ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസിന്റെ മുന്നറിയിപ്പ്
World News
ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസിന്റെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th May 2025, 1:19 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി യു.എസ്. ക്ലാസ് ഉപേക്ഷിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്.

ഇന്ത്യയിലെ യു.എസ് എംബസിയാണ് പുതിയ അറിയിപ്പ് പുറത്ത് വിട്ടത്. വിദേശ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് വിസ റദ്ദാക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇത് ഭാവിയില്‍ യു.എസ് വിസ ലഭിക്കുന്നതിനുള്ള യോഗ്യത നഷ്ടപ്പെടാന്‍ കാരണമാകുമെന്നും വിസയുടെ നിബന്ധനകള്‍ എല്ലായ്‌പ്പോഴും പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥി സ്റ്റാറ്റസ് നിലനിര്‍ത്തണമെന്നും ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരെത്തെയും യു.എസ് സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. യു.എസില്‍ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് വിസകളിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

ഒ.പി.ടി ആരംഭിച്ച് 90 ദിവസത്തിനുള്ളില്‍ തൊഴില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ നിയമപരമായ പദവി റദ്ദാക്കുമെന്നായിരുന്നു പ്രസ്താവിച്ചിരുന്നത്.

കൂടാതെ വിദ്യാര്‍ത്ഥികള്‍ യു.എസിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിലെ അന്താരാഷ്ട്ര ക്യാമ്പസുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോവരുതെന്നായിരുന്നു മുന്നറിയിപ്പ്.

Content Highlight: US warns Indian students that visas will be cancelled if they skip classes or drop courses