വാക്കുകളിലെ സ്വാഭാവിക മനുഷ്യരും പിന്നെ സ്ത്രീകളും
Opinion
വാക്കുകളിലെ സ്വാഭാവിക മനുഷ്യരും പിന്നെ സ്ത്രീകളും
ജി. ഉഷാകുമാരി
Tuesday, 26th February 2019, 4:50 pm

 

ഭാഷ ഒരു പോര്‍നിലമാണ്. കുടിയൊഴിക്കലും കയ്യേറലും ഒന്നിച്ചു മുന്നേറുന്ന ഭൂമി. വിവേചനത്തിന്റെ അധികാരങ്ങളെ തീറ്റിപ്പോറ്റുന്ന ഇടങ്ങളില്‍ നിരന്തരം തീപാറുന്ന പോരാട്ടമായത് മാറുന്നു. എസ്.രാജേന്ദ്രന്‍, രേണുരാജ് സംഭവം തുടങ്ങി ഏറ്റവും പുതിയ ബല്‍റാം, മീര വിവാദം വരെയുള്ള സംഗതികള്‍ വെളിവാക്കുന്നത് ഭാഷയിലെ ആണധികാരവും അതിനോടുരച്ചു നില്‍ക്കുന്ന പെണ്‍പ്രതികരണങ്ങളുമാണ്. പുരുഷാധിപത്യത്തിന് ഭാഷയുമായുള്ള ബന്ധം അടിസ്ഥാനപരമാണ്. അധികാരത്തെ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും അതിന്റെ വ്യവഹാരങ്ങളെ വിനിമയം ചെയ്യാനും ഭാഷയെപ്പോലെ സഹായിക്കുന്ന മറ്റൊന്നില്ല. വിത്തും വേരും തമ്മിലുള്ള പാരസ്പര്യം തന്നെയാണ് അധികാരവും ഭാഷയും തമ്മിലുള്ളത്. ഭാഷ അതു നിലനില്‍ക്കുന്ന ഭാഷാസമൂഹത്തിലെ അധികാരബന്ധങ്ങളെ സൂക്ഷ്മമായി ഉള്‍വഹിക്കുന്നുണ്ട്. ഓരോ സമൂഹത്തിലെയും ഇതരവ്യവസ്ഥകളെ, അവയുടെ മേല്‍/ കീഴ്് ക്രമങ്ങളെ, അവയുടെ പരസ്പര സ്വാധീനത്തെ, അവ ആസകലം ഉല്പാദിപ്പിക്കുന്ന സാമൂഹികമായ അര്‍ത്ഥാവലികളെ ഭാഷ പ്രതിഫലിപ്പിക്കുന്നു. കുടുംബം, ഭരണകൂടം, രാഷ്ട്രീയം, സംസ്‌കാരം തുടങ്ങിയ മണ്ഡലങ്ങളിലെ ലിംഗാധികാരത്തെയും ജാതിയധികാരത്തെയും ഒക്കെ സാധൂകരിക്കുന്ന മട്ടിലാണ് നാം ഭാഷയെ സ്വാംശീകരിക്കുകയും നമ്മുടെ വ്യവഹാരങ്ങളില്‍ വിന്യസിക്കുകയും ചെയ്യുന്നത്.

മൂന്നാര്‍ സബ്കളക്ടര്‍ രേണുരാജ് IAS നു നേരെ മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ വെച്ച് എസ്.രാജേന്ദ്രന്‍ എം.എല്‍.എ. അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞ സംഭവം മാധ്യമങ്ങള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിടനിര്‍മാണം കളക്ടര്‍ ഇടപെട്ട് തടഞ്ഞടിനെത്തുടര്‍ന്നാണ് എം.എല്‍.എ.യുടെ ആണധികാരം പത്തിവിടര്‍ത്തിയത്.

പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവു ലംഘിച്ച് വനിതാ വ്യവസായകേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്റ്റാന്റില്‍ ആരംഭിച്ച 60 മുറികളുള്ള കെട്ടിട സമുച്ചയമാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി പൊളിക്കാന്‍ മുന്‍കയ്യെടുത്തത്. പൂര്‍ണമായും നീതിനിയമവ്യവസ്ഥയുടെ പിന്തുണയോടെ, ഔദ്യോഗികകൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്ത ഒരു കാര്യം തനിക്കെതിരെയുള്ള വെല്ലുവിളിയായി ഏറ്റെടുത്തു ബഹളം കൂട്ടുകയാണ് എം.എല്‍.എ. ചെയ്തത്.

കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും IAS കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എ.യുടെ പരാമര്‍ശം. കളക്ടറുടെ സ്ത്രീപദവി, പ്രായക്കുറവ്, കക്ഷിനിരപേക്ഷത തുടങ്ങി പലകാര്യങ്ങളെയും മുന്‍നിര്‍ത്തി അവര്‍ക്കുമേല്‍ തന്റെ ആണധികാരപ്രമത്തതയും പ്രായക്കൂടുതലും ഭരണകക്ഷിചാര്‍ച്ചകളും കൊണ്ടുണ്ടാക്കിയെടുത്ത അധികാരഗര്‍വ്വ്് പ്രക്ഷേപിക്കുകയാണിവിടെ. തുടക്കത്തില്‍ തനിക്കെതിരെ വന്ന ആരോപണം നിഷേധിച്ച എം.എല്‍.എ വീഡിയോ റെക്കോഡ് പ്രചരിക്കാന്‍ തുടങ്ങിയതോടെ പിന്നീടു ഖേദം പ്രകടിപ്പിച്ചു. സി.പി.ഐ.എം. ജില്ലാ ഘടകം പരസ്യമായ ശാസന നല്‍കിയതോടെ അടങ്ങുകയല്ലാതെ വഴികളുണ്ടായിരുന്നില്ല. ഇതിനകം കളക്ടര്‍ തനിക്കെതിരെയുള്ള പരാമര്‍ശങ്ങളെ നിയമപരമായി റിപ്പോര്‍ട്ടു ചെയത് മുന്നോട്ടു പോവുകയും ചെയ്തു.

തീര്‍ന്നില്ല; ധനമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എം.ഗോപകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രേണുരാജിനെ മറ്റൊരു രീതിയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. കര്‍ക്കശമായി നിയമം നടപ്പാക്കല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ കാരണം ഇടുക്കി പ്രദേശത്തിലെ ജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നുവെന്നാണയാള്‍ പറഞ്ഞത്. ആരോടും അക്കൗണ്ടബലിറ്റിയില്ലാത്ത ഉദ്യോഗസ്ഥരാണ് അഖിലേന്ത്യാ സര്‍വീസിലുള്ളതെന്നും അവരുടെ കൊച്ചുമകളാണ് രേണുരാജെന്നും അയാള്‍ പരിഹസിച്ചു.

രണ്ടു പ്രതികരണങ്ങളിലും മുഴച്ചുനില്‍ക്കുന്ന സ്ത്രീയോടുള്ള നിസ്സാരതാഭാവം, നീതിനിര്‍വഹണത്തെ കാര്യക്ഷമമാക്കുന്നതിലുള്ള പരിഹാസം, അതിലെല്ലാമുപരിയായി ഔദ്യോഗികമായി ഉയര്‍ന്ന സ്ഥാനത്തെത്തുന്ന സ്ത്രീയെ അവള്‍, പെണ്ണ് എന്നിങ്ങനെയുള്ള വാക്കുകളിലൂടെ ചവിട്ടിത്താഴ്ത്തുന്ന ആണധികാര അഹന്ത ഒക്കെ പകല്‍ പോലെ വ്യക്തമാണ്. കേരളത്തെ സംബന്ധിച്ചെടത്തോളം ഇത് തികച്ചും ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരമായി തുടരുന്ന ആണധികാരഹിംസയെ സ്വാഭാവികവല്‍ക്കരിച്ചും അതേ സമയം സ്ത്രീപക്ഷാശയങ്ങള്‍ പുറമേക്കു വീശിയെറിഞ്ഞ് പുരോഗമനനാട്യം കൈവരിക്കല്‍ എല്ലാടത്തും പതിവാണ്.

ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗമെന്നു പറഞ്ഞ നായനാര്‍ മുതല്‍ പി.സി.ജോര്‍ജ് എം.എല്‍.എയും വി.ടി. ബല്‍റാമും വരെയുള്ള ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആണ്‍കോയ്മാഭാഷകൊണ്ടുള്ള ഹിംസ നടത്തിപ്പോരുന്നു. സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ജനപ്രിയവേഷം എടുത്തണിയുന്ന ഇടതു ഭരണാധികാരികളുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നത് ഒട്ടുംതന്നെ പുതിയകാഴ്ച്ചയല്ല. ഭാഷയുടെയും ഭരണകൂട അധികാരത്തിന്റെയും അതിനെ ചൂഴ്ന്നു നില്‍ക്കുന്ന സാംസ്‌കാരികാധികാരത്തിന്റെയും ഹുങ്ക് ആണധികാരഹിംസയുമായിച്ചേര്‍ന്ന് മലിനമാക്കുന്ന സാംസ്‌കാരികാവസ്ഥയെ, ഭാഷയും ലിംഗാധികാരവും തമ്മിലുള്ള ബന്ധത്തിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്.

