2026 ടി-20 ലോകകപ്പിനുള്ള പുതുക്കിയ സ്‌ക്വാഡ് പ്രഖ്യാപിച്ച് യു.എസ്.എ. ആതിഥേയരെന്ന ലേബലില്‍ കഴിഞ്ഞ ലോകകപ്പിന്റെ ഭാഗമായ അമേരിക്ക, ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് ടിക്കറ്റെടുത്തത്.
ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് യു.എസ്.എ അടുത്ത റൗണ്ടിലേക്ക് കടന്നത്. ഇതിന് പിന്നാലെയാണ് 2026 ലോകകപ്പിലേക്ക് ടീമിനുള്ള വഴി തുറന്നതും.
കഴിഞ്ഞ ടൂര്‍ണമെന്റിലേതെന്ന പോലെ മോനാങ്ക് പട്ടേല്‍ തന്നെയാണ് ഇത്തവണയും ടീമിന്റെ ക്യാപ്റ്റന്‍. നിരവധി ഇന്ത്യന്‍ വംശജര്‍ക്കൊപ്പം സ്‌ക്വാഡില്‍ ഇടം നേടിയ ശ്രീലങ്കന്‍ താരമാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. 2016 ടി-20 ലോകകപ്പില്‍ ശ്രീലങ്കന്‍ സ്‌ക്വാഡിന്റെ ഭാഗമായ ഷെഹാന്‍ ജയസൂര്യയാണ് ടീമിലെ സര്‍പ്രൈസ്.
ശ്രീലങ്കയ്ക്കായി 12 ഏകദിനവും 18 ടി-20യും കളിച്ച താരമാണ് ഷെഹാന്‍ ജയസൂര്യ. 2021ല്‍ അമേരിക്കയിലേക്ക് താമസം മാറിയ ബാറ്റിങ് ഓള്‍റൗണ്ടര്‍ 2023 മേജര്‍ ലീഗ് ക്രിക്കറ്റില്‍ സിയാറ്റില്‍ ഓര്‍ക്കാസിനൊപ്പം കളത്തിലിറങ്ങിയിരുന്നു.
ഷെഹാന്‍ ജയസൂര്യ. Photo: Sri Lanka Cricket/x.com
ലങ്കയ്ക്കായി കളിച്ച 18 ടി-20യിലെ 16 ഇന്നിങ്‌സില്‍ നിന്നുമായി ഷെഹാന്‍ ജയസൂര്യ 241 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 2015 ഓഗസ്റ്റ് ഒന്നിന് പാകിസ്ഥാനെതിനെ കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. മത്സരത്തില്‍ 40 റണ്‍സ് നേടിയ ജയസൂര്യ, പന്തെറിഞ്ഞ് ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.
2020 മാര്‍ച്ചിലാണ് താരം ലങ്കയ്ക്കായി അവസാന ടി-20 കളിച്ചത്. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. ജയസൂര്യ ഒടുവില്‍ കളിച്ച അവസാന അന്താരാഷ്ട്ര മത്സരവും ഇത് തന്നെയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമേരിക്കയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ അരങ്ങേറ്റത്തിന് കൂടിയാകും ലോകകപ്പ് സാക്ഷ്യം വഹിക്കുക.
ഷെഹാന്‍ ജയസൂര്യ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പനാഡ്യൂറയുടെ ക്യാപ്റ്റന്‍ കൂടിയാണ് ജയസൂര്യ. കുരുനെഗലെയ്‌ക്കെതിരായ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിക്ക് പിന്നാലെയാണ് ലോകകപ്പ് ടീമിലേക്കും താരത്തിന് വിളിയെത്തിയത്. താരത്തിന്റെ 14ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്.
അതേസമയം, ഐ.സി.സിയുടെയും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെയും അഴിമതി വിരുദ്ധ നിയമങ്ങളില്‍ കുരുങ്ങിയ സൂപ്പര്‍ താരം ആരോണ്‍ ജെയിംസിനെ അമേരിക്ക ലോകകപ്പ് ടീമിന്റെ ഭാഗമാക്കിയിട്ടില്ല.
2026 ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെട്ട ഗ്രൂപ്പ് എ-യിലാണ് യു.എസ്.എ ഇടം നേടിയിരിക്കുന്നത്. നമീബിയയും നെതര്‍ലന്‍ഡ്‌സുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: USA announced updated squad for 2026 T20 World Cup: Former Sri Lankan player Shehan Jayasuriya included