ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു: യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
World News
ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു: യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 7:23 am

വാഷിങ്ടണ്‍: ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഇരുപക്ഷവും പരസ്പരം വെടിവയ്ക്കുന്നത് നിര്‍ത്താന്‍ സമ്മതിക്കുക എന്നതാണെന്ന് റൂബിയോ പറഞ്ഞു.

മാത്രമല്ല ഭാവിയില്‍ യുദ്ധങ്ങളില്ലാതാക്കാനും സമാധാനത്തിനും സമാധാന നേട്ടങ്ങള്‍ക്കുമാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നും അതിന് വേണ്ടി മുന്‍കൈ എടുക്കുന്ന ഒരു പ്രസിഡന്റിനെ ലഭിച്ചതില്‍ നന്ദിയുള്ളവരാണെന്നും ട്രംപിനെ ഉദ്ധരിച്ച് റൂബിയോ പറഞ്ഞു.

ഇന്ത്യ-പാക് യുദ്ധത്തിലും കംബോഡിയയിലും തായ്‌ലന്‍ഡിലും ഉല്‍പ്പെടെ ട്രംപിന്റെ ഇടപെടലിന്റെ ഫലമായാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്ന് റൂബിയോ വാദിച്ചു. എന്‍.ബി.സി ന്യൂസ് മീറ്റ് ദി പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ ട്രംപിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെ വിശദീകരിച്ചിരുന്നു.

‘വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഇരുപക്ഷവും പരസ്പരം വെടിവയ്ക്കുന്നത് നിര്‍ത്താന്‍ സമ്മതിക്കുക എന്നതാണ്. റഷ്യക്കാര്‍ അതിന് സമ്മതിച്ചിട്ടില്ല. എല്ലാ ദിവസവും പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ എന്താണ് സംഭവിക്കുന്നതെന്നും കംബോഡിയയ്ക്കും തായ്‌ലന്‍ഡിനും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്നും ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഉക്രൈനില്‍ വെടിനിര്‍ത്തല്‍ വളരെ വേഗത്തില്‍ നടന്നേക്കാം, നമ്മള്‍ ഇവിടെ ലക്ഷ്യമിടുന്നത് ഒരു സമാധാന കരാറാണ്, അതിനാല്‍ ഇപ്പോള്‍ ഒരു യുദ്ധവുമില്ല, ഭാവിയിലും ഒരു യുദ്ധവുമില്ല.
നമ്മള്‍ വളരെ ഭാഗ്യവാന്മാരും അനുഗ്രഹീതരുമാണെന്ന് ഞാന്‍ കരുതുന്നു, സമാധാനവും സമാധാന നേട്ടവും തന്റെ ഭരണത്തിന്റെ മുന്‍ഗണനയാക്കി മാറ്റിയ ഒരു പ്രസിഡന്റിനെ ലഭിച്ചതില്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കണം.

കംബോഡിയയിലും തായ്‌ലന്‍ഡിലും നമ്മള്‍ അത് കണ്ടു. ഇന്ത്യയിലും പാകിസ്ഥാനിലും നമ്മള്‍ അത് കണ്ടു, റുവാണ്ടയിലും ഡി.ആര്‍.സിയിലും നമ്മള്‍ അത് കണ്ടു. ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ കഴിയുന്ന ഏതൊരു അവസരവും പിന്തുടരും,’ റൂബിയോ എന്‍.ബി.സി ന്യൂസ് മീറ്റ് ദി പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: US Secretary of State Marco Rubio says he is watching what is happening between India and Pakistan every day