മെക്സിക്കോ സിറ്റി: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തി മെക്സിക്കോ. ലോകമെമ്പാടും അമേരിക്ക താരിഫ് യുദ്ധം നടത്തുന്നതിന് പിന്നാലെയാണ് മെക്സിക്കോ 50% വരെ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.
സെനറ്റ് ഈ നിർദേശം അംഗീകരിച്ചെന്നും പുതിയ താരിഫുകൾ അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടുകളുണ്ട്. 1400ലധികം ഉത്പന്നങ്ങൾക്കാണ് മെക്സിക്കോ തീരുവ ചുമത്താനിരിക്കുന്നത്.
ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം മെക്സിക്കോയുമായി വ്യാപാര കരാറില്ലാത്ത ഏഷ്യൻ രാജ്യങ്ങളെയും ഈ തീരുമാനം ബാധിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മെക്സിക്കോയിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുക, സുരക്ഷാ നിലവാരമില്ലാത്ത ഉത്പന്നങ്ങളെ തടയുക, അമേരിക്കൻ വിപണിയിൽ സ്വാധീനം ചെലുത്തുക എന്നിവയാണ് ഈ തീരുവ ചുമത്തലിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര വ്യവസായ സംഘടനകളുടെ പ്രതിഷേധവും ചൈനയുടെ ശക്തമായ എതിർപ്പും തളളികളഞ്ഞുകൊണ്ടാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.
അടുത്ത വർഷം മുതൽ ഓട്ടോമൊബൈൽസ്, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്കുകൾ, ലോഹങ്ങൾ, ചെരുപ്പുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾക്ക് മുഴുവൻ തീരുവ ചുമത്തുകയോ 35 ശതമാനമായി ഉയർത്തുകയോ ചെയ്യുമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.
ഈ വർഷം സെപ്റ്റംബറിലായിരുന്നു മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം തീരുവ നിർദേശം അവതരിപ്പിച്ചത്.
യു.എസ്.എം.സി.എ (യുണൈറ്റഡ് സ്റ്റേറ്റ്സ്- മെക്സിക്കോ- കാനഡ) വ്യാപാര കരാറിന്റെ അടുത്ത അവലോകനത്തിന് മുന്നോടിയായി യു.എസിനെ പ്രീതിപ്പെടുത്തുക എന്നതാണ് മെക്സിക്കോയുടെ ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വിശകലന വിദഗ്ധരും സ്വകാര്യ മേഖലയും വാദിക്കുന്നു.
ചൈന, വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ കാനഡയെയും മെക്സിക്കോയെയും കയറ്റുമതി കേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ ആഴ്ച യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ വാദിച്ചിരുന്നു.
Content Highlight: US pressure? Mexico imposes tariffs of up to 50% on countries including India