പുരുഷന്‍ എന്ന മാനകപദവി

“മാന്‍ മേഡ് ലാംഗ്വേജ്” എന്ന കൃതിയുടെ ആമുഖത്തില്‍ ഡെയില്‍ സ്‌പെന്‍ഡര്‍ പറയുന്നത് ആണ്‍കോയ്മയെക്കുറിച്ചുള്ള അവബോധം, അതൊരു മിത്താണെന്ന തിരിച്ചറിവ് ഒക്കെ സ്ത്രീകളില്‍ സദാ നിലനില്‍ക്കുന്നുണ്ടെന്നാണ്. അവര്‍ തങ്ങളുടെ പ്രതികരണങ്ങളെ പലപ്പോഴും മൂടിവെയ്ക്കുകയോ കരുതലോടെ സംഭരിച്ചുവെച്ച് തക്കസമയത്തു പുറച്ചുവിടുകയോയാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. അതേസമയം ആണ്‍കോയ്മയെ ആണധികാരവുമായി വേര്‍തിരിച്ചു കാണാനാണ് സ്‌പെന്‍ഡര്‍ പറയുന്നത്. എന്നാല്‍ അവ പരസ്പരം കണ്ണിചേര്‍ന്നു കിടന്നുകൊണ്ട് നമ്മുടെ ജീവിതത്തിലെ പല ആശയാവലികളേയും നിര്‍ണയിക്കുന്നു, സാംസ്‌കാരികമായി നിര്‍വചിക്കുന്നു.

ആണധികാരത്തിന്റെ ഈ പൊതുസമ്മതിയെ നിലനിര്‍ത്തുന്നതില്‍ ഭാഷ ഒരു സുപ്രധാനഘടകമായി നിലനില്‍ക്കുന്നുണ്ട്. നാം നമ്മുടെ ലോകത്തെ വര്‍ഗീകരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നത് ഭാഷയിലൂടെയാണ്. ജീവിതത്തെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളെ രൂപീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതിന്റെ ഉപാധി ഭാഷയാണ്. ഭാഷയുടെ ഘടനയിലൂടെയാണ്, ഉപയോഗത്തിലൂടെയാണ് നാം നമ്മുടെ തന്നെ ലോകത്തെ സാക്ഷാല്‍ക്കരിച്ചെടുക്കുന്നത്. അത് സ്വതേ കൃത്യതയില്ലാത്തതാണെങ്കില്‍ നാം തെറ്റായി നയിക്കപ്പെടും എന്നര്‍ത്ഥം. ഭാഷാവ്യവസ്ഥയെ, പ്രതീകക്രമങ്ങളെ നിജപ്പെടുത്തുന്ന നിയമങ്ങള്‍ സാധുവല്ലെങ്കില്‍ നാം നിത്യേനയെന്നവണ്ണം വഞ്ചിക്കപ്പെടുന്നു എന്നാണര്‍ത്ഥം.

ഉദാഹരണത്തിന് പുരുഷനെ മനുഷ്യന്‍ എന്നതിന്റെ മാനകമായ പദവിയില്‍ പ്രതിഷ്ഠിക്കുന്നതിനെക്കുറിച്ചാലോചിക്കാം. തുടക്കത്തില്‍ അതത്ര കുഴപ്പമുളളതോ ഉപദ്രവമുള്ളതോ ആയ കാര്യമായി തോന്നുകയില്ല. എന്നാല്‍ കൂടുതല്‍ സൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ അതു സര്‍വവ്യാപ്തിയും സംഹാരകത്വവുമുള്ള ഒരു കോഡായി അതു ഭാഷാനിയമങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നു നമുക്കു ബോധ്യമാവുന്നു. ആ കോഡിനു പുറത്തു നില്‍ക്കുന്നവ വ്യതിയാനങ്ങളായി ക്രമീകരിക്കപ്പെടുന്നു. അപ്രകാരം നമ്മുടെ നമ്മുടെ വര്‍ഗീകരണപദ്ധതി തന്നെ മാനവികതയെ “ആണെ”ന്നും അതില്‍ “കുറവുള്ളവരെ”ന്നും രണ്ടായി വിഭജിക്കുന്നു. സ്വാഭാവികമായും ഇവിടെ സ്ത്രീ എന്നതില്‍ സ്വരൂപിക്കപ്പെടുന്ന അര്‍ത്ഥകല്പന തന്നെ പുരുഷന്‍ എന്ന പദവിയുമായി ബന്ധിപ്പിച്ചുകൊണ്ടാണ്. അതോടെ പുരുഷനില്‍ നിന്നുള്ള കുറവുകള്‍ എന്ന നിലയ്ക്ക് സ്ത്രീ നിര്‍വചിക്കപ്പെടുന്നു. പുരുഷനെ മാനകപദവിയില്‍ പ്രതിഷ്ഠിക്കുന്നതോടെ ഇത്തരം നിരവധി ധാരകള്‍ പ്രബലമാകുന്നു.

