്ളിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. തുടര്‍ന്ന് ഖുര്‍ആന്‍ പാരായണവും സംഘടിപ്പിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് മതപുരോഹിതര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് ഹുമയൂണ്‍ കബീര്‍ എം.എല്‍.എ പറഞ്ഞത്.
ഈ ചടങ്ങ് തടസ്സപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായും ഹുമയൂണ്‍ കബീര്‍ പറഞ്ഞിരുന്നു. പരിപാടിക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും അദ്ദേഹം നന്ദിയറിയിച്ചു.
അതേസമയം, തൃണമൂല്‍ എം.എല്‍.എയ്‌ക്കെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി ഹുമയൂണ്‍ കബീറിനെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനായി ധ്രുവീകരണം നടത്തുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
പള്ളി നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതിയില്‍ ചില ഹരജികളും സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. കൂടാതെ ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Content Highlight: Uttar Pradesh Deputy Chief Minister Keshav Prasad Maurya has warned that any structure built in the name of Mughal Emperor Babur will be demolished.