മോസ്‌കോ: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യ.
ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
ഇന്ത്യയുമായി നയതന്ത്രപരമായ ബന്ധം തുടരാനും വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും റഷ്യ ചൊവ്വാഴ്ച പ്രതികരിച്ചു.
‘ഈ വിഷയത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. യു.എസ്-ഇന്ത്യന്‍ ഉഭയകക്ഷി ബന്ധത്തെ റഷ്യ മാനിക്കുന്നു. എന്നാല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്’,റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു.
റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് ഇന്ത്യ വലിയ ഡിസ്‌കൗണ്ടില്‍ റഷ്യയില്‍ നിന്നും വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ആരംഭിച്ചത്. നിലവില്‍ റഷ്യയുടെ ഏറ്റവും വലിയ എണ്ണ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ.
അതേസമയം, റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിനും യു.എസുമായുള്ള വ്യാപാരത്തിന്റെ തടസങ്ങള്‍ നീക്കുന്നതിനും പകരമായി ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ 18 ശതമാനമാക്കി കുറയ്ക്കുമെന്നാണ് വ്യാപാര കരാറിലെ വ്യവസ്ഥയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാനും യു.എസില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനും ഇന്ത്യ സമ്മതിച്ചുവെന്നാണ് ട്രംപിന്റെ വാദം.
ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കണമെന്ന് യു.എസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ പിന്മാറാത്തതിനെ തുടര്‍ന്നാണ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ താരിഫ് ഇരട്ടിയായി ഉയര്‍ത്തി 50 ശതമാനത്തിലെത്തിച്ചത്.
Content Highlight: US trade deal: Russia says no statement received on India halting oil purchases