ഇസ്രഈല്‍ സേന കൊലപ്പെടുത്തിയ ഹിന്ദ് റജബിന് നീതി വേണം; ബില്‍ അവതരിപ്പിച്ച് യു.എസ് സെനറ്റര്‍മാര്‍
Trending
ഇസ്രഈല്‍ സേന കൊലപ്പെടുത്തിയ ഹിന്ദ് റജബിന് നീതി വേണം; ബില്‍ അവതരിപ്പിച്ച് യു.എസ് സെനറ്റര്‍മാര്‍
അനിത സി
Friday, 13th March 2026, 3:36 pm

വാഷിങ്ടണ്‍: ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീന്‍ പെണ്‍കുട്ടിയായ അഞ്ചുവയസുകാരി ഹിന്ദ് റജബിന് നീതി തേടി യു.എസ് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍. ഹിന്ദ് റജബിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ഹിന്ദ് റജബ് ആക്ടിനായി സെനറ്റര്‍മാര്‍ ബില്‍ അവതരിപ്പിച്ചു.

യു.എസ് സെനറ്റര്‍മാരായ പീറ്റര്‍ വെല്‍ച്, ക്രിസ് വാന്‍ ഹോലന്‍ എന്നിവരും ജനപ്രതിനിധികളായ സാറ ജേക്കബ്‌സ്, പ്രമീള ജയപാല്‍, ജോക്വിന്‍ കാസ്‌ട്രോ തുടങ്ങിയവരുമാണ് ജസ്റ്റിസ് ഫോര്‍ ഹിന്ദ് റജബ് ആക്ട് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദ് റജബിന്റെ കൊലപാതകവുമായിബന്ധപ്പെട്ട സാഹചര്യങ്ങള്‍ യു.എസ് ഭരണകൂടം അന്വേഷിക്കണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നതെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദ് റബജിന്റെ മരണത്തിന് പുറമെ ഗസയിലെ ഇസ്രഈലി സേനയുടെ കൊലപാതകങ്ങളും ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് ഈ ബില്‍ ആവശ്യപ്പെടുന്നു.

ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധതയും ഈ ആക്ട് ഓര്‍മിപ്പിക്കുന്നു.

2024 ജനുവരി 29നാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ ക്രൂരമായി ഇസ്രഈല്‍ സേന ഹിന്ദ് റബജിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത്.

ഗസ സിറ്റിയില്‍ നിന്നും കാറില്‍ പാലായനം ചെയ്യുകയായിരുന്ന ഹിന്ദ് റജബും ബന്ധുക്കളും ഇസ്രഈല്‍ സേനയുടെ വെടിവെപ്പിനിരകളായിരുന്നു.

ആക്രണത്തിനിടെ സഹായം അഭ്യര്‍ത്ഥിച്ച് റെഡ് ക്രസന്റിനെ ഹിന്ദിന്റെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിരുന്നു. ഹിന്ദിനൊപ്പമുണ്ടായിരുന്ന അഞ്ച് ബന്ധുക്കളും കൊല്ലപ്പെട്ടതോടെ കാറില്‍ ഒറ്റപ്പെട്ട പെണ്‍കുട്ടിയെ റെഡ് ക്രസന്റ് മൂന്ന് മണിക്കൂറോളം ആശ്വസിപ്പിച്ചിരുന്നു. പിന്നീട് റെഡ് ക്രസന്റ് ഇടപെടലില്‍ ഹിന്ദ് റജബിന്റെ മാതാവിനെ ഫോണില്‍ കണക്ട് ചെയ്തും നല്‍കിയിരുന്നു.

വൈകാതെ തന്നെ പെണ്‍കുട്ടിയെ രക്ഷിക്കാനായി പാരാമെഡിക്കല്‍ സംഘത്തെ അയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനായി പോയ ആംബുലന്‍സ് സംഘത്തെയും പെണ്‍കുട്ടിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കത്തിനശിച്ച നിലയിലുള്ള ആംബുലന്‍സില്‍ നിന്നാണ് പാരാമെഡിക്കല്‍ അംഗങ്ങളുടെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ഹിന്ദ് റബജ് കാറില്‍ വെടിയേറ്റനിലയിലുമായിരുന്നു.

പിന്നീട്, ഹിന്ദ് റജബ് മാതാവിനോട് സഹായത്തിനായി അപേക്ഷിച്ച് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ പുറത്തെത്തിയിരുന്നു. ലോകമനസാക്ഷിയെ ഞെട്ടിച്ച ഇസ്രഈലി സേനയുടെ ക്രൂരത
യ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

ഹിന്ദ് റജബും ബന്ധുക്കളും പാരമെഡിക്കല്‍ സംഘവും ഇസ്രഈലിന്റെ ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഇരകളായിരുന്നെന്ന് ജനീവ കണ്‍വെന്‍ഷനുകളും റോം സ്റ്റാറ്റിയൂട്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോറന്‍സിക് ആര്‍ക്കിടെക്ചര്‍ നടത്തിയ അന്വേഷണത്തില്‍ കാറില്‍ ആകെ 335 വെടിയുണ്ടകള്‍ ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.

Content Highlight: US senators introduce bill demanding justice for Hind Rajab, who was killed by Israeli forces

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.