എന്നാല്‍ സമൂഹത്തിന്റെ ലിംഗാധിപത്യപ്രവണതയെ തിരിച്ചറിയുന്നവര്‍ അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പടപൊരുതുന്നു. പലപ്പോഴും രേണുരാജിനെപ്പോലെ മിതവും ശക്തവുമായ തിരിച്ചടിയിലൂടെ തിരുത്തലാവാന്‍ അവര്‍ക്കു കഴിയുന്നു. മീരയെപ്പോലെ മുറിപ്പത്തല്‍ കൊണ്ട് തക്കതായി മുറിവേല്പിക്കാനും കഴിയുന്നു. സാറാജോസഫ് പറയുമ്പോലെ ചൂടുള്ള ചുവന്ന നാവുകള്‍ കൊണ്ടവര്‍ ഭാഷയെ മറിച്ചിടുന്നു. കന്യകയുടെ പുല്ലിംഗമെവിടെ എന്ന ചോദ്യത്തിന്റെ തുടര്‍ച്ചയിലാണവര്‍ യാത്ര ചെയ്യുന്നത്.

എങ്കിലും പലപ്പോഴും സ്ത്രീക്ക് സ്വന്തം നാവു വീണ്ടെടുക്കാന്‍ പണിപ്പെടേണ്ടിവരുന്നു.

എവിടെപ്പോകുമ്പോഴും ഞാന്‍ എന്റെ പ്രവാസത്തെ കൂടെകൊണ്ടു പോകുന്നു എന്നു ഫലസ്തീനിയന്‍ കവി ദര്‍വെഷ് എഴുതിയിട്ടുണ്ട്. ചരിത്രപരമായി സ്ത്രീയുടെ അവസ്ഥയും അതു തന്നെയല്ലേ? എവിടേയായിരിക്കുമ്പോഴും അവള്‍ തന്റെ അടിസ്ഥാന പ്രതിസന്ധകളെയും ചുമന്നുകൊണ്ടു നടക്കുന്നു. കീഴായ്മയുടെയും കലഹത്തിന്റെയും പ്രതിസന്ധികള്‍, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. നാടുകടത്തലും ചെറുത്തുനില്പും അവള്‍ ഓരോ നിമിഷവും അനുഭവിക്കുന്നു. സ്വന്തം ഇടത്തിലായിരിക്കുമ്പോഴും അനുഭവിക്കുന്ന അന്യവത്കരണം തന്നെയല്ലേ സ്ത്രീയുടെ ഭാഷയെ സവിശേഷമാക്കുന്നത്? അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ഒന്നായി സ്ത്രീഭാഷ മാറുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ വ്യവഹരിക്കുന്ന രചനാരൂപങ്ങളില്‍ ഈ സന്ദിഗ്ധത നമുക്കു വായിച്ചെടുക്കാം. എന്നാല്‍ ഭാഷയുമായി തന്മയീഭവിക്കാനും ഭാഷയിലേക്കു അനുനയിക്കാനും സ്ത്രീയെപ്പോലെ മറ്റാര്‍ക്കു കഴിയും!

മാതൃഭാഷയെന്ന പരികല്‍പ്പനയില്‍ത്തന്നെ ഈ താദാത്മ്യം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഭാഷയ്ക്കകത്തേക്കു കൈപിടിച്ചു നയിക്കല്‍, ഇണക്കിയെടുക്കല്‍ ഇവിടെ നടക്കുന്നു. പരമ്പരാഗതമായിത്തന്നെ ഭാഷയെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

