ഇന്ത്യയുമായുള്ള വിള്ളലിന് കാരണം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത്; 50 ശതമാനം തീരുവയില്‍ പകുതിയും അതിനുള്ള പിഴ
World
ഇന്ത്യയുമായുള്ള വിള്ളലിന് കാരണം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത്; 50 ശതമാനം തീരുവയില്‍ പകുതിയും അതിനുള്ള പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2025, 8:59 am

 

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയത് ഇന്ത്യയുമായുള്ള വിള്ളലിന് കാരണമാകുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാന്‍ 50 % തീരുവ ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയത്. ഇത് എളുപ്പമായ കാര്യമല്ല. ഇന്ത്യയുമായുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടാക്കുന്നു.’ ട്രംപ് പറഞ്ഞു. ഫോക്‌സ് ടി.വി ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ യു.എസ് വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യു.എസ് പ്രതിനിധിയായി നിയമിതനാകാന്‍ പോകുന്ന സെര്‍ജിയോ ഗോര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ട്രംപും മോദിയും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധമെന്നും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ട്രംപ് സ്പഷ്ടമായി പറഞ്ഞതാണെന്നും സെര്‍ജിയോ ഗോര്‍ പറഞ്ഞു.

ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഉടന്‍ തന്നെ ഇന്ത്യയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോകാമെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഫോര്‍വാര്‍ഡ് ലുട്‌നിക് സൂചിപ്പിച്ചു.

അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യ നേരിടുന്ന 50 % താരിഫ് നിരക്കില്‍ പകുതിയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴയാണ്.

ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ റഷ്യയുടെ വരുമാനം കുറയുകയും ഉക്രൈനിലെ യുദ്ധം നിര്‍ത്തലാക്കാന്‍ കഴിയുമെന്നും അമേരിക്ക വിശ്വസിക്കുന്നു. എന്നാല്‍ ദേശീയ താത്പര്യവും മെച്ചപ്പെട്ട വിലയും മാത്രമാണ് തങ്ങള്‍ എണ്ണ വാങ്ങുന്നതിനു കാരണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച ചോദ്യത്തില്‍ അത് എളുപ്പമുള്ള കാര്യമല്ലെന്നും ഇത് തങ്ങളുടെ മാത്രമായ പ്രശ്നത്തെക്കാള്‍ വലുതാണെന്ന് ഓര്‍ക്കുകയെന്നും ട്രംപ് മറുപടി പറഞ്ഞു.

അതേസമയം രണ്ടാം തവണ പ്രസിഡന്റായതിനു ശേഷം നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിച്ചുവെന്ന അവകാശ വാദവും ട്രംപ് ആവര്‍ത്തിച്ചു.

‘ഞാന്‍ ഏഴ് യുദ്ധങ്ങള്‍ പരിഹരിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചു. കോംഗോ റുവാണ്ട യുദ്ധവും ഞാന്‍ പരിഹരിച്ചു. 31 വര്‍ഷമായി അത് തുടര്‍ന്നു ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പരിഹരിക്കാനാകാത്ത യുദ്ധങ്ങള്‍ ഞാന്‍ പരിഹരിച്ചു’ ട്രംപ് വാദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളില്‍ അയവ് വന്നതായി ട്രംപ് സൂചന നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രിയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചു.

‘എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും വിജയകരമായ ഒരു നിഗമനത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.’ ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.

മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി നല്‍കിയ പ്രധാനമന്ത്രി മോദി, ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ ശക്തി വീണ്ടും ഉറപ്പിക്കുകയും പങ്കാളിത്തത്തിന്റെ സാധ്യതകള്‍ തുറക്കുന്നതിനായി വഴിയൊരുക്കുമെന്നും പറഞ്ഞു.

Content Highlight: US President Donald Trump has said that imposing tariffs on India for buying oil from Russia is causing a rift with India.