ട്രംപ് ഭരണത്തിൽ ഏപ്രിലിൽ മാത്രം നാടുകടത്തപ്പെട്ടത് 8,300ലധികം കുട്ടികൾ
Trending
ട്രംപ് ഭരണത്തിൽ ഏപ്രിലിൽ മാത്രം നാടുകടത്തപ്പെട്ടത് 8,300ലധികം കുട്ടികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2025, 6:42 am

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ കുട്ടികളുടെ നാടുകടത്തൽ വർധിച്ചതായി റിപ്പോർട്ട്. ഏപ്രിലിൽ മാത്രം യു.എസിൽ 11 വയസോ അതിൽ താഴെയോ പ്രായമുള്ള 8,300ലധികം കുട്ടികളെ നാടുകടത്തിയതായി കോടതി ഡാറ്റ ഉദ്ധരിച്ച് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു .

അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് കുട്ടികളെ നാടുകടത്തിയത്. ട്രാൻസാക്ഷണൽ റെക്കോർഡ്‌സ് ആക്‌സസ് ക്ലിയറിങ്‌ഹൗസിൽ (TRAC) നിന്നുള്ള കോടതി ഡാറ്റ പ്രകാരം, ഏപ്രിലിൽ 11 വയസോ അതിൽ താഴെയോ പ്രായമുള്ള 8,317 കുട്ടികളെ നാടുകടത്താൻ ഏപ്രിലിൽ ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഈ കുട്ടികളിൽ പലരും അഭിഭാഷകരോ രക്ഷിതാക്കളോ ഇല്ലാതെ ഒറ്റക്ക് ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകേണ്ടി വന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനുശേഷം, 53,000ത്തിലധികം പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഉത്തരവുകൾ വന്നിട്ടുണ്ട്. ആ കുട്ടികൾ കൂടുതലും പ്രൈമറി സ്കൂൾ പ്രായമോ അതിൽ താഴെയോ പ്രായമുള്ളവരാണ്. ഏകദേശം 15,000 കുട്ടികൾ നാല് വയസിന് താഴെയുള്ളവരായിരുന്നുവെന്നും 20,000 പേർ നാല് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നുവെന്നും ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

കുട്ടികൾക്ക് പലപ്പോഴും നിയമ പ്രക്രിയ മനസിലാകാറില്ലെന്ന് അഭിഭാഷകർ ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു. ഒരു കേസിൽ ആറ് വയസുള്ള ഒരു കുട്ടിയെ പിതാവിൽ നിന്ന് വേർപെടുത്തി നാല് മാസത്തേക്ക് തടങ്കലിൽ വച്ചതായും അഭിഭാഷകൻ പറഞ്ഞു. കുടിയേറ്റക്കാർക്ക് നിയമ സഹായം നൽകുന്നതിനുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറച്ച സമയത്ത് നാടുകടത്തപ്പെട്ടതിനാൽ കുട്ടിക്ക് നിയമസഹായം ലഭിച്ചില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

ട്രാൻസാക്ഷണൽ റെക്കോർഡ്‌സ് ആക്‌സസ് ക്ലിയറിങ് ഹൗസിൽ  നിന്നുള്ള ഡാറ്റ കാണിക്കുന്നത് 11 വയസിന് താഴെയുള്ള കുട്ടികളാണ് ഇപ്പോൾ മറ്റേത് പ്രായത്തിലുള്ള കുട്ടികളെക്കാൾ കൂടുതൽ നാടുകടത്തൽ ഭീഷണി നേരിടുന്നതെന്നാണ്. മെയ് മാസത്തിൽ, ഈ പ്രായത്തിലുള്ള 75% കുട്ടികൾ നാടുകടത്തലിന് ഇരയായി. ജനുവരിയിൽ ഇത് 45% ആയിരുന്നു. നാല് വയസിന് താഴെയുള്ള കുട്ടികളിൽ ആ നിരക്ക് 78% ആയി ഉയർന്നതായും ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കുട്ടികളെ ലക്ഷ്യമിടുന്നുവെന്ന അവകാശവാദം തെറ്റാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വക്താവ് പറഞ്ഞു. കുട്ടികൾക്ക് കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാനോ ഒരു കെയർടേക്കറെ നിയമിക്കാനോ ഉള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെന്ന് അവർ വാദിച്ചു.

 

Content Highlight: US sets record for child deportation orders ; Independent