യു.എസ്- ഉക്രൈന്‍ ചര്‍ച്ച; റഷ്യയുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഉക്രൈന്‍
World News
യു.എസ്- ഉക്രൈന്‍ ചര്‍ച്ച; റഷ്യയുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഉക്രൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th March 2025, 8:51 am

കീവ്: റഷ്യയുമായുള്ള യുദ്ധത്തിനിടെ 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ച് ഉക്രൈന്‍. സൗദിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. സൈനിക സഹായത്തിനും രഹസ്യാന്വേഷണ വിവരങ്ങളും പങ്കുവെക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.

യു.എസ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സാന്നിധ്യത്തില്‍ സൗദി അറേബ്യയില്‍ വെച്ചായിരുന്നു ഉക്രൈനിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടന്നത്.

വ്‌ളാദിമിര്‍ പുടിന്‍ വെടിനിര്‍ത്തലുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അങ്ങനെ നടന്നാല്‍ ഉക്രൈനെതിരായ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ വെടിനിര്‍ത്തലായിരിക്കുമിതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് ഈ കരാര്‍ സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌ക്കോയിലേക്ക് പോയി വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് പുടിനോട് സംസാരിക്കുമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവിലെ സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ പുടിന്‍ തയ്യാറാണോയെന്ന് വ്യക്തമാല്ലെന്നും, വെള്ളിയാഴ്ചയോടെ ട്രംപും പുടിനുമായി ചര്‍ച്ച നടന്നേക്കാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജിദ്ദയില്‍ യു.എസ്-ഉക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നതിനിടെ മോസ്‌കോയില്‍ വ്യാപകമായ ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉക്രൈന്‍ മോസ്‌കോയില്‍ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പുറമെ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ തലസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ ചെറിയ തടസം നേരിട്ടതായും റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയിലാകമാനം മൊത്തം 337 ഡ്രോണുകള്‍ വെടിവച്ചിട്ടതില്‍ 91 എണ്ണം മോസ്‌കോയിലും 126 എണ്ണം കുര്‍സ്‌ക് മേഖലയിലുമാണ് പതിച്ചത്. നഗരത്തിന് നേരെയുണ്ടായത് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമായിരുന്നെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു

Content Highlight: US-Ukraine talks; Ukraine says it is ready for a 30-day ceasefire with Russia