വാഷിങ്ടണ്‍: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് സഹായവാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച താന്‍ റദ്ദാക്കിയെന്നും പ്രതിഷേധക്കാര്‍ സമരം തുടരാനും ട്രംപ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കുള്ള സഹായം ഉടനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ 2,000ഓളം ആളുകള്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
‘ഇറാനിയന്‍ രാജ്യസ്നേഹികളേ, നിങ്ങള്‍ പ്രതിഷേധം തുടരുക, നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുക. കൊലപാതകികളുടെയും അതിക്രമം ചെയ്തവരുടെയും പേരുകള്‍ നിങ്ങള്‍ മറന്നുപോകാതിരിക്കുക. അവരോരുത്തരും വലിയ വില നല്‍കേണ്ടി വരും.
പ്രതിഷേധക്കാരെ കൊലപ്പെടുന്നത് അവസാനിപ്പിക്കും വരെ എല്ലാ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളെല്ലാം തന്നെ ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കുള്ള സഹായം ഉടനെത്തും. MIGA! (മേക്ക് ഇറാന്‍ ഗ്രേറ്റ് എഗെയ്ന്‍),’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
അമേരിക്ക ഇറാനെ ആക്രമിക്കുമെന്നതിന്റെ സൂചനയാണോ ട്രംപിന്റെ ‘സഹായം ഉടനെത്തും’ എന്ന പ്രസ്താവനയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചകളുടെ പാതയാണ് അമേരിക്ക സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ഇറാന്റെ ശ്രമത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. ഒരു യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ രാജ്യം അതിന് സജ്ജമാണെന്നും അരാഗ്ചി പ്രതികരിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ഭരണമാറ്റത്തെയാണ് ഉന്നംവയ്ക്കുന്നത്. ഇസ്രഈല്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി അമേരിക്കയെയും യുദ്ധത്തിലേക്ക് നയിക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു.
എന്നാല്‍ യുദ്ധഭീഷണി നിലനില്‍ക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങള്‍ തുടരുന്നുണ്ടെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും യുദ്ധഭീഷണിക്ക് വഴങ്ങാന്‍ തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ അമേരിക്കയുമായി രഹസ്യ ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന നയത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.