റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ യു.എസ് നീക്കം; പ്രതിസന്ധി രൂക്ഷമാക്കും
World
റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ യു.എസ് നീക്കം; പ്രതിസന്ധി രൂക്ഷമാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2026, 4:06 pm

ന്യൂയോര്‍ക്ക്: ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നതിനിടെ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ യു.എസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഫിദല്‍ കാസ്‌ട്രോയുടെ 94 വയസ്സുകാരനായ സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ 1996ലെ ഒരു സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാനാണ് ശ്രമമെന്ന് വിവിധ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1996ല്‍ ബ്രദേഴ്‌സ് ടു റെസ്‌ക്യൂ എന്ന, കാസ്‌ട്രോയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചിരുന്ന സന്നദ്ധ സംഘടനയുടെ വിമാനം ക്യൂബ സര്‍ക്കാര്‍ വെടിവച്ചിട്ട സംഭവത്തിലാണ് കുറ്റം ചുമത്താനൊരുങ്ങുന്നതെന്നാണ് വിവരം. ക്യൂബക്കെതിരായ യു.എസ്. ഉപരോധം തുടരുന്നതിനിടെയാണ് പുതിയ നീക്കം.

യു.എസ്. ഉപരോധത്തെത്തുടര്‍ന്ന് ക്യൂബയിലേക്കുള്ള ഇന്ധന ഇറക്കുമതി ഏതാണ്ട് പൂര്‍ണമായും നിലച്ചിരുന്നു. വെനസ്വേലയില്‍ നിക്കോളാസ് മഡുറോ സര്‍ക്കാരിനെ യു.എസ് പുറത്താക്കിയതിന് പിറകെ ക്യൂബയിലും ഭരണമാറ്റത്തിനായി യു.എസ് ശ്രമിക്കുന്നതിന്റെ ഭാഗമായി ഉപരോധം വിലയിരുത്തപ്പെട്ടിരുന്നു.

ഫിദല്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായി ക്യൂബന്‍ പ്രസിഡന്റായ റൗള്‍ കാസ്‌ട്രോയെ ഇപ്പോഴും രാജ്യത്തെ ഏറ്റവും അധികാരമുള്ള നേതാവായാണ് കണക്കാക്കുന്നത്. കാസ്‌ട്രോയ്‌ക്കെതിരായി കുറ്റം ചുമത്താനുള്ള ഏത് നടപടിക്കും ഒരു ഗ്രാന്‍ഡ് ജൂറിയുടെ അനുമതി വേണം.

സി.ഐ.എ ഡയരക്ടര്‍ ജോണ്‍ റാഡ്ക്ലിഫിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘം ഹവാനയില്‍ ക്യൂബന്‍ ഭരണതലത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് റൗളിനെതിരേ കുറ്റം ചുമത്താന്‍ യു.എസ്. ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ‘അര്‍ത്ഥവത്തായ പരിഷ്‌കരണങ്ങള്‍’ നടത്തിയാല്‍ ക്യൂബക്ക് 10 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാമെന്ന് കൂടിക്കാഴ്ചയില്‍ യു.എസ്. സംഘം ക്യൂബക്ക് വാഗ്ദാനം നല്‍കിയിരുന്നു.

റൗള്‍ കാസ്‌ട്രോക്കെതിരെ കുറ്റം ചുമത്തിയാല്‍ അത് നിലവില്‍ യു.എസ്-ക്യൂബ ബന്ധത്തിലുള്ള പ്രതിസന്ധി രൂക്ഷമാവുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് യു.എസില്‍ അധികാരമേറ്റതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാനാരംഭിച്ചത്.

ക്യൂബയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തനിക്ക് അട്ടിമറിക്കണമെന്ന് ട്രംപ് പലതവണ പറഞ്ഞിരുന്നു. വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ യു.എസ്. ഭരണകൂടം തട്ടിക്കൊണ്ടു പോയതിന് ശേഷം ക്യൂബയാണ് അടുത്തതെന്ന് ട്രംപ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ജനുവരിയില്‍ വെനസ്വേലയില്‍ നിന്നുള്ള പണവും ഇന്ധനവും തടയുക എന്നതാണ് ക്യൂബക്കെതിരെ ട്രംപ് സ്വീകരിച്ച ആദ്യ നടപടി. പിന്നീട് ക്യൂബക്ക് ഇന്ധനം നല്‍കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന ചുങ്കം ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇത് ദ്വീപ് രാഷ്ട്രമായ ക്യൂബയെ അനൗദ്യോഗിക ഇന്ധന ഉപരോധത്തിന് കീഴിലാക്കി മാറ്റി.

ഇതിന് ശേഷം ക്യൂബക്ക് ഇന്ധനക്ഷാമവും വൈദ്യുതിക്ഷാമവും കാരണം 11 ദശലക്ഷത്തിന്റെ നഷ്ടം നേരിട്ടു. രാജ്യം പൂര്‍ണമായും എണ്ണക്ഷാമത്തിലേക്ക് പോകുകയാണെന്ന് ക്യൂബന്‍ ഊര്‍ജ മന്ത്രി വിസെന്റെ ഡെ ല ഒ ലെവി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ക്യൂബന്‍ ഭരണതലത്തിലെ ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ യു.എസ്. ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിരുന്നു. 1996ല്‍ വിമാനം വെടിവച്ചിട്ട സംഭവവുമായി ബന്ധം ആരോപിക്കപ്പെടുന്ന ഉന്നതര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടികളാണ് യു.എസ് പരിഗണിക്കുന്നത്. വാര്‍ത്താ ഏജന്‍സി റോയ്‌റ്റേഴ്‌സിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഫ്‌ലോറിഡ സംസ്ഥാനത്തെ അറ്റോണി ഓഫീസിന്റെ നേതൃത്വത്തിലാണ് യു.എസ്. ഈ ശ്രമങ്ങള്‍ നടത്തുന്നത്.

Content highlight: US seeks indictment of former Cuban leader Raul Castro