ഉറുദു, പേർഷ്യൻ വാക്കുകൾക്ക് പകരം ഹിന്ദി വാക്കുകൾ ഉപയോഗിക്കുക; രാജസ്ഥാൻ പൊലീസിന് നിർദേശവുമായി കേന്ദ്ര സഹമന്ത്രി
national news
ഉറുദു, പേർഷ്യൻ വാക്കുകൾക്ക് പകരം ഹിന്ദി വാക്കുകൾ ഉപയോഗിക്കുക; രാജസ്ഥാൻ പൊലീസിന് നിർദേശവുമായി കേന്ദ്ര സഹമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th June 2025, 12:04 pm

ജയ്പൂർ: ഔദ്യോഗിക രേഖകളിൽ ഉറുദു, പേർഷ്യൻ പദങ്ങൾ ഒഴിവാക്കി ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കണമെന്ന് രാജസ്ഥാൻ പൊലീസ് വകുപ്പിന് നിർദേശം നൽകി കേന്ദ്ര സഹമന്ത്രി ജവഹർ സിങ് ബേധാം.

പൊലീസ് ഡയറക്ടർ ജനറലിന് അയച്ച കത്തിൽ, ഔദ്യോഗിക പൊലീസ് രേഖകൾ, റിപ്പോർട്ടുകൾ, നോട്ടീസ് ബോർഡുകൾ, ആശയവിനിമയം എന്നിവയിൽ നിലവിൽ ഉപയോഗിക്കുന്ന ഉറുദു, പേർഷ്യൻ പദങ്ങൾ പുനപരിശോധിച്ച് മാറ്റി ഹിന്ദി പദാവലി ഉപയോഗിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ജവഹർ സിങ് ബേധാം ഉത്തരവിട്ടു.

മുഗൾ കാലഘട്ടം മുതൽ പൊലീസ് ഔഗ്യോഗിക രേഖകളിൽ ഉറുദു, പേർഷ്യൻ പദങ്ങളുടെ ചരിത്രപരമായ ഉപയോഗം ഉണ്ടായിരുന്നെന്നും എന്നാൽ നിലവിലെ തലമുറയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഈ ഭാഷകളിൽ പരിചയമില്ലെന്നും അദ്ദേഹം കത്തിൽ വാദിക്കുന്നു.

ഈ ഭാഷാ വിടവ് പലപ്പോഴും തെറ്റായ വ്യാഖ്യാനത്തിനും നീതി നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതിനും കാരണമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘പൊലീസ് ഉദ്യോഗസ്ഥർ, പരാതിക്കാർ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ ഉറുദു/പേർഷ്യൻ ഭാഷകളിലെ പരിജ്ഞാനക്കുറവ് കാരണം, ഈ വാക്കുകൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു അല്ലെങ്കിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഇത് നീതി വൈകുന്നതിന് കാരണമാകുന്നു,’ ജവഹർ സിങ് പറഞ്ഞു.

ഇന്ത്യയിൽ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നുണ്ടെന്നും രാജസ്ഥാൻ പ്രധാനമായും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനമായതിനാൽ, ഹിന്ദിക്ക് മുൻഗണന നൽകുന്നതിന് വേണ്ടി നിയമപരമായ രേഖകൾ, സർക്കാർ ഉത്തരവുകൾ, പൊലീസ് രേഖകൾ എന്നിവയിൽ ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം.

‘ഉറുദു,പേർഷ്യൻ പദങ്ങൾക്ക് പകരം തത്തുല്യമായ ഹിന്ദി പദങ്ങൾ ഉപയോഗിക്കുന്നത് പൗരന്മാർക്ക് സർക്കാർ അറിയിപ്പുകൾ, നിർദേശങ്ങൾ, പദ്ധതികൾ എന്നിവ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കും. ഇത് പൊലീസ് ഭരണകൂടവും പൊതുജനങ്ങളും തമ്മിൽ മികച്ച ആശയവിനിമയം സ്ഥാപിക്കാൻ സഹായിക്കും.

അത്തരം പദാവലികൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഒരു ഔപചാരിക നിർദേശം തയ്യാറാക്കാൻ പൊലീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് അത് ഉചിതമായ ഭരണ തലത്തിൽ അവലോകനം ചെയ്ത് നടപ്പിലാക്കും,’ ജവഹർ സിങ് പറഞ്ഞു.

 

Content Highlight: Use Hindi words instead of Urdu, Persian: Rajasthan’s new directive to police