വാഷിങ്ടണ്‍: ലോകാരോഗ്യസംഘടനയില്‍ നിന്ന് യു.എസ് പിന്മാറുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഓര്‍ഗനൈസേഷനില്‍ നിന്ന് പിന്മാറുന്നുവെന്ന യു.എസിന്റെ പ്രഖ്യാപനത്തില്‍ ഖേദിക്കുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസ് പറഞ്ഞു.
ലോകമെമ്പാടുമുള്ള മനുഷ്യരുടെ ആരോഗ്യത്തിനും ക്ഷമത്തിനും വേണ്ടി യു.എസും ലോകോരോഗ്യ സംഘടനയും തമ്മിലുള്ള പങ്കാളിത്തം നിലനിര്‍ത്തുന്നതിനായി രാജ്യം പുനര്‍വിചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യു.എസിന്റെ തീരുമാനം വലിയ തോതിലുള്ള അനന്തരഫലങ്ങളുണ്ടാക്കുമെന്നും സംഘടനയുടെ ഫണ്ടിങ്ങിന്റെ 18 ശതമാനം യു.എസ് സംഭാവന ചെയ്യുന്നതിനാല്‍ തന്നെ പിന്‍വാങ്ങല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തെ പോലും വലിയ തോതില്‍ ബാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
രോഗങ്ങളുടെ മൂലകാരണങ്ങള്‍ പരിഹരിക്കാനും ശക്തമായ ആരോഗ്യ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാനും രോഗം കാരണമായുണ്ടാകുന്ന അടിയന്തരാവസ്ഥകള്‍ കണ്ടെത്തി പ്രതിരോധിക്കുന്നതിനുമെല്ലാം യു.എസ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന ജനറല്‍ ഡയറക്ടര്‍ പറഞ്ഞു.
1948 മുതല്‍ ഡബ്ല്യൂ.എച്ച്.ഒയുടെ സ്ഥാപക അംഗമായിരുന്ന യു.എസ് അന്നുമുതല്‍ ലോകാരോഗ്യ അസംബ്ലിയിലും എക്‌സിക്യൂട്ടീവ് ബോര്‍ഡിലും സജീവമായ പങ്കാളിത്തം വഹിച്ചുവെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
47ാമത് പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ട്രംപ് ലോകാരോഗ്യ സംഘടനയില്‍ അംഗത്വം അവസാനിപ്പിക്കുന്നുവെന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്.
സത്യപ്രതിജ്ഞ ചെയ്ത് ഏകദേശം എട്ട് മണിക്കൂറിന് ശേഷമാന്‍ അദ്ദേഹം എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് 19 പാന്‍ഡെമിക്കിനെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തത്, അടിയന്തിരമായി ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുന്നതില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പരാജയപ്പെട്ടു, യു.എസില്‍ നിന്ന് സംഘടന വലിയ തുക വാങ്ങുന്നു അതേ സമയം ചൈന വളരെ കുറച്ച് പണം മാത്രമാണ് നല്‍കുന്നത് എന്നതാണ് ഡബ്യു. എച്ച്. ഓയില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ട്രംപ് പറയുന്നത്.
2020ല്‍ സംഘടനക്ക് സഹായം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. അതിനായി പിന്‍വലിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡബ്യു.എച്ച്.ഒ കൊവിഡ്19 പാന്‍ഡെമിക് കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം വിമര്‍ശിക്കുകയും അതിനെ ‘ചൈന കേന്ദ്രീകൃതം’ എന്ന് വിളിക്കുകയും അമേരിക്കയുടെ ധനസഹായം തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlight: US withdrawal from WHO; The World Health Organization expressed regret