ലഖ്‌നൗ: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍, ബി.ജെ.പി അധികാരത്തില്‍ വീണ്ടും എത്തിയില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയിലെ ജനങ്ങള്‍ക്ക് താന്‍ ജാഗ്രതാ നിര്‍ദേശമായിരുന്നു അതെന്നാണ് യോഗി കഴിഞ്ഞദിവസം പ്രതികരിച്ചത്. എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറയുന്നത്.
യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ബംഗാളില്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും താരതമ്യം ചെയ്യുന്ന രീതിയിലും യോഗി സംസാരിച്ചു.
”ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.
ഇത്രയും സമാധാനപരമായിട്ടായിരുന്നോ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത് എന്ന് ഞാന്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അരാജകത്വമായിരുന്നു അവിടെ. ഒരുപാടാളുകള്‍ കൊല്ലപ്പെട്ടു.
കേരളത്തിലെ സ്ഥിതിയും സമാനമായിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലുമാണ് അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത്. വേറെ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്,” യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഈ അഞ്ചുവര്‍ഷം എന്തെങ്കിലും ആഘോഷങ്ങള്‍ നടത്തുന്നതില്‍ തടസമുണ്ടായോ? ഹിന്ദുക്കള്‍ അവരുടെ ആഘോഷങ്ങള്‍ സമാധാനത്തോടെ നടത്തിയിട്ടുണ്ടെങ്കില്‍ മുസ്‌ലിങ്ങള്‍ക്കും അത് സാധ്യമായിട്ടുണ്ട്.
ഹിന്ദുക്കള്‍ സുരക്ഷിതരാണ്. അതുപോലെ മുസ്‌ലിങ്ങളും. ഞങ്ങള്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുന്നു. എല്ലാവര്‍ക്കും സമൃദ്ധിയും ബഹുമാനവും നല്‍കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ഇക്കാര്യം പറഞ്ഞത്.
വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ കശ്മീരോ ബംഗാളോ കേരളമോ ആയി ഉത്തര്‍പ്രദേശ് മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു.
യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്, എന്നായിരുന്നു പിണറായി വിജയന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി പറഞ്ഞത്.
‘യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും.
അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,” പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
കേരളം പോലെയാകാന്‍ യു.പിയിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ പറയൂ, എന്നായിരുന്നു വി.ഡി. സതീശന്‍ ട്വീറ്റ് ചെയ്തത്.
Content Highlight: Uttar Pradesh CM Yogi Adityanath defends his statement against Kerala as his alert to the people