ഇന്ത്യയുമായി പത്തുവർഷത്തെ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് അമേരിക്ക
India
ഇന്ത്യയുമായി പത്തുവർഷത്തെ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 3:15 pm

ന്യൂദൽഹി: പത്തുവർഷത്തെ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം, വിവരങ്ങൾ പങ്കുവെക്കൽ, സാങ്കേതിക സഹകരണം എന്നിവ മെച്ചപ്പെടുത്തലാണ് കരാർ ലക്ഷ്യമിടുന്നതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും യു.എസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി മലേഷ്യയിൽ നടത്തിയ കൂടികാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനായി കരാറിൽ ഒപ്പുവെച്ചത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ കരാർ പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനും നിർണായക ഘടകമാണെന്ന് പീറ്റ് ഹെഗ്‌സെത്ത് എക്സിൽ പറഞ്ഞു. സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ പസഫിക് മേഖലയ്ക്ക് വേണ്ടിയാണ് ഇരുരാജ്യങ്ങളും പരസ്പര ധാരണയോടെ ഈ കരാറിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളിലെയും സൈനിക പ്രവർത്തനങ്ങൾക്ക് ഇത് ഒരു നിർണായക ചുവടുവയ്പ്പാണെന്നും യു.എസുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന് നന്ദി അറിയിക്കുന്നുവെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

‘ഇരു രാജ്യങ്ങളുടെ ഏകോപനം, വിവരങ്ങൾ കൈമാറൽ, സാങ്കേതിക സഹകരണം എന്നിവ വർധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഞങ്ങളുടെ പ്രതിരോധ ബന്ധങ്ങൾ ഒരിക്കലും ഇത്രത്തോളം ശക്തമായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

യു.എസുമായുള്ള പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവെച്ചതോടെ പുതിയ യുഗത്തിന് തുടക്കമായെന്ന് രാജ്‌നാഥ്‌ സിങ് എക്സിൽ പറഞ്ഞു.

‘ഇന്ത്യ-യു,എസ് ബന്ധത്തിന് ഈ പ്രതിരോധ കരാർ നയപരമായ ദിശാബോധം നൽകും. പ്രതിരോധ പങ്കാളിത്തത്തിൽ ഒരു പുതിയ യുഗത്തിന് ഇത്‌ തുടക്കമിടും,’ അദ്ദേഹം പറഞ്ഞു.

സ്വതന്ത്രവും നിയമാധിഷ്‌ഠിതവുമായ ഒരു ഇന്തോ – പസഫിക് മേഖല ഉറപ്പാക്കുന്നതിന് ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസിയാൻ അംഗരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ‘ആക്റ്റ് ഈസ്റ്റ് പോളിസി’ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.

Content Highlight: US signs 10-year defense agreement with India