സ്ത്രീയുടെ ഭാഷയില്‍ ആധികാരികതയുള്ള ഒരു ഭാഷകകേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെന്നു ചില സൈദ്ധാന്തികര്‍ പറയാറുണ്ട്. പൂര്‍ണമായും രൂപപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത ഒരു കര്‍തൃത്വമാകാനാണ് സ്ത്രീയുടെ അനുഭവങ്ങള്‍ അവളെ നിര്‍ബന്ധിക്കുന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തിലുള്ള ധര്‍മം തന്നെ നിഷേധാത്മകമാണെന്ന് ക്രിസ്റ്റേവയെപ്പോലുള്ളവര്‍ പറയുന്നു. വര്‍ത്തമാന സമൂഹത്തില്‍ അന്തിമവും പൂര്‍ണവുമായ എല്ലാറ്റിനെയും നിഷേധിക്കുകയാണവളുടെ ധര്‍മ്മം. അങ്ങനയവള്‍ തികച്ചും സ്വാഭാവികമായി വ്യവസ്ഥയുടെ നിയമങ്ങളെ തകര്‍ക്കുന്നു. “മാഡ് വുമണ്‍ ഇന്‍ ദി ആറ്റിക്” എന്ന ഗ്രന്ഥമെഴുതിയ സൂസന്‍ ഗുബാറും സാന്ദ്രാഗില്‍ബെര്‍ട്ടും ഇതുതന്നെയാണുദ്ദേശിക്കുന്നത്. സ്ത്രീവിരുദ്ധമായ ഈ സമൂഹത്തില്‍ കഴിയേണ്ടിവരുന്ന ഒരുവള്‍ക്ക് ഭ്രാന്തുണ്ടായേ കഴിയൂ!

രൂപമില്ലാത്തതും എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതുമായ സ്ത്രൈണ ലൈംഗികതയ്ക്കു സമാനമാണ് സ്ത്രൈണഭാഷയെന്ന് ലൂസി ഇറിഗറെ പറയുന്നു. ഒന്നിനെയും ചിറകെട്ടി നിര്‍ത്തലല്ല, തുറന്നു വിടലാണത് എന്നവര്‍ പറയുന്നു. ആ തുറന്നുവിടല്‍ പല ഭിത്തികളെയും ഭേദിച്ച് സംരക്ഷിക്കപ്പെട്ട ഇടങ്ങളെ തകര്‍ത്ത് പരന്നൊഴുകലിനു കാരണമായേക്കും. മാമൂലുകള്‍ മൂല്യങ്ങളില്‍ എന്നതുപോലെതന്നെ ഭാഷയുടെ അടിസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് അനിവാര്യവുമാണ്. ഭാഷയിലെ വരേണ്യവും സുരക്ഷിതവുമായ മേഖലകളെ പലപ്പോഴായി സ്ത്രീകള്‍ തങ്ങളുടെ എഴുത്തുകൊണ്ട് തകര്‍ത്തെറിഞ്ഞിട്ടുണ്ടല്ലോ. അലീഷ്യ ഓസ്ട്രിക്കര്‍ എന്ന സൈദ്ധാന്തിക വിശേഷിപ്പിക്കുന്ന മൊഴിക്കൊള്ള എന്ന ആശയവുമായി ഇതിനെ ചേര്‍ത്തുവായിക്കുന്നുണ്ട് സച്ചിദാനന്ദന്‍.

കമന്റടികള്‍

ഈ മൊഴിക്കൊള്ള സ്ത്രീകള്‍ക്കു നേരെ പുരുഷന്മാര്‍ പ്രയോഗിക്കുന്ന ലൈംഗികച്ചുവയുള്ള കമന്റടികളില്‍ കാണാം. പലവാക്കുകളുടെയും യഥാര്‍ഥ അര്‍ഥം വേറൊന്നായിരിക്കുകയും സവിശേഷ സന്ദര്‍ഭത്തില്‍ ലൈംഗിക പ്രക്രിയയുടെ അര്‍ഥം ഉണ്ടാവുകയും ചെയ്യുന്നു. ചവിട്ടുക, പണിയുക, ഓടിക്കുക എന്നിങ്ങനെ സ്ത്രീകളെക്കുറിച്ചു പറയുന്ന പല വാക്കുകളിലും ഇതുണ്ട്. “മാവേലിമന്റ”ത്തില്‍ ജന്മി അടിയാന്മാരോട് “ചവിട്ടുന്ന ഒച്ച ഇവിടെ കേള്‍ക്കണം” എന്നു കല്‍പ്പിക്കുന്നുണ്ട്.

