ക്യൂബൻ പ്രസിഡന്റിനെതിരെ വിസ ഉപരോധം ഏർപ്പെടുത്തി യു.എസ്
Trending
ക്യൂബൻ പ്രസിഡന്റിനെതിരെ വിസ ഉപരോധം ഏർപ്പെടുത്തി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 9:48 am

വാഷിങ്ടൺ: 2021ലെ ഹവാന കലാപത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച്, ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനലിന് മേൽ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ്. ക്യൂബൻ പ്രതിരോധ മന്ത്രി അൽവാരോ ലോപ്പസ് മിയേര, ആഭ്യന്തര മന്ത്രി ലസാരോ ആൽബെർട്ടോ അൽവാരസ് കാസസ് എന്നിവരും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

2021 ജൂലൈയിലെ ഹവാനയിലെ പ്രതിഷേധക്കാരെ അന്യായമായി തടങ്കലിൽ വെച്ചതിനും പീഡിപ്പിച്ചതിനും ഉത്തരവാദികളായ, അല്ലെങ്കിൽ അതിൽ പങ്കാളികളായ ക്യൂബൻ ജുഡീഷ്യൽ, ജയിൽ ഉദ്യോഗസ്ഥർക്ക് മേൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്‌സിൽ പറഞ്ഞു.

‘ക്യൂബൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ ക്രൂരമായ അടിച്ചമർത്തൽ ആരംഭിച്ച് നാല് വർഷങ്ങൾക്ക് ശേഷം, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ക്യൂബൻ ഭരണകൂട തലവന്മാർക്കും അവരുടെ കൂട്ടാളികൾക്കും വിസ നിയന്ത്രിക്കുന്നു. ക്യൂബൻ ഭരണകൂടം ക്യൂബൻ ജനതക്കെതിരെ നടത്തിയ ക്രൂരതക്ക് പകരമാണിത്. തടവുകാർ ജീവിച്ചിരിപ്പുണ്ടെന്നതിന് ഉടനടി തെളിവ് നൽകണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു,’ റൂബിയോ കൂട്ടിച്ചേർത്തു.

ക്യൂബയുടെ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനുമായ ഡിയാസ്-കാനലിനെതിരെ യു.എസ് സർക്കാർ ഉപരോധം ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ടേമിലും പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലും ക്യൂബൻ ഉദ്യോഗസ്ഥർക്കെതിരെ നിരവധി തവണ ഉപരോധം ഏർപ്പെടുത്തിയപ്പോഴും ഡിയാസ്-കാനലിനെതിരെ ഉപരോധങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലായിരുന്നു.

മെയ് മാസത്തിൽ, പ്രതിഷേധക്കാരനും ആക്ടിവിസ്റ്റുമായ ലൂയിസ് റോബിൾസിനെ തടവിലാക്കിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ക്യൂബൻ ജഡ്ജിമാർക്കും ഒരു പ്രോസിക്യൂട്ടർക്കും എതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഏകദേശം അഞ്ച് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2025 ൽ റോബിൾസ് മോചിതനായി.

അതേസമയം സർക്കാരിനെ അട്ടിമറിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് അമേരിക്ക 2021 ൽ ക്യൂബയിൽ കലാപമുണ്ടാക്കിയെന്ന് ക്യൂബൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. സാമ്പത്തികമായി തകർന്ന സമയത്തും രാജ്യത്തിന് മേൽ അമേരിക്ക വ്യാപാര ഉപരോധം നടത്തിയെന്നും ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും അവർ പറഞ്ഞു.

1960കൾ മുതൽ ക്യൂബ അമേരിക്കയുടെ വ്യാപാര ഉപരോധത്തിന് കീഴിലാണ്. ഒബാമയുടെ കാലഘട്ടത്തിൽ ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് വന്ന ഡൊണാൾഡ് ട്രംപ് അത് റദ്ദാക്കി. കൂടാതെ ട്രംപ് ഈ വർഷം ആദ്യം ക്യൂബയെ തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ പുനസ്ഥാപിക്കുകയും ചെയ്തു.

പിന്നാലെ അമേരിക്കയുടെ സാമ്രാജ്യത്വപരവും ഇടപെടല്‍ നടത്തുന്നതുമായ നയങ്ങളെ ചെറുക്കുമെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം പ്രതിജ്ഞയെടുത്തു. ‘ഞങ്ങള്‍ സ്വതന്ത്രൻ. ഉപരോധം എത്ര കൂടുതല്‍ ശക്തമാക്കിയാലും ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവം കെട്ടിപ്പടുക്കുന്നത് തുടരും,’ ഡയസ്-കാനെല്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

ഹവാനയ്‌ക്കെതിരായ യു.എസ് ഉപരോധങ്ങളെ റഷ്യയും ചൈനയും ആവർത്തിച്ച് അപലപിച്ചിട്ടുണ്ട്. മെയ് മാസത്തിൽ ക്യൂബയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്രാൻമ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അമേരിക്ക നടത്തുന്ന ഈ നിയമവിരുദ്ധ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

 

 

Content Highlight: US slaps visa sanctions on Cuban president