ന്യൂയോർക്ക്: ഗസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന യു.എൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. ആറാം തവണയാണ് അമേരിക്ക പ്രമേയം വീറ്റോ ചെയ്യുന്നത്. 15 രാജ്യങ്ങളിൽ 14 അംഗങ്ങളും പ്രമേയത്തെ അംഗീകരിച്ചു. യു.എസ് നടപടി വേദനാജനകമെന്ന് ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു.
അതിക്രമങ്ങളിൽ നിന്നും വംശഹത്യയിൽ നിന്നും സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ നിന്ന് യു.എൻ സുരക്ഷാ കൗൺസിലിനെ തടഞ്ഞിരിക്കുകയാണെന്നും മൻസൂർ കൂട്ടിച്ചേർത്തു.
യുദ്ധം ആരംഭിച്ചതും തുടരുന്നതും ഹമാസാണെന്നും ഹമാസ് ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധമവസാനിപ്പിക്കാമെന്നും അമേരിക്കൻ പ്രതിനിധി മോർഗൻ ഓർറ്റാകസ് പറഞ്ഞു.
ഗസയിൽ സ്ഥിരമായി വെടിനിർത്തൽ വേണമെന്നും ഗസയിലെ സഹായ വിതരണത്തിന് ഇസ്രഈൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
സുരക്ഷിതമായ ഇസ്രഈലിനൊപ്പം നിരായുധീകരിക്കപ്പെട്ട ഫലസ്തീൻ വേണമെന്നും സമാധാനത്തിനുള്ള ശ്രമങ്ങൾ വർധിപ്പിക്കണമെന്നും ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. എന്നാൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ സാധ്യതയില്ല.
ഫലസ്തീനിനെ രാജ്യമായി അംഗീകരിക്കുന്നതിനുള്ള യു.കെയുടെ നീക്കത്തിൽ ട്രംപ് നേരത്തെ വിയോജിപ്പ് അറിയിച്ചിരുന്നു.
ഗസയിലെ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രഈൽ യുദ്ധം നിർത്തില്ലെന്നും ഇസ്രഈലിനുമേൽ സമ്മർദ്ദം ചെലുത്താനും ബഹിഷ്കരിക്കാനും അന്താരാഷ്ട്രവേദികളിൽ നിന്നും ഇസ്രഈലിനെ പുറത്താക്കാനും എല്ലാ ശ്രമങ്ങളും നടത്തുമെന്നും അംഗരാജ്യങ്ങൾ അറിയിച്ചു.
അതേസമയം ഗസയിലെ കിഴക്കൻ പ്രദേശങ്ങളിൽ ഇസ്രഈൽ ആക്രമണം തുടരുകയാണ്. ഒരാഴ്ചയ്ക്കകം ഗസയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നാണ് ഇസ്രഈൽ സൈനിക വക്താവിന്റെ പ്രഖ്യാപനം.
ഗസയിലെ ഇന്റർനെറ്റ് ടെലികോമുകളുടെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസ്സപ്പെട്ടിരുന്നു. പ്രധാന ടെലികോം റൂട്ടുകൾ ഇസ്രഈൽ ലക്ഷ്യം വെക്കുന്നതാണ് ബ്ലാക്ക്ഔട്ടിന് കാരണമെന്ന് ഫലസ്തീൻ ടെലികമ്യൂണിക്കേഷൻ കമ്പനി ആരോപിച്ചു.
Content Highlight: US vetoes resolution calling for Gaza ceasefire for sixth time