ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളില്‍ ഇറാനെ പിന്തുണയ്ക്കുന്ന എല്ലാ കപ്പലുകളേയും തടയും: പുതിയ ഭീഷണിയുമായി യു.എസ്
World
ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളില്‍ ഇറാനെ പിന്തുണയ്ക്കുന്ന എല്ലാ കപ്പലുകളേയും തടയും: പുതിയ ഭീഷണിയുമായി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2026, 12:32 pm

 

പെന്റഗണ്‍: ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളിലുള്‍പ്പെടെയുള്ള മേഖലകളില്‍ ഇറാനെ പിന്തുണയ്ക്കുന്ന കപ്പലുകളെ പിന്തുടര്‍ന്ന് തടയുമെന്ന് യു.എസ്.

ഇറാനിയന്‍ എണ്ണ കടത്തുന്ന ‘ഡാര്‍ക്ക് ഫ്‌ലീറ്റ്’ കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ ആണ് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഇക്കാര്യം അറിയിച്ചത്.

ഇറാന് ഭൗതിക പിന്തുണ നല്‍കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളിലുള്ളവ ഉള്‍പ്പെടെയുള്ള ഏതൊരു കപ്പലിനെയും തടയാനാണ് യു.എസ് സംയുക്ത സേനയുടെ തീരുമാനം.

ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി പാശ്ചാത്യ ഇന്‍ഷുറന്‍സ്, ധനകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കുന്ന ടാങ്കറുകളുടെ കൂട്ടത്തെയാണ് ‘ഷാഡോ ഫ്‌ലീറ്റ്’ അല്ലെങ്കില്‍ ‘ഡാര്‍ക്ക് ഫ്‌ലീറ്റ്’ എന്ന് വിളിക്കുന്നത്. ഇവയെ ലക്ഷ്യമിടുന്നത് വഴി ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ തടയാനാണ് യു.എസ് ലക്ഷ്യമിടുന്നത്.

‘പസഫിക് പോലുള്ള ഉത്തരവാദിത്ത മേഖലകളിലൂടെ ഇറാന്റെ പതാകയുമായി കടന്നുപോകുന്ന ഏതൊരു കപ്പലിനെയും, അല്ലെങ്കില്‍ ഇറാന് ഭൗതിക പിന്തുണ നല്‍കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും യു.എസ് സംയുക്ത സേന സജീവമായി പിന്തുടരും, തടയും’ ഡാന്‍ കെയ്ന്‍ പറഞ്ഞു.

യു.എസ് നടപടി ഹോര്‍മുസ് കടലിടുക്കിനെതിരെയല്ല, മറിച്ച് ഇറാന്റെ തീരപ്രദേശങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും എതിരായ ഉപരോധമാണെന്ന് കെയ്ന്‍ ന്യായീകരിച്ചു. ഇറാന്റെ പ്രാദേശിക കടലുകളിലും അന്താരാഷ്ട്ര ജലാശയങ്ങളിലും നിര്‍ബന്ധിത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പിടിച്ചെടുത്തതിന് മറുപടിയായാണ് അമേരിക്ക ഉപരോധം കടുപ്പിച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്ന് ഇറാനിയന്‍ കപ്പലുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുകയും അയല്‍ രാജ്യങ്ങളിലേക്കുള്ള ഗതാഗതം തടയുകയും ചെയ്യുന്ന രീതി ഇറാന്‍ നടപ്പിലാക്കിയിരുന്നു. ഇതിനുപുറമെ, ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ വരെ ടോള്‍ ഈടാക്കാനുള്ള നീക്കവും ഇറാന്‍ നടത്തുന്നുണ്ട്.

എന്നാല്‍ യു.എസ് ഉപരോധം പസഫിക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ ചൈനയ്ക്ക് അതൃപ്തിയുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ചൈനീസ് റിഫൈനറികള്‍ക്ക് ഈ നടപടി തിരിച്ചടിയാകുമോയെന്നാണ് അറിയേണ്ടത്.

പസഫിക്കില്‍ ചൈനീസ് കപ്പലുകള്‍ യു.എസ് സൈന്യം തടയുമോ എന്ന ചോദ്യമാണ് വിശകലന വിദഗ്ധരും ഉയര്‍ത്തുന്നത്.

നിലവില്‍ പസഫിക്കില്‍ ചൈനയ്ക്ക് വലിയ സ്വാധീനമുണ്ട്. എന്നാല്‍ യു.എസ് ഉപരോധം നിലനില്‍ക്കെ തന്നെ ചൈനീസ് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നിട്ടുണ്ട്.

വിഷയത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി സംസാരിക്കുകയും നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവികസേനയുടെ സാന്നിധ്യം ശക്തമായി തുടരുമ്പോള്‍ തന്നെ നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നതായി ട്രാക്കിങ് ഡാറ്റകള്‍ വ്യക്തമാക്കുന്നുണ്ട്. ഇറാനിയന്‍ ചരക്കുകള്‍ വഹിക്കുന്ന കപ്പലുകള്‍ മേഖലയില്‍ നിന്ന് പുറത്തുകടക്കുന്നതായാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

പസഫിക് മേഖലയിലെ യുഎസ് നീക്കം വരും ദിവസങ്ങളില്‍ വരും ദിവസങ്ങളില്‍ ആഗോള വ്യാപാരത്തിലും സുരക്ഷയിലും ഏതെങ്കിലും രീതിയില്‍ സ്വാധീനം ചെലുത്തുമോയെന്ന് വ്യക്തമല്ല.

Content Highlight: US says it will pursue ships in Pacific Ocean supporting Iran