മോഹന്‍ലാല്‍ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തെ ഡ്രൈവിങ് സ്‌കൂള്‍ എന്ന് വിശേഷിപ്പിക്കുന്നതോര്‍ക്കുക. സ്ത്രീകളുടെ കീഴായ്മയെയും കര്‍തൃത്വത്തെയും സ്ഥിരീകരിക്കുന്നതിനാല്‍ ഈ മൊഴിക്കൊള്ളയെ നാം ഗുണപരമായി കാണുന്നില്ല. സ്ത്രീകള്‍ക്ക് ഇത്തരം മൊഴിക്കൊള്ളയില്‍ പങ്കില്ലാത്തതുകൊണ്ട് അവര്‍ക്കത് അന്യമായതിനാല്‍ പുരുഷന്‍ ആഹ്ലാദിക്കുന്നു. (കമന്റടികള്‍ പലപ്പോഴും അവ്യക്തമായാണു സ്ത്രീകള്‍ കേള്‍ക്കാറ്) പുരുഷനു മാത്രമാണവിടെ കര്‍തൃത്വം. വെടി, വണ്ടി, തുള, ചരക്ക് എന്നിങ്ങനെ ഏതൊരു വാക്കിനെയും ലൈംഗികപ്രക്രിയയുമായി ബന്ധപ്പെടുത്തി ഭാഷയെ penterating ആക്കി മാറ്റുകയാണീ മൊഴിക്കൊള്ള. സ്ത്രീയുടെ ഏതൊരു അവയവത്തെയും ലൈംഗികമായി കാണുന്നതിനു സമാനമാണിത്. സ്വന്തമായി അഭിപ്രായം പറയുന്ന സ്ത്രീകള്‍ക്കു നേരെ വ്യാപകമായുണ്ടാവുന്ന സൈബര്‍ ആക്രമണങ്ങളിലും ഇതേ പ്രത്യയശാസ്ത്രമാണുള്ളത്.

അസ്ഥിരീകരിക്കുക

എന്നാല്‍ സ്ത്രീകള്‍ സ്വയം നടത്തിക്കൊണ്ടു മുന്നേറുന്ന മൊഴിക്കൊള്ളയുടെ സന്ദര്‍ഭങ്ങള്‍ വിധ്വംസകമാണ്. ഉദാ: കൊടുങ്ങല്ലൂര്‍ ഭരണിയില്‍ സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് അവര്‍ തന്നെ ഉറക്കെ പാടുന്നു. സ്ലട്ട് വാക്കിലും സംഭവിച്ചത് ഇതാണ്. ലിംഗപദവിയിലെ കീഴായ്മയെ തുടര്‍ച്ചയായി അനുനിമിഷം അസ്ഥിരീകരിക്കുകയെന്ന രാഷ്ട്രീയപ്രക്രിയയാണിത്. ഏതെങ്കിലും ഒരു പദവിയില്‍ തളഞ്ഞുകിടക്കുന്നതിനുപകരം വ്യത്യസ്തയിടങ്ങളില്‍ നുഴഞ്ഞുകയറിയും പടര്‍ന്നു പന്തലിച്ചും നിലയുറപ്പിക്കുകയും സ്വയം അട്ടിമറിക്കുകയും ചെയ്യാന്‍ ഈ സന്ദര്‍ഭങ്ങള്‍ക്കു കഴിയുന്നു. മണിപ്പൂരിലെ ആസാം റൈഫിള്‍സിനു മുന്നില്‍ പോരാളികളായ സ്ത്രീകളും മഹാശ്വേതാദേവിയുടെ “ദ്രൗപതി”യും നഗ്‌നതകൊണ്ട് ചെയ്തത് അതാണ്. തുണിയഴിച്ച് അപമാനിക്കാനും വേദനിപ്പിക്കാനും മാത്രമേ പുരുഷാധിപത്യത്തിനു കഴിയൂ. തുണിയുടുപ്പിക്കാന്‍ കഴിയില്ല!

