ക്യാമറയില്‍ ഏറ്റവും സൗന്ദര്യം സൂപ്പര്‍ താരങ്ങള്‍ക്കൊന്നുമല്ല; 'ഈ നടന്മാര്‍ക്കാണ്'; വ്യത്യസ്ത മറുപടിയുമായി പ്രശസ്ത ഛായഗ്രാഹകന്‍ ഉത്പല്‍ വി. നായനാര്‍
Film News
ക്യാമറയില്‍ ഏറ്റവും സൗന്ദര്യം സൂപ്പര്‍ താരങ്ങള്‍ക്കൊന്നുമല്ല; 'ഈ നടന്മാര്‍ക്കാണ്'; വ്യത്യസ്ത മറുപടിയുമായി പ്രശസ്ത ഛായഗ്രാഹകന്‍ ഉത്പല്‍ വി. നായനാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st April 2023, 10:38 pm

മലയാളം തമിഴ് സിനിമകളില്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കുള്‍പ്പെടെ ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് ഉത്പല്‍ വി. നായനാര്‍. തന്റെ ക്യാമറയില്‍ ഏറ്റവും സൗന്ദര്യം തോന്നിയ മലയാളം ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെയെന്ന് പറയുകയാണ് ഉത്പല്‍. നടന്‍മാരുടെ പേരില്‍ നരേന്ദ്ര പ്രസാദിനേയും ക്യാപ്റ്റന്‍ രാജുവിനേയുമാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉത്പല്‍ പറഞ്ഞത്.

ക്യാമറയില്‍ കൂടി നോക്കിയപ്പോള്‍ പെര്‍ഫെക്ട് സൗന്ദര്യം തോന്നിയ നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ നരേന്ദ്ര പ്രസാദ് എന്നായിരുന്നു ഉത്പലിന്റെ മറുപടി. ‘നരേന്ദ്ര പ്രസാദ് വന്നാല്‍ സ്‌ക്രീന്‍ നിറയും. ഉദയപുരം സുല്‍ത്താന്‍ എന്ന പടം കണ്ടാല്‍ മതി. ഒരു ക്ലോസപ്പ് എടുക്കുമ്പോള്‍ ആ തല നിറയും. അതാണല്ലോ പൊതുവേ നോക്കുന്നത്. അദ്ദേഹം ഫ്രെയ്മില്‍ വന്നാല്‍ കാണാന്‍ ഒരു സൗന്ദര്യമുണ്ട്. ചില ഫിഗറുകള്‍ സൗന്ദര്യമാണ്. നേരെ കാണുമ്പോള്‍ ഒന്നും തോന്നില്ല.

പ്രണയ നിലാവ് എന്ന സിനിമയിലെ ക്യാപ്റ്റന്‍ രാജുവിനെ കാണണം. എന്താ സൗന്ദര്യം. മുസ്‌ലിം കഥാപാത്രമാണ് അതില്‍,’ ഉത്പല്‍ പറഞ്ഞു.

ക്യാമറാക്കണ്ണില്‍ ഏറ്റവും സൗന്ദര്യമുള്ള നടിമാരായി ഉത്പല്‍ പറഞ്ഞത് മോഹിനിയേയും ശോഭനയേയും കാവ്യ മാധവനേയുമാണ്. ‘നടിമാരില്‍ നോക്കിയാല്‍ മോഹിനിയുടെ സൗന്ദര്യം ഭയങ്കരമാണ്. പിന്നെ ശോഭനയും. ബാക്കിയുള്ളവര്‍ മോശമാണെന്നല്ല.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ കാവ്യ മാധവനെ കാണാന്‍ ഭംഗിയുണ്ട്. അത് അവര്‍ തന്നെ എന്നോട് പറയാറുണ്ട്. ഊമപ്പെണ്ണിലെ കാവ്യയെ കാണാന്‍ എന്തുരസമാണെന്ന് ഇപ്പോഴും ആളുകള്‍ പറയാറുണ്ട്. അല്ലെങ്കിലും കാവ്യയെ കാണാന്‍ രസമാണ്. പക്ഷേ ആ സിനിമയില്‍ കുറച്ച് കൂടി രസം തോന്നും,’ ഉത്പല്‍ പറഞ്ഞു.

Content Highlight: uthpal v nayanar about the beauty of malayalam actors in camera