വെടിനിര്‍ത്തല്‍ കരാര്‍ മേല്‍നോട്ടം; ഇസ്രഈലിലേക്ക് സൈനികരെ അയക്കാന്‍ അമേരിക്ക: സംഘത്തില്‍ ഖത്തര്‍, തുര്‍ക്കി, ഈജിപ്ഷ്യന്‍ അംഗങ്ങളും
Trending
വെടിനിര്‍ത്തല്‍ കരാര്‍ മേല്‍നോട്ടം; ഇസ്രഈലിലേക്ക് സൈനികരെ അയക്കാന്‍ അമേരിക്ക: സംഘത്തില്‍ ഖത്തര്‍, തുര്‍ക്കി, ഈജിപ്ഷ്യന്‍ അംഗങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 9:57 am

വാഷിങ്ടൺ: സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതിനു പിന്നാലെ 200 ഓളം സൈനികരെ ഇസ്രഈലിലേക്ക് അയക്കുമെന്ന് അമേരിക്ക. വെടിനിർത്തൽ കരാറിന്റെ മേൽനോട്ടം വഹിക്കാനും മേഖലകൾ നിരീക്ഷിക്കാനും നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനുമാണ് സൈനികരെ അയക്കുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.

യു.എസ് സെൻട്രൽ കമാൻഡ് ഇസ്രഈലിൽ ഒരു സിവിൽ മിലിട്ടറി ഏകോപന കേന്ദ്രം സ്ഥാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഖത്തർ, തുർക്കി, ഈജിപ്ഷ്യൻ സായുധ സേനകളിലെ അംഗങ്ങളും യു.എസ് സംഘത്തിൽ ഉൾപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സർക്കാരിതര സംഘടനകൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയും ഈ സൈനിക സംഘത്തിന്റെ ഭാഗമാണെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗതാഗതം, ആസൂത്രണം, സുരക്ഷ, ലോജിസ്റ്റിക്സ്, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള 200 ഓളം യുഎസ് സൈനികർ സംഘത്തിൽ ഉൾപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഗസയിലേക്ക് അമേരിക്കൻ സൈനികരെ അയക്കില്ലെന്നും അമേരിക്ക പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്ക മുമ്പോട്ട് വെച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

ഫലസ്തീൻ ഇസ്രഈൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ ഉറപ്പാക്കുന്നതിനും ശ്വാശതമായ സമാധാനത്തിലേക്കുമുള്ള ആദ്യ ഘട്ടമാണിതെന്നും ട്രംപ് പറഞ്ഞിരുന്നു.

‘ഇസ്രഈലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും എന്ന് തന്നെയാണ് ഇതിനര്‍ത്ഥം,’ ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.

Content Highlight: US to send troops to Israel to monitor ceasefire agreement: Qatar, Turkey, Egypt also in the team