യു.എസ് ഉപരോധം മറികടന്ന് ഹോര്‍മുസിലൂടെ ചൈനീസ് ടാങ്കറുകള്‍; ഇറാനുമായുള്ള ഇടപാടില്‍ ഇടപെടരുതെന്ന് യു.എസിന് താക്കീത്
World
യു.എസ് ഉപരോധം മറികടന്ന് ഹോര്‍മുസിലൂടെ ചൈനീസ് ടാങ്കറുകള്‍; ഇറാനുമായുള്ള ഇടപാടില്‍ ഇടപെടരുതെന്ന് യു.എസിന് താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2026, 12:19 pm

വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാനെ ലക്ഷ്യമാക്കി അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് ചൈനീസ് ടാങ്കറുകള്‍ യാത്ര തുടരുന്നതായി റിപ്പോര്‍ട്ട്.

യു.എസ് വിലക്ക് നിലനില്‍ക്കെ തന്നെ, ഉപരോധ പട്ടികയിലുള്ള ചൈനീസ് ടാങ്കറുകള്‍ കടലിടുക്ക് കടന്നതായി അന്താരാഷ്ട്ര ഷിപ്പിങ് ഡാറ്റകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 14 ചൊവ്വാഴ്ച പുറത്തുവന്ന എല്‍.എസ്.ഇ.ജി (LSEG), മറൈന്‍ ട്രാഫിക്, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, അമേരിക്ക ഉപരോധിച്ച ചൈനീസ് ടാങ്കറായ ‘റിച്ച് സ്റ്റാറി’ (Rich Starry) ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടതായി കാണിക്കുന്നുണ്ട്.

ഇറാനുമായുള്ള ഇടപാടുകളുടെ പേരില്‍ യു.എസ് കരിമ്പട്ടികയില്‍പ്പെടുത്തിയ ഷാങ്ഹായ് ഷുവാന്റണ്‍ ഷിപ്പിങ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. യു.എസ് ഉപരോധം ആരംഭിച്ചതിന് ശേഷം ഹോര്‍മൂസ് കടക്കുന്ന ആദ്യ കപ്പലാണിത്.

ഏകദേശം 250,000 ബാരല്‍ മെഥനോള്‍ വഹിക്കുന്ന ഈ ഇടത്തരം ടാങ്കര്‍, യു.എ.ഇയിലെ ഹംരിയ തുറമുഖത്ത് നിന്നാണ് ചരക്ക് കയറ്റിയത്. പൂര്‍ണ്ണമായും ചൈനീസ് ജീവനക്കാരുള്ള ഈ കപ്പലിന് പിന്നാലെ ‘മുര്‍ലികിഷന്‍’ (Murlikishan) എന്ന മറ്റൊരു ടാങ്കറും കടലിടുക്കിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യന്‍, ഇറാനിയന്‍ ഓയില്‍ ഷിപ്പിങ്ങിന് മുമ്പ് ഉപയോഗിച്ചിട്ടുള്ള ഈ കപ്പല്‍ ഏപ്രില്‍ 16ന് ഇറാഖില്‍ നിന്ന് ഇന്ധനം നിറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ഇറാനുമായുള്ള ഉന്നതതല ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 11നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം പ്രഖ്യാപിച്ചത്.

ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള എല്ലാ പ്രവേശനവും തടയുമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപയോഗിക്കുന്ന ഏത് രാജ്യത്തെ കപ്പലുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിഷ്പക്ഷ പാതയിലൂടെയുള്ള ഗതാഗതത്തെ ഉപരോധം ബാധിക്കില്ലെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, സംശയമുള്ള കപ്പലുകള്‍ തടയാനും പരിശോധിക്കാനും പിടിച്ചെടുക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് യു.എസ് നിലപാട്.

അതേസമയം അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തില്‍ ഇടപെടരുതെന്ന് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറല്‍ ഡോങ് ജുന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

‘ഇറാനുമായി ഞങ്ങള്‍ക്ക് ഊര്‍ജ-വ്യാപാര കരാറുകളുണ്ട്. ഹോര്‍മുസ് കടലിടുക്ക് ചൈനയ്ക്കായി തുറന്നിടണം,’ അദ്ദേഹം പറഞ്ഞു.

ചൈനയുടെ ആവശ്യത്തിനുള്ള എണ്ണയുടെ 40 ശതമാനവും എല്‍.എന്‍.ജിയുടെ 30 ശതമാനവും ഈ ജലപാതയിലൂടെയാണ് വരുന്നത്. അതിനാല്‍ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ചൈനയുടെ സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കും.

മേഖലയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണങ്ങളെ ചൈന നേരത്തെ തന്നെ അപലപിച്ചിരുന്നു. ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ വധിക്കുന്നതും ഭരണമാറ്റത്തിന് ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി.

ഇതിനിടെ ഇറാനിലേക്ക് ചൈന വ്യോമ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും അയക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൈന തള്ളിക്കളഞ്ഞു. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പുതിയ ഉപരോധം ലോകമെമ്പാടുമുള്ള ഊര്‍ജ്ജ വിപണിയെയും ആഗോള സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Content Highlight: US-sanctioned tankers pass Strait of Hormuz despite US blockade, data shows