അന്താരാഷ്ട്ര സമിതിയെ പരാമർശിക്കാതെ ട്രംപിന്റെ ഗസ പദ്ധതിക്ക് റഷ്യയുടെ ബദൽ
World
അന്താരാഷ്ട്ര സമിതിയെ പരാമർശിക്കാതെ ട്രംപിന്റെ ഗസ പദ്ധതിക്ക് റഷ്യയുടെ ബദൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th November 2025, 12:48 pm

മോസ്‌കോ: ഗസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ കരട് രേഖയുമായി റഷ്യ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന കരാറിന് ബദലായുള്ള പദ്ധതിയാണ് റഷ്യ മുമ്പോട്ട് വെച്ചത്. ഗസയില്‍ ഒരു അന്താരാഷ്ട്ര സ്റ്റെബിലിറ്റി സേനയെ വിന്യസിക്കാന്‍ ആവശ്യമായ ഓപ്ഷനുകള്‍ കണ്ടെത്തണമെന്നാണ് പദ്ധതിയിലെ നിര്‍ദേശം.

യു.എസ് മുമ്പോട്ട് വെച്ച സമാധാന പദ്ധതിയിലെ ട്രംപിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ റഷ്യയുടെ പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ കൗണ്‍സിലാണ് റഷ്യ ബദല്‍ പദ്ധതി അവതരിപ്പിച്ചത്. യു.എസിന്റെ കരടില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടുള്ള എതിര്‍ നിര്‍ദേശമെന്നാണ് റഷ്യ തങ്ങളുടെ പദ്ധതിയെ വിശേഷിപ്പിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘട്ടനത്തില്‍ ശാശ്വതമായ അന്ത്യം കുറിക്കാന്‍ ലക്ഷ്യമിടുന്നതും എല്ലാവര്‍ക്കും നീതിയുക്തവും സ്വീകാര്യവുമായ ഒരു കരാര്‍ രൂപീകരിക്കാന്‍ സുരക്ഷാ കൗണ്‍സിലിനെ സഹായിക്കുക എന്നതുമാണ് തങ്ങളുടെ നിര്‍ദേശത്തിന്റെ ലക്ഷ്യമെന്ന് റഷ്യന്‍ യു.എന്‍ മിഷന്‍ പറഞ്ഞു.

നേരത്തെ, ഫലസ്തീനിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് യു.എസ് 21 ഇന പദ്ധതി അവതരിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, റഷ്യ, ചൈന, ചില അറബ് രാഷ്ട്രങ്ങള്‍ എന്നിവര്‍ ഇതിനെ എതിര്‍ത്തു.

ചൈനയും റഷ്യയും യു.എസിന്റെ പദ്ധതിയിലെ ട്രംപിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി എന്ന നിര്‍ദേശം പ്രമേയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് യു.എന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിനോട് യു.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ് പ്രമേയവും റഷ്യയുടെ പ്രമേയവും അടുത്ത ആഴ്ച തുടക്കത്തില്‍ കൗണ്‍സില്‍ വോട്ടിനിടും.

നേരത്തെ, യു.എസ് മുന്നോട്ട് വെച്ച 21ഇന പദ്ധതി ഫലസ്തീന്‍ സായുധ സംഘമായ ഹമാസും ഇസ്രഈലും അംഗീകരിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഗസയില്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇസ്രഈല്‍ വീണ്ടും ഗസയില്‍ ആക്രമണം നടത്തിയിരുന്നു.

Content Highlight: US presses for approval of UN resolution on Gaza as Russia offers rival proposal