ഇന്ത്യന്‍ കപ്പല്‍ കമ്പനികളെ ഉപരോധിച്ച് അമേരിക്ക; ഇറാനുമായി അനധികൃത വ്യാപാരം നടത്തിയെന്ന് ആരോപണം
World News
ഇന്ത്യന്‍ കപ്പല്‍ കമ്പനികളെ ഉപരോധിച്ച് അമേരിക്ക; ഇറാനുമായി അനധികൃത വ്യാപാരം നടത്തിയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2024, 7:36 pm

വാഷിങ്ടൺ: ഇന്ത്യന്‍ കപ്പല്‍ കമ്പനികളെ ഉപരോധിച്ച് അമേരിക്ക. ഇറാനുമായി അനധികൃത വ്യാപാരം നടത്തിയെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യന്‍ കപ്പല്‍ കമ്പനികള്‍ക്കാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളുടെ കപ്പലുകള്‍ ഇറാന്‍ സൈന്യത്തിന് യു.എ.വി അടക്കമുള്ള ആയുധങ്ങള്‍ കൈമാറിയെന്നും അമേരിക്ക ആരോപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കപ്പലുകള്‍ മുഖേന ഇറാന്‍ നിര്‍മിത ആയുധങ്ങള്‍ ഉക്രൈയിനിലെ യുദ്ധത്തിനായി റഷ്യയിലേക്ക് കടത്തുന്നുവെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

‘സഹാറ തണ്ടര്‍’ എന്ന കമ്പനിയെ പിന്തുണച്ചതിന് സെന്‍ ഷിപ്പിങ്, പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സീ ആര്‍ട്ട് ഷിപ്പ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് ഇന്ത്യന്‍ കമ്പനികളെയാണ് യു.എസ് ഉപരോധിച്ചിരിക്കുന്നത്.

യു.എ.വികളും മറ്റ് സൈനിക ഹാര്‍ഡ്വെയറുകളും റഷ്യയിലേക്ക് എത്തുന്നതിലൂടെ തങ്ങളുടെ പ്രതിരോധ മന്ത്രാലയം നേരിടുന്ന വെല്ലുവിളികള്‍ രൂക്ഷമാകുകയാണെന്നും യു.എസ് ചൂണ്ടിക്കാട്ടി

ഇറാന്‍ ആസ്ഥാനമായുള്ള ഏഷ്യ മറൈന്‍ ക്രൗണ്‍ ഏജന്‍സി ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ തുറമുഖ ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇവ നിരവധി സഹാറ തണ്ടര്‍ കമ്പനിയെ പിന്തുണക്കുന്നുണ്ടെന്നും യു.എസ് ട്രഷറി പറയുന്നു.

ഇറാനും ഇസ്രഈലും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ടെഹ്റാനുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളെ ഉപരോധിക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിലെ മൂന്ന് കപ്പലുകളെ യു.എസ് ഉപരോധിച്ചത്.

അതേസമയം ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ചുമത്താന്‍ യു.എസ് തയ്യാറെടുക്കുന്നതായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ നേരത്തെ പറഞ്ഞിരുന്നു. ഇസ്രഈലിനെതിരെ മുന്നൂറോളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.

Content Highlight: US sanctions Indian shipping companies