വാഷിങ്ടൺ: ഇസ്രഈൽ വിരുദ്ധത നടത്തിയെന്നാരോപിച്ച് യുനെസ്കോയിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് യു.എസ്. 2026 ഡിസംബർ 31ന് യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സൈന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷനിൽ (യുനെസ്കോ) നിന്നും പിന്മാറുമെന്ന് യു.എസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഇന്നലെയാണ് (ചൊവ്വാഴ്ച) ഈ വിവരം പുറത്ത് വിട്ടത്. യുനെസ്കോ ഇസ്രഈൽ വിരുദ്ധത കാണിച്ചെന്നും ഫലസ്തീനെ അംഗരാജ്യമായി ഉൾപ്പെടുത്തിയത് തങ്ങൾ വളരെ പ്രശ്നകരമായി കാണുന്നുവെന്നും വാഷിങ്ടൺ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു.
‘യുനെസ്കോ ഭിന്നിപ്പിക്കുന്ന സാമൂഹിക, സാംസ്കാരിക വിഷയങ്ങൾ മുന്നോട്ട് വെക്കുകയും യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര വികസനത്തിനായുള്ള ഒരു ആഗോള അജണ്ടയാണിത്. അവരുടെ ഈ അജണ്ട ‘അമേരിക്ക ഫസ്റ്റ് എന്ന ഫോറിൻ പോളിസിയുമായി പൊരുത്തപ്പെടുന്നില്ല. ഫലസ്തീനെ അംഗരാജ്യമായി അംഗീകരിക്കാനുള്ള യുനെസ്കോയുടെ തീരുമാനം വളരെ പ്രശ്‌നകരമാണ്. അത് യു.എസ് നയത്തിന് വിരുദ്ധമാണ്. കൂടാതെ സംഘടനയ്ക്കുള്ളിൽ ഇസ്രഈൽ വിരുദ്ധത നടക്കുന്നു,’ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
2011ൽ സഖ്യകക്ഷിയായ ഇസ്രഈലിന്റെ എതിർപ്പ് അവഗണിച്ച് യുനെസ്കോ അംഗങ്ങൾ ഫലസ്തീന് സംഘടനയിൽ പൂർണ അംഗത്വം നൽകിയത് അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള യു.എൻ ഏജൻസികളുടെ നീക്കത്തെ അമേരിക്ക എതിർക്കുന്നുണ്ട്. ചർച്ചകളിലൂടെയുള്ള ഒരു മിഡിൽ ഈസ്റ്റ് സമാധാന ഉടമ്പടി ഉണ്ടാകുന്നതുവരെ ഫലസ്തീനെ അംഗീകരിക്കരുതെന്നാണ് അമേരിക്കയുടെ നിലപാട്.
ഫെബ്രുവരിയിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യുനെസ്കോയിലെ അമേരിക്കയുടെ അംഗത്വത്തെക്കുറിച്ച് പരിശോധിക്കാൻ 90 ദിവസത്തെ അവലോകനത്തിന് ഉത്തരവിട്ടിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഘടനയ്ക്കുള്ളിലെ യഹൂദ വിരോധം, ഇസ്രഈൽ വിരുദ്ധ വികാരങ്ങൾ എന്നത് അവലോകനത്തിൽ പ്രധാന വിഷയമായിരുന്നു. യുനെസ്കോയ്ക്ക് ചൈനയോട് പക്ഷപാതമുണ്ടെന്നും അവർ ഡൈവേഴ്സിറ്റി, ഇക്വിറ്റി ആന്റ് ഇൻക്ലൂഷൻ (DEI) നയങ്ങളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അവലോകനത്തിൽ കണ്ടെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇസ്രഈൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. യുനെസ്‌കോ ഇസ്രഈലിനെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ അമേരിക്കയുടെ ആരോപണങ്ങൾ തള്ളി. ‘യുനെസ്കോയുടെ നടപടികൾക്ക് വിപരീതമായ ആരോപണങ്ങളാണ് അവർ നടത്തുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം, വെൽഡ് ജൂത, അമേരിക്കൻ ജൂത കമ്മിറ്റി എന്നിവയെല്ലാം യുനെസ്കോയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. യുനെസ്കോയിൽ നിന്ന് അമേരിക്കയെ വീണ്ടും പിൻവലിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ ഞാൻ അഗാധമായി ഖേദിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
1945ൽ യുനെസ്കോയുടെ സ്ഥാപക അംഗമായിരുന്ന യു.എസ് ഇത് മൂന്നാം തവണയാണ് പുറത്തുപോകുന്നത്. 1983ൽ റൊണാൾഡ് റീഗന്റെ കീഴിലാണ് യു.എസ് ആദ്യമായി പിന്മാറിയത്. സംഘടനയ്ക്ക് പാശ്ചാത്യ വിരുദ്ധ പക്ഷപാതമുണ്ടെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം.
2003ൽ ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ കീഴിൽ അമേരിക്ക വീണ്ടും യുനെസ്കോയിൽ ചേർന്നു. പിന്നീട് ഹെബ്രോണിലെ പഴയ നഗരത്തെയും വെസ്റ്റ് ബാങ്കിലെ പാത്രിയാർക്കുകളുടെ ശവകുടീരത്തെയും ഫലസ്തീൻ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, 2017ൽ ട്രംപ് ഭരണകൂടം യുനെസ്കോയിൽ നിന്ന് പിന്മാറിയിരുന്നു.
പിന്നീട് 2023 ൽ ചൈനീസ് സ്വാധീനം ചെറുക്കുന്നതിന് വീണ്ടും യുനെസ്കോയിൽ ചേരേണ്ടത് നിർണായകമാണെന്ന് പറഞ്ഞ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ അമേരിക്ക വീണ്ടും യുനെസ്‌കോ അംഗമായിരുന്നു.
Content Highlight: US to pull out of Unesco over inclusion of Palestine and alleged anti-Israel bias