ഇറാന്‍ ബുദ്ധിപൂര്‍വം പെരുമാറണം, പെട്ടന്ന് കരാറിലെത്തണമെന്ന് തോക്കുമായി ട്രംപ്; തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം നീട്ടാന്‍ യു.എസ്
World News
ഇറാന്‍ ബുദ്ധിപൂര്‍വം പെരുമാറണം, പെട്ടന്ന് കരാറിലെത്തണമെന്ന് തോക്കുമായി ട്രംപ്; തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം നീട്ടാന്‍ യു.എസ്
ആദര്‍ശ് എം.കെ.
Wednesday, 29th April 2026, 6:50 pm

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം എത്രയും വേഗം കരാറിലെത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലും, ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം യു.എസ് നീട്ടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനും പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. തോക്കുമായി നില്‍ക്കുന്ന തന്റെ ഒരു എ.ഐ ചിത്രം പങ്കുവെച്ചുകൊണ്ട് ഇറാന്‍ ‘എത്രയും വേഗം വിവേകപൂര്‍വ്വം പെരുമാറുന്നതാണ് നല്ലത്’എന്ന് അദ്ദേഹം കുറിച്ചു.

ഒരു ആണവായുധ രഹിത കരാറിനെയാണ് ട്രംപ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.

‘ഒരു ആണവായുധ രഹിത കരാറില്‍ എങ്ങനെ ഒപ്പിടണമെന്ന് അവര്‍ക്കറിയില്ല. അവര്‍ എത്രയും വേഗം ബുദ്ധിപൂര്‍വ്വം പെരുമാറുന്നതാണ് നല്ലത്!’ പോസ്റ്റിലെഴുതി.

ഇറാന്‍ ഭരണകൂടത്തിന് കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല എന്നും ട്രംപ് പരിഹസിച്ചു.

സോഷ്യല്‍ മീഡിയയില്‍പങ്കുവെച്ച ചിത്രത്തില്‍ ‘ഇനി വിട്ടുവീഴ്ചയില്ല’ (No more Mr. Nice Guy) എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

ഇറാനിലെ തുറമുഖങ്ങളിലെ ഉപരോധം തുടരാന്‍ ട്രംപ് ഉദ്യോഗസ്ഥക്ക് നിര്‍ദേശം നല്‍കിയതായാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇറാനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ കണക്കുകൂട്ടല്‍.

വീണ്ടും ബോംബാക്രമണം നടത്തുന്നതോ അല്ലെങ്കില്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുന്നതോ കൂടുതല്‍ അപകടസാധ്യതയുള്ളതിനാലാണ് സാമ്പത്തിക സമ്മര്‍ദം തുടരാന്‍ ട്രംപ് തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ അവകാശത്തെ അമേരിക്ക അംഗീകരിക്കണമെന്നാണ് ഇറാന്റെ ആവശ്യം. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുകയും കപ്പല്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തതിനുശേഷം മാത്രമേ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യൂ എന്നാണ് ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശം.

എന്നാല്‍ ചര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ ആണവ വിഷയം ചര്‍ച്ച ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം ഇറാന്‍ അംഗീകരിച്ചിട്ടില്ല. നിലവില്‍ ഇറാന്റെ കൈവശം 60% വരെ സമ്പുഷ്ടീകരിച്ച ഏകദേശം 440 കിലോഗ്രാം യുറേനിയം ശേഖരമുണ്ട്.

അതേസമയം, ബദല്‍ വ്യാപാര മാര്‍ഗങ്ങളുണ്ടെന്നും ഉപരോധത്തെ തങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുമെന്നുമാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫെബ്രുവരി 28 മുതല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള മിക്ക കപ്പല്‍ ഗതാഗതവും ഇറാന്‍ തടഞ്ഞിരിക്കുകയാണ്.

 

Content highlight: US President Donald Trump urges Iran regime to reach deal as soon as possible

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.