2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് യു.എസ്.എ സൂപ്പര്‍ താരം മുഹമ്മദ് മൊഹ്‌സിന്‍. തങ്ങള്‍ ഇതിനോടകം തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്തിയവരാണെന്നും ഒരിക്കല്‍ക്കൂടി അത് ആവര്‍ത്തിക്കുമെന്നും 2024 ടി-20 ലോകകപ്പ് ഓര്‍മിപ്പിച്ചുകൊണ്ട് മൊഹ്‌സിന്‍ പറഞ്ഞു.
‘ഞങ്ങള്‍ ഇതിനോടകം തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്തിയതാണ്. എല്ലാ സമ്മര്‍ദവും അവര്‍ക്ക് തന്നെയാണ്. ഞങ്ങള്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഞങ്ങള്‍ അവരെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മൊഹ്‌സിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഹമ്മദ് മൊഹ്‌സിന്‍. Photo: USA Cricket
കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മാര്‍ജിനില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024 ടി-20 ലോകകപ്പില്‍ സൂപ്പര്‍ ഓവറിലാണ് യു.എസ്.എ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.
43 പന്തില്‍ 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു ടോപ്പ് സ്‌കോറര്‍. 25 പന്തില്‍ 40 റണ്‍സ് നേടിയ ഷദാബ് ഖാനും 16 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ ഷഹീന്‍ അഫ്രിദിയുമാണ് പാകിസ്ഥാന്റെ മറ്റ് റണ്‍ഗെറ്റര്‍മാര്‍.
അമേരിക്കന്‍ ടീം. Photo: USA Cricket
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ (38 പന്തില്‍ 50), ആരോണ്‍ ജോണ്‍സ് (26 പന്തില്‍ 36*), ആന്‍ഡ്രീസ് ഗസ് (26 പന്തില്‍ 36) എന്നിവരുടെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് തന്നെ അടിച്ചെടുത്തു. അവസാന ഓവറില്‍ വിജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ യു.എസ്.എയ്ക്ക് 14 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്.
തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് വഴി മാറിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് നേടി. മുഹമ്മദ് ആമിര്‍ വൈഡിലൂടെ നല്‍കിയ റണ്‍സും യു.എസ്.എയ്ക്ക് തുണയായി.
19 റണ്‍സെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ പാകിസ്ഥാനെ സൗരഭ് നേത്രാവല്‍ക്കര്‍ 13 റണ്‍സില്‍ തളച്ചിടുകയായിരുന്നു. ഇതോടെ അഞ്ച് റണ്‍സിന്റെ വിജയവും യു.എസ്.എ സ്വന്തമാക്കി. ഈ വിജയം ഇത്തവണയും ആവര്‍ത്തിക്കാനാണ് യു.എസ്.എ ഒരുങ്ങുന്നത്.