സൈന്യത്തെ ഉപയോഗിച്ച് മറ്റ് അമേരിക്കന്‍ നഗരങ്ങള്‍ കീഴടക്കല്‍; ട്രംപിന്റെ അടുത്ത ലക്ഷ്യം ചിക്കാഗോ; റിപ്പോര്‍ട്ട്
World
സൈന്യത്തെ ഉപയോഗിച്ച് മറ്റ് അമേരിക്കന്‍ നഗരങ്ങള്‍ കീഴടക്കല്‍; ട്രംപിന്റെ അടുത്ത ലക്ഷ്യം ചിക്കാഗോ; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 9:51 am

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡി.സിയിലെ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഫെഡറല്‍ നടപടിക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത ലക്ഷ്യം ചിക്കാഗോയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പെന്റഗണ്‍ ചിക്കാഗോയില്‍ സൈനിക വിന്യാസത്തിനായി പദ്ധതിയിടുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ആയിരക്കണക്കിന് സൈനികരെ ഉപയോഗിച്ച് മറ്റ് അമേരിക്കന്‍ നഗരങ്ങള്‍ കൈവശപ്പെടുത്താനുള്ള പദ്ധതിയാണ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

കുറ്റകൃത്യങ്ങള്‍ തടയുക, രേഖകളില്ലാത്ത കുടിയേറ്റങ്ങള്‍ തടയുക ഉള്‍പ്പെടെയുള്ള ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് നഗരങ്ങള്‍ക്ക് എതിരെ ഭീഷണി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം.

കഴിഞ്ഞ ദിവസം ട്രംപ് തന്നെ നേരിട്ട് ഇതിനുള്ള സൂചനകള്‍ നല്‍കിയിരുന്നു. ‘നമ്മുടെ നഗരങ്ങളെ ഞങ്ങള്‍ വളരെ സുരക്ഷിതമാക്കാന്‍ പോകുകയാണ്. ചിക്കോഗോ ഒരു കുഴപ്പമാണ്. നിങ്ങള്‍ക്ക് ഒരു കഴിവുമില്ലാത്ത മേയറുണ്ട്. തീര്‍ത്തും കഴിവില്ലാത്തവനാണ്. ഞങ്ങളത് ശരിയാക്കും, അത് ബുദ്ധിമുട്ടുള്ള കാര്യമല്ല,’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പിന്നാലെ യു.എസ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ചിക്കാഗോ മേയര്‍ പ്രതികരിച്ചു. ട്രംപിന്റെ സമീപനം ഏകോപനമില്ലാത്തതും അനാവശ്യവുമാണെന്ന് പറഞ്ഞ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍ ഇത് ശരിയല്ലാത്ത പ്രവര്‍ത്തിയാണെന്നും ആരോപിച്ചു.

വാഷിങ്ടണ്‍ ഡി.സിയില്‍ ഉയര്‍ന്ന കുറ്റകൃത്യ നിരക്കാണെന്ന് ചൂണ്ടിക്കാട്ടി ഈ മാസമാദ്യമായിരുന്നു ട്രംപ് ഹോം റൂള്‍ ആക്ട് നടപ്പിലാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി വാഷിങ്ടണ്‍ ഡി.സി പൊലീസ് ഡിപ്പാര്‍ട്‌മെന്റിനെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. തലസ്ഥാനത്ത് സൈനിക വിന്യാസവും നടത്തി.

വാഷിങ്ടണ്‍ ഡി.സിയുടെ വിമോചന ദിനം എന്നായിരുന്നു ട്രംപ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. വാഷിങ്ടണ്‍ ഡി.സിക്കും ചിക്കാഗോക്കും പുറമെ ന്യൂയോര്‍ക്കും ഉടനെ തന്നെ ഏറ്റെടുക്കാനുള്ള പദ്ധതിയുണ്ടെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlight: Using military to conquer other American cities; Trump’s next target is Chicago; Report