ഇന്ത്യയെ വഞ്ചിച്ച് ട്രംപ്; ബംഗ്ലാദേശുമായി കരാര്‍, ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ക്ക് പൂജ്യം തീരുവ
World
ഇന്ത്യയെ വഞ്ചിച്ച് ട്രംപ്; ബംഗ്ലാദേശുമായി കരാര്‍, ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ക്ക് പൂജ്യം തീരുവ
രാഗേന്ദു. പി.ആര്‍
Tuesday, 10th February 2026, 11:46 am

വാഷിങ്ടണ്‍: ബംഗ്ലാദേശുമായി വ്യാപാര കരാറില്‍ ഒപ്പുവെച്ച് അമേരിക്ക. ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറി ഷെയ്ഖ് ബഷീര്‍ ഉദ്ദീനും യു.എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയുമായുള്ള കരാറിന് പിന്നാലെയാണ് ബംഗ്ലാദേശുമായി യു.എസ് ധാരണയില്‍ എത്തുന്നത്.

കരാര്‍ പ്രകാരം, ബംഗ്ലാദേശില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യു.എസ് 19 ശതമാനം പരസ്പര താരിഫ് ചുമത്തും. മാത്രമല്ല കരാറിലെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില ഉത്പന്നങ്ങളുടെ താരിഫ് പൂജ്യമായിരിക്കും.

ഇതില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളും ഉള്‍പ്പെടുന്നു. യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തികൊണ്ടുള്ള ബംഗ്ലാദേശിലെ തുണിത്തരങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് പൂജ്യം തീരുവ കണക്കാക്കുന്നത്.

ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 18 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എസില്‍ നിന്ന് ഏകദേശം 200 മില്യണ്‍ ഡോളര്‍ പരുത്തിയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ബംഗ്ലാദേശ് 250 മില്യണ്‍ ഡോളറും.

50 മില്യണ്‍ ഡോളറിന്റെ വ്യത്യാസമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പരുത്തി ഇറക്കുമതിയില്‍ ഉള്ളത്. യു.എസിലേക്കുള്ള ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഇന്ത്യ പ്രതീക്ഷ വെച്ചിരുന്നത്.

അതേസമയം ബംഗ്ലാദേശില്‍ നിന്നും യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ രാസവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോയ ഇനങ്ങള്‍, പാല്‍, ബീഫ്, കോഴി, പരിപ്പ്, പഴങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.

യു.എസിന്റെ കാര്‍ഷിക ഇറക്കുമതിക്കായി സയന്‍സ് അധിഷ്ഠിത സംവിധാനങ്ങളെ ആശ്രയിക്കാനും ഇന്‍ഷുറന്‍സ് മേഖല തുറന്നിടാനും കസ്റ്റംസ് ഡിജിറ്റൈസ് ചെയ്യാനും ധാരണയായിട്ടുണ്ട്.

ബംഗ്ലാദേശിലെ തൊഴില്‍-തൊഴിലിട-സംഘടനാ നിയമങ്ങളില്‍ ഭേദഗതി ഉണ്ടാകുമെന്ന സൂചനയുമുണ്ട്. അന്യായമായ വ്യാപാര രീതികള്‍ക്ക് തടയിടാനും കരാറില്‍ വ്യവസ്ഥയുണ്ട്.

ഗോതമ്പ്, സോയ, പരുത്തി, ചോളം, വിമാനശേഖരണം തുടങ്ങിയവയുടെ 3.5 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയും ബംഗ്ലാദേശില്‍ ഉണ്ടാകും. കൂടാതെ, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഊര്‍ജ ഇറക്കുമതിയാണ് ബംഗ്ലാദേശില്‍ യു.എസ് നടത്തുക.

Content Highlight: US signs trade agreement with Bangladesh

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.