ഇറാനെ തകര്‍ക്കാന്‍ 22.8 ബില്യണ്‍ ഡോളര്‍! ആ തുക ജനക്ഷേമത്തിന് ഉപയോഗിക്കാമായിരുന്നില്ലേ; ട്രംപിനോട് ബെര്‍ണി സാന്‍ഡേഴ്‌സ്
World
ഇറാനെ തകര്‍ക്കാന്‍ 22.8 ബില്യണ്‍ ഡോളര്‍! ആ തുക ജനക്ഷേമത്തിന് ഉപയോഗിക്കാമായിരുന്നില്ലേ; ട്രംപിനോട് ബെര്‍ണി സാന്‍ഡേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2026, 2:14 pm

വാഷിംഗ്ടണ്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംയുക്ത സൈനിക നീക്കങ്ങള്‍ക്കായി രാജ്യം ചെലവഴിക്കുന്നത് ഭീമമായ തുകയെന്ന് യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്.

ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച സൈനിക ആക്രമണങ്ങള്‍ക്ക് ഇതിനകം 22.8 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവായതായി ബെര്‍ണി സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

യു.എസിലെ ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വികസനത്തിനായി ഉപയോഗിക്കേണ്ട പണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്സ് പോസ്റ്റിലൂടെയാണ് ബെര്‍ണി സാന്‍ഡേഴ്സ് ഭരണകൂടത്തിന്റെ യുദ്ധക്കൊതിയെ ചോദ്യം ചെയ്തത്. ഈ ഭീമമായ തുക അമേരിക്കന്‍ ജനതയുടെ ക്ഷേമത്തിനായി ഏതൊക്കെ രീതിയില്‍ വിനിയോഗിക്കാമായിരുന്നു എന്നതിന്റെ കണക്കുകളും അദ്ദേഹം നിരത്തി.

‘22.8 ബില്യണ്‍ ഡോളര്‍ എന്ന തുക കൊണ്ട് നമുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്ന കുറേയധികം കാര്യങ്ങളുണ്ട്. 6.8 ദശലക്ഷം കുട്ടികള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കാമായിരുന്നു. 2.6 ദശലക്ഷം പൊതുഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കാം.

1.3 ദശലക്ഷം പേര്‍ക്ക് വിദ്യാഭ്യാസത്തിനായി ധനസഹായം നല്‍കാം. 2.4 ലക്ഷം പുതിയ അധ്യാപകരെ നിയമിക്കാം. ഒരു ദശലക്ഷം വായ്പക്കാരില്‍ നിന്നും 20,000 ഡോളര്‍ വീതം സര്‍ക്കാരിന് എഴുതിത്തള്ളാം. ഭക്ഷ്യസഹായ പദ്ധതികള്‍ വിപുലീകരിക്കാനും വിദ്യാര്‍ത്ഥി വായ്പകള്‍ ലഘൂകരിക്കാനും ഈ തുക ഉപയോഗിക്കാമായിരുന്നു,’ ബെര്‍ണി സാന്‍ഡേഴ്‌സ് പറഞ്ഞു.

പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍, സൈനിക ചെലവുകളേക്കാള്‍ പൊതുസേവനങ്ങള്‍ക്കായിരുന്നു രാജ്യം മുന്‍ഗണന നല്‍കേണ്ടതെന്നും 22.8 ബില്യണ്‍ ഡോളറിന്റെ ഈ ബാധ്യത യു.എസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭാരമാണ് വരുത്തിവെച്ചിരിക്കുന്നതെന്നും ബെര്‍ണി സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി.

ബെര്‍ണി സാന്‍ഡേഴ്സിന്റെ ഈ പരാമര്‍ശങ്ങള്‍ യു.എസില്‍ യുദ്ധച്ചെലവുകളുടെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്.

ഫെബ്രുവരി 28 മുതലാണ് ഇസ്രഈലും യുഎസും ഇറാനില്‍ സംയുക്ത സൈനിക നടപടികള്‍ ആരംഭിച്ചത്. ആക്രമണത്തില്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന രാഷ്ട്രീയ-സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് ആകെ മരണസംഖ്യ 1,348 ആണ്. പരിക്കേറ്റവരുടെ എണ്ണം 17,000 കവിഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: US Senator Bernie Sanders criticizes cost of US strikes on Iran