ടി – 20 ലോകകപ്പില്‍ വീണ്ടും മികച്ച പ്രകടനവുമായി ആരാധകരുടെ മനസ് കീഴടക്കുകയാണ് യു.എസ്.എ താരം ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്. പാകിസ്ഥാന് എതിരെയും താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ബൗളര്‍ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.
സയീം അയൂബ്, സല്‍മാന്‍ അലി ആഘ, ശദാബ് ഖാന്‍, ഫഹീം അഷ്റഫ് എന്നിവരുടെ വിക്കറ്റാണ് ഷാഡ്ലി വീഴ്ത്തിയത്. ഇതാകട്ടെ നാല് ഓവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു. 6.25 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
നേരത്തെ, ഇന്ത്യക്കെതിരെയുള്ള മത്സരത്തിലും ഷാഡ്ലി മിന്നും പ്രകടനമാണ് നടത്തിയത്. അന്നും താരം നാല് ഓവറില്‍ വെറും 25 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 6.25 എക്കോണമിയില്‍ തന്നെയാണ് താരം വാംഖഡെയിലും പന്തെറിഞ്ഞത്.
ഇതുവരെ ഷാഡ്ലി ടൂര്‍ണമെന്റില്‍ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. അതില്‍ അഞ്ച് വിക്കറ്റും ആറാം ഓവറിലായിരുന്നു എന്നതാണ് ശ്രദ്ധേയം. പാകിസ്ഥാനെതിരെ ആറാം ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. ഇന്ത്യക്ക് എതിരെയാകട്ടെ രണ്ട് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അക്കൗണ്ടിലെത്തിച്ചത്.
അതേസമയം, മത്സരത്തില്‍ പാകിസ്ഥാന് എതിരെ ഷാഡ്ലിക്ക് പുറമെ മുഹമ്മദ് മൊഹ്സിന്‍, സൗരഭ് നേത്രവല്‍ക്കര്‍, ഹര്‍മീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. ഇവരുടെ പ്രകടനത്തില്‍ പാകിസ്ഥാനെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ ഒതുക്കാന്‍ യു.എസ്.എയ്ക്ക് സാധിച്ചു.
നിലവില്‍ യു.എസ്.എ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 11 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത മിലിന്ദ് കുമാറും മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്ത ശുഭം രഞ്ജനെയുമാണ് ക്രീസിലുള്ളത്.