ദില്ലിയിലെ ബലാത്സംഗത്തിനു ശേഷം മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ട ഒരു വാക്ക് “മാനഭംഗം” എന്നതായിരുന്നു. ബലാത്സംഗം എന്ന വാക്ക് എപ്പോഴോ അട്ടിമറിക്കപ്പെട്ടിരുന്നു. ഇതു തികച്ചും യാദൃച്ഛികമല്ല. ഏകപക്ഷീയമായ, സ്ത്രീയുടെ മാത്രം സദാചാരസൂചനയുള്ള ഈ വാക്ക് നാം തള്ളിക്കളയേണ്ടിയിരിക്കുന്നു. ലൈംഗിക അതിക്രമങ്ങള്‍ എന്ന വാക്കാണ് പല സ്ത്രീപക്ഷ ചിന്തകരും ഉപയോഗിക്കുന്നത്. പീഡനം എന്ന വാക്ക് മിമിക്രിക്കാരും കോമഡി പ്രവര്‍ത്തകരും തമാശയാക്കി ആസ്വദിക്കുന്നതും നാം കാണുന്നു. ബലാത്സംഗം എന്ന വാക്കിലടങ്ങിയ സമ്മതമില്ലാതെയുള്ള കടന്നുകയറലും ആക്രമണവും വേദനയും മാനഭംഗം, പീഡനം തുടങ്ങിയ വാക്കുകളിലില്ല. ജസ്റ്റിസ് വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശാരീരികമായ വേദനയെക്കുറിച്ച് സൂക്ഷ്മാര്‍ഥത്തിലുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നതിനാലാണത് സ്ത്രീപക്ഷമാകുന്നത്. ഇരുമ്പുദണ്ഡ് ശരീരത്തില്‍ കയറിയിറങ്ങുന്നതിന്റെ വേദനയെ പുരുഷലിംഗം സൃഷ്ടിക്കുന്ന വേദനയുമായത് താരതമ്യം ചെയ്യുന്നു.
ബലാല്‍സംഗത്തിനു വിധേയയായ സ്ത്രീയെ ഇരയെന്നു വിളിക്കുന്നതിനു പകരം ഇംഗ്ലീഷില്‍ survivor എന്നു വിശേഷിപ്പിക്കുന്നു. നമുക്കതിനു തത്തുല്യമായ പദം ഉപയോഗത്തിലില്ല. പോരാളി എന്ന വാക്കില്‍ നാം സ്ത്രീയെ കാണുമോ? ദില്ലിയിലെ പെണ്‍കുട്ടിയെ ദാമിനി, ജ്യോതി എന്നൊക്കെ വിളിച്ചുവെങ്കിലും സ്വന്തം പേരു തന്നെ മറച്ചുവെക്കേണ്ടിവരുന്ന അവസ്ഥയ്ക്കപ്പുറം, നിര്‍ബന്ധമായ ആ നിശ്ശബ്ദതയ്ക്കപ്പുറം എന്തു മനുഷ്യാവകാശലംഘനമാണുള്ളത്?

വാക്കിന്റെ ലിംഗജനാധിപത്യം

ഭാഷയുടെ നീതിവ്യവഹാരം സമൂഹത്തിന്റേതില്‍ നിന്നു ഭിന്നമല്ല. സമൂഹത്തിന്റെ നന്മതിന്മകളും ചലനാത്മകതയും തന്നെയാണ് ഭാഷയെയും അങ്ങനെയാക്കിത്തീര്‍ക്കുന്നത്. വ്യാജമായ, കൃത്രിമമായ ലിംഗനിരപേക്ഷതകള്‍ അതില്‍ ഫലിക്കാത്തത് അതുകൊണ്ടുതന്നെയാണ്. ഉദാ: മനുഷ്യനും അവന്റെ വംശവും എന്നുതന്നെ നാം പ്രയോഗിക്കുന്നു; അതു ലിംഗനിരപേക്ഷമാണെന്നു സ്ഥാപിച്ചു വെക്കുകയും ചെയ്യുന്നു! ലിംഗസവിശേഷതയെക്കുറിക്കുന്ന തൊഴില്‍പദങ്ങളിലാകട്ടെ” അത്തരം സൂചകപദങ്ങള്‍ തൊഴില്‍ശേഷിയുടെ ന്യൂനീകരണമായി ഭവിക്കുകയും ചെയ്യുന്നു. ഉദാ: ലേഡി ഡോക്ടര്‍, കവയിത്രി മുതലായ പദങ്ങള്‍. (മലയാളത്തില്‍ ഈ പദം ഉപയോഗിക്കുന്നതിനെച്ചൊല്ലി വ്യത്യസത അഭിപ്രായങ്ങള്‍ ഉണ്ട്, കവയ്ക്കുക എന്ന വാക്കിലേക്കുള്ള സമീപസ്ഥത, അതിലാരോപിതമായ ലൈഗിക/അശ്ലീലച്ചുവ, അതിലെ കീഴായ്മ എന്നിവ പരോക്ഷമായി ചില സ്ത്രീവിരുദ്ധസന്ദര്‍ഭങ്ങളില്‍ ആസ്വദിക്കപ്പെടുതിനാല്‍ കവയത്രി എന്ന വാക്കിന്റെ സാര്‍വത്രികമായ സ്വീകാര്യത സന്ദിഗ്ധമാണ്്. കാരണം എഴുത്ത് സ്ത്രീ അനുഭവത്തിന്റെ സവിശേഷസൂചകമായിരിക്കെ, എഴുതുന്നയാളുടെ സ്ത്രീലിംഗസൂചന അതിനെ പൊലിപ്പിക്കുകയും അതിന്റെ ആധികാരികതയെ ഉറപ്പിക്കുകയും ചെയ്യും. ഭാഷ ചരിത്ര സാഹചര്യങ്ങള്‍ക്കകത്താണ് വളരുകയും വിനിമയം ചെയ്യുകയും നിലനില്‍ക്കുകയും ചെയ്യുന്നത്. അയ്യപ്പപണിക്കര്‍ കവി എന്നു മാത്രം മതി എന്നു പലപ്പോഴും നിഷ്‌കര്‍ഷിച്ചിരുന്നു.)

