വളം കിട്ടാനില്ല, യൂറിയയ്ക്ക് പകരം അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കണമെന്ന് കേന്ദ്രം; നെല്ലില്‍ വിഷാംശം കൂടിയേക്കാമെന്ന് ശാസ്ത്രജ്ഞര്‍
India
വളം കിട്ടാനില്ല, യൂറിയയ്ക്ക് പകരം അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കണമെന്ന് കേന്ദ്രം; നെല്ലില്‍ വിഷാംശം കൂടിയേക്കാമെന്ന് ശാസ്ത്രജ്ഞര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2026, 12:02 pm

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് രാജ്യത്ത് കടുത്ത വളം ക്ഷാമവും വിലക്കയറ്റവും നേരിടുന്ന പശ്ചാത്തലത്തില്‍, നെല്‍ക്കൃഷിയില്‍ യൂറിയയ്ക്ക് പകരമായി അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച കത്തില്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

എന്നാല്‍, നെല്‍വയലുകളില്‍ അമോണിയം സള്‍ഫേറ്റിന്റെ അമിത ഉപയോഗം ഗുരുതരമായ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അമോണിയം സള്‍ഫേറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുമ്പോള്‍, ഇത് വിളകള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

‘നെല്ല് പോലുള്ള, വെള്ളക്കെട്ടുള്ളതും കനത്തതുമായ മണ്ണില്‍ വളരുന്ന വിളകള്‍ക്ക് ഉയര്‍ന്ന അളവില്‍ അമോണിയം സള്‍ഫേറ്റ് നല്‍കുന്നത് സള്‍ഫര്‍ വിഷാംശം ഉണ്ടാകാന്‍ കാരണമാകും’, ഐ.സി.എ.ആര്‍ മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വീരേന്ദര്‍ സിങ് ലാത്തര്‍ പറഞ്ഞു.

വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങളില്‍ സള്‍ഫറിന്റെ അളവ് കൂടുന്നത് മണ്ണിന്റെ ഗുണനിലവാരത്തെയും നെല്‍ച്ചെടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

അതിനാല്‍ യൂറിയയ്ക്ക് പകരമായി അമോണിയം സള്‍ഫേറ്റ് വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍പ് കൃത്യമായ പഠനങ്ങളും മുന്‍കരുതലുകളും ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ യൂറിയയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടെങ്കിലും, അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കുന്നതിലൂടെ ആ വിടവ് നികത്താനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ആഭ്യന്തര ഉത്പാദന ശേഷിയാണ്. അമോണിയം സള്‍ഫേറ്റ് വന്‍തോതില്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവും പ്രായോഗികവുമായ ശേഷി നിലവില്‍ ഇന്ത്യയ്ക്കുണ്ട്.

ആഭ്യന്തര ഉത്പാദനത്തിന് പുറമെ ദക്ഷിണ കൊറിയ, ജപ്പാന്‍, ബെല്‍ജിയം, ചൈന, റഷ്യ തുടങ്ങിയ ഇതര സ്രോതസ്സുകളില്‍ നിന്ന് ഇത് എളുപ്പത്തില്‍ ഇറക്കുമതി ചെയ്യാനും ഇന്ത്യയ്ക്ക് സാധിക്കും.

താങ്ങാനാവുന്ന വിലയില്‍ കര്‍ഷകര്‍ക്ക് വളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.എ.ആര്‍ ഈ ബദല്‍ മാര്‍ഗ്ഗം നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്ത്യ ഇതുവരെ തങ്ങളുടെ വളം ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്തിരുന്നത് സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ഇസ്രഈല്‍ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഈ മേഖലകളില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറക്കുമതി പൂര്‍ണമായും തടസപ്പെടുകയും വിപണിയില്‍ വളത്തിന് വിലക്കയറ്റമുണ്ടാവുകയും ചെയ്തു. ഇതാണ് പുതിയ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

യൂറിയ ഇന്ത്യയില്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് ഇറക്കുമതി അനിവാര്യമാണ്. ഡൈ-അമോണിയം ഫോസ്‌ഫേറ്റും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രാജ്യം ഇറക്കുമതിയെയും ആശ്രയിക്കുന്നുണ്ട്.

രാജ്യത്ത് പ്രധാനപ്പെട്ട നാല് വളങ്ങളില്‍ മൂന്നെണ്ണം (യൂറിയ, DAP, കോംപ്ലക്‌സ്) ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, ആഭ്യന്തര ഉത്പാദനം ഒട്ടും പര്യാപ്തമല്ല. വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുക്കുമ്പോള്‍ ഇറക്കുമതി നിര്‍ണായകമായ ഘടകമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

വളം ക്ഷാമം പരിഹരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും, ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്ന സള്‍ഫര്‍ വിഷാംശ സാധ്യത കര്‍ഷകരെയും സംസ്ഥാന കൃഷി വകുപ്പുകളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

Content Highlight: Use ammonium sulphate instead of urea: ICAR