വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ ജോ ബൈഡന്‍; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും; ഫലസ്തീന് 316 മില്യണ്‍ ഡോളറിന്റെ സാമ്പത്തികസഹായം
World News
വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ ജോ ബൈഡന്‍; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും; ഫലസ്തീന് 316 മില്യണ്‍ ഡോളറിന്റെ സാമ്പത്തികസഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 1:49 pm

ജെറുസലേം: നാല് ദിവസം നീണ്ടുനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ ജോ ബൈഡന്‍. ഇസ്രഈല്‍ സന്ദര്‍ശനത്തിന് ശേഷം, സൗദിയിലേക്ക് പോകുന്നതിന് മുമ്പായാണ് വെള്ളിയാഴ്ച ബൈഡന്‍ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുന്നത്.

ഇസ്രഈലിനും ഫലസ്തീനുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ‘ടു സ്‌റ്റേറ്റ് സൊല്യൂഷന്‍’ എന്ന ആശയത്തെ പിന്തുണക്കുന്നത് തുടരുമെങ്കിലും വലിയ രാഷ്ട്രീയ തീരുമാനങ്ങള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബൈഡന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഫലസ്തീന്‍ ജനതക്ക് വേണ്ടി പുതിയ സാമ്പത്തിക- സാങ്കേതിക സഹായ പദ്ധതി യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. 316 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം വൈറ്റ് ഹൗസില്‍ നിന്ന് വന്നത്.

സന്ദര്‍ശനത്തിനിടെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ബെത്‌ലഹേമില്‍ വെച്ച് ബൈഡന്‍ ചര്‍ച്ച നടത്തിയേക്കും. ഇതിന് ശേഷം മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായി ബൈഡന്‍ സൗദിയിലേക്ക് പോകും.

നേരത്തെ ഇസ്രഈലിലെത്തിയ ബൈഡന്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ സംയുക്തമായി ഇറാന്‍ വിരുദ്ധ ആണവ പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു. ഇറാന്റെ ആണവകരാറിനും പദ്ധതികള്‍ക്കും എതിരായാണ് പ്രസ്താവന.

ജൂലൈ 13 മുതല്‍ 16 വരെയാണ് ബൈഡന്റ സൗദി അറേബ്യ, ഇസ്രഈല്‍ സന്ദര്‍ശനം. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.

സൗദിയില്‍ ജി.സി.സി, ജോര്‍ദാനിയന്‍, ഈജിപ്ഷ്യന്‍ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തിയേക്കും.

Content Highlight: US President Joe Biden heads to West Bank, will meet Palestine President Mahmoud Abbas