നടുറോഡിൽ 'ഖാണ്ഡ' വെച്ച് അഭ്യാസം; സിഖ് വംശജനെ വെടിവെച്ചുകൊന്ന് യു.എസ് പൊലീസ്
Trending
നടുറോഡിൽ 'ഖാണ്ഡ' വെച്ച് അഭ്യാസം; സിഖ് വംശജനെ വെടിവെച്ചുകൊന്ന് യു.എസ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2025, 11:00 am

ലോസാഞ്ചലസ്: ലോസാഞ്ചൽസിൽ നടുറോട്ടിൽ വെച്ച് പാരമ്പരാഗത സിഖ് ആയുധമായ ഖാണ്ഡ ഉപയോഗിച്ച് അഭ്യാസം നടത്തിയ സിഖ് വംശജനെ യു.എസ് പൊലീസ് വെടിവെച്ചുകൊന്നു. ലോസ് ഏഞ്ചൽസ് നഗരത്തിലെ ക്രിപ്‌റ്റോ.കോം അരീനയ്ക്ക് സമീപമാണ് സംഭവം. ആയുധവുമായി ഇയാൾ നഗരത്തിലൂടെ ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസിന്റെ നിർദേശങ്ങൾ അനുസരിക്കാതെ വന്നതോടെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ലോസാഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഗുർപ്രീത് സിങ് വാഹനങ്ങൾക്ക് പുറകെ ആയുധവുമായി ഓടുന്നതും പേടിപ്പെടുത്തുന്നതും കാണാം. പൊലീസ് നിരവധി തവണ ഇയാളോട് ആയുധം താഴെവെച്ച് കീഴടങ്ങാൻ പറയുന്നുണ്ടെങ്കിലും അതനുസരിക്കാതെ ഇയാൾ വീണ്ടും നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ഇന്ത്യൻ ആയോധന കലകളിൽ ഉപയോഗിക്കുന്ന ഇരുതല മൂർച്ചയുള്ള വാളായ ഖാണ്ഡ ഉപയോഗിച്ചാണ് ഇയാൾ പരാക്രമം നടത്തിയത്.

ജൂലൈ 13ന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ഫിഗേറോവ സ്ട്രീറ്റിന്റെയും ഒളിമ്പിക് ബൊളിവാർഡിന്റെയും തിരക്കേറിയ ജങ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാഹനത്തിൽ വന്ന ഗുർപ്രീത് സിങ് വാഹനം ഒരു വശത്ത് നിർത്തിയിട്ട ശേഷമാണ് ഖാണ്ഡ വെച്ചുള്ള അഭ്യാസം നടത്തിയത്. ആയുധം താഴെയിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല.

തുടർന്ന് പൊലീസ് ഇയാൾക്കടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഗുർപ്രീത് സിങ് കുപ്പിയെറിഞ്ഞ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്നപ്പോൾ ഗുർപ്രീത് സിങ് അലക്ഷ്യമായി വാഹനം ഓടിക്കുകയും ഒടുവിൽ മറ്റൊരു പൊലീസ് വണ്ടിയുമായി കൂട്ടിയിടിക്കുകയും ചെയ്തു. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ ഗുർപ്രീത് സിങ് ആയുധവുമായി പൊലീസിന് നേരെ പാഞ്ഞടുത്തു. അപ്പോഴാണ് വെടിയുതിർത്തത്. തങ്ങൾക്ക് നേരെ ആക്രമിക്കാൻ എത്തിയതിനാലാണ് വെടിവച്ചതെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുർപ്രീത് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: US police shoot dead Sikh man while practicing ‘Khanda’ in the middle of the road