ഇംഗ്ലീഷില്‍ത്തന്നെ “ബാച്ചിലര്‍”, “സ്പിന്‍സ്റ്റര്‍” എന്നീ വാക്കുകള്‍ തുല്യാവസ്ഥകളക്കുറിക്കുന്നുവെങ്കിലും സ്പിന്‍സ്റ്റര്‍ ഒന്നുകൂടി അനഭിമതമായി കരുതപ്പെടുന്നു. രതിപൂര്‍വലീല, ലൈംഗികക്രിയ തുടങ്ങിയ വാക്കുകളും പുരുഷന്റെ കര്‍തൃത്വത്തിന്റെ മാത്രം സൂചനകളെയാണ് പ്രക്ഷേപണം ചെയ്യുന്നത്. “ഒരുമ്പെടുക” എന്ന വാക്ക് സാമാന്യമായി ഉണ്ടാക്കന്ന അര്‍ഥമല്ല “ഒരുമ്പെട്ടവള്‍” എന്ന വാക്കുണ്ടാക്കുത്. ഒതുങ്ങിനില്‍ക്കാത്ത, നേരേനോക്കി കാര്യം പറയുന്ന ഏതൊരു സ്ത്രീയെയും വിശേഷിപ്പിക്കാന്‍ ഈ വാക്കുമതി. “പെങ്ങളേ” എന്നു നീട്ടിയുള്ള വിളി അശ്ലീലമാകുന്നതിന്റെ ധ്വനിയെക്കുറിച്ച് സില്‍വിക്കുട്ടിയുടെ “ഭൂപടം നിവരുമ്പോള്‍” പറയുന്നു. നിറയെ പൂക്കള്‍ ചിതറിയ ചുരിദാറില്‍ സുഹൃത്ത് നടന്നുപോകുമ്പോള്‍ കേട്ട “കമന്റ് “നല്ല പൂക്കള്‍” എന്നാണ്. എന്നാല്‍ ആ അപരിചിതന്‍ അമര്‍ത്തിയ ശബ്ദത്തില്‍ അതും പറഞ്ഞ് ബൈക്ക് അതിവേഗം ഓടിച്ച് നിഷ്‌ക്രമിക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ ഏതു വാക്കിനെയും ലൈംഗികമാക്കാന്‍ മലയാളിക്ക് മടിയില്ല. വാക്കുകള്‍ കയ്യാളുകയും വിനിമയം ചെയ്യുതിന്റെയും പുതുക്കുന്നതിന്റെയും ഉത്തരവാദിത്തം ജനകീയവും ജനാധിപത്യപരവുമാകേണ്ടതുണ്ട്. അടിയന്തരമായി സ്ത്രീപുരുഷ ബന്ധങ്ങളിലുള്ള ജനാധിപത്യത്തിലൂടെയേ ഇതു സാധ്യമാകൂ. അധികാരത്തിന്റെ ബലതന്ത്രങ്ങളെ അതിസൂക്ഷ്മമായി വിചാരണനടത്തുന്ന, എരിവും ചൂടുമുള്ള വാക്കുകള്‍ക്കായി നാം കാത്തിരിക്കണം.

അവലംബം

1. https://www.marxists.org/reference/subject/philosophy/works/ot/spender.htm
2.മുടിത്തെയ്യങ്ങള്‍, സച്ചിദാനന്ദന്‍
3.അടച്ചിട്ട അലമുറകള്‍, ജി. ഉഷാകുമാരി
4.മനുഷ്യന്‍ തീ കണ്ടു പിടിച്ചപ്പോള്‍ സ്ത്രീ എന്തു ചെയ്യുകയായിരുന്നു? ഡോ. എസ്. പ്രേമ

ജി. ഉഷാകുമാരി
അധ്യാപിക, എഴുത്തുകാരി, നിരൂപക