ക്യൂബയുടെ പ്രതിസന്ധിയില്‍ വിമര്‍ശനം; ഒടുവില്‍ വെനസ്വേലന്‍ എണ്ണ ക്യൂബയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച് യു.എസ്;കടുത്ത നിബന്ധന
Cuba Sanctions
ക്യൂബയുടെ പ്രതിസന്ധിയില്‍ വിമര്‍ശനം; ഒടുവില്‍ വെനസ്വേലന്‍ എണ്ണ ക്യൂബയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച് യു.എസ്;കടുത്ത നിബന്ധന
അനിത സി
Thursday, 26th February 2026, 3:34 pm

വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഊര്‍ജ രംഗത്തും ദൈനംദിന ജീവിതത്തിലും കടുത്ത പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് വെനസ്വേലയുടെ എണ്ണ വീണ്ടും വില്‍ക്കാന്‍ തീരുമാനിച്ച് യു.എസ്.

വാണിജ്യവും മാനുഷികവുമായ ആവശ്യങ്ങള്‍ക്കായി വെനസ്വേലന്‍ എണ്ണ വീണ്ടും ക്യൂബയ്ക്ക് വില്‍ക്കുമെന്നും എണ്ണ വില്‍ക്കാന്‍ ലൈസന്‍സ് തേടുന്ന കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്നും യു.എസ് ട്രഷറി വകുപ്പ് ബുധനാഴ്ച പറഞ്ഞു.

എന്നാല്‍, പുതിയതായി എണ്ണ വാങ്ങുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ നിന്നും ക്യൂബന്‍ സൈന്യവുമായോ, അന്വേഷണ ഏജന്‍സികളുമായോ, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ ബന്ധമുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയും പൂര്‍ണമായും ഒഴിവാക്കുമെന്നും യു.എസ് ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതിന് പിന്നാലെയാണ് യു.എസ് വെനസ്വേലയുടെ എണ്ണ ക്യൂബയ്ക്ക് വില്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ക്യൂബയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും ഏറ്റവും വലിയ എണ്ണ ദാതാവുമായിരുന്നു വെനസ്വേല. കഴിഞ്ഞ 25 വര്‍ഷമായി വെനസ്വേലയാണ് ക്യൂബയുടെ അസംസ്‌കൃത എണ്ണയുടെയും ഇന്ധനത്തിന്റെയും പ്രതിസന്ധി പരിഹരിച്ചിരുന്നത്.

വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം പൂര്‍ണമായും ഇപ്പോള്‍ യു.എസിന്റെ കയ്യിലാണ്. കഴിഞ്ഞദിവസം, 80 ബില്യണ്‍ ഗാലണ്‍ എണ്ണ വെനസ്വേലയില്‍ നിന്ന് മാത്രം ലഭിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

അതേസമയം, എണ്ണ ഇറക്കുമതി നിലച്ചതോടെ ക്യൂബയുടെ പൊതുആരോഗ്യരംഗവും ഊര്‍ജരംഗവുമെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്.

തുടര്‍ന്ന് ലോകരാജ്യങ്ങള്‍ യു.എസിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ യു.എസ് ട്രഷറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Content Highlight: US Plans to allows Venezuelan oil sales to Cuba

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.