ന്യൂദൽഹി: അമേരിക്ക നാടുകടത്തിയ ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സൈനിക വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. നാടുകടത്തപ്പെട്ട യാത്രക്കാരിൽ 25 സ്ത്രീകളും 12 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും.
പഞ്ചാബ് സർക്കാർ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും വിമാനത്താവളത്തിൽ കൗണ്ടറുകൾ സ്ഥാപിക്കുമെന്നും പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) ഗൗരവ് യാദവ് ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബ് എൻ.ആർ.ഐ കാര്യ മന്ത്രി കുൽദീപ് സിങ് ധാലിവാൾ ചൊവ്വാഴ്ച യു.എസ് സർക്കാരിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകിയ ഈ വ്യക്തികളെ നാടുകടത്തുന്നതിന് പകരം സ്ഥിര താമസം നൽകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യു.എസിൽ താമസിക്കുന്ന പഞ്ചാബികളുടെ ആശങ്കകളും താത്പര്യങ്ങളും ചർച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്.
രേഖകളില്ലാത്ത വിദേശ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അനധികൃതമായി കുടിയേറിയ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരെ ഉൾപ്പെടുത്തിയ ഒരു ലിസ്റ്റ് യു.എസ് പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യ പടിയോണമെന്നാണ് 205 ആളുകളെയും വഹിച്ചുകൊണ്ടുള്ള ആദ്യ സൈനിക വിമാനം ഇന്ത്യയിലെത്തിയത്.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ സഹകരിക്കാം എന്ന് ഇന്ത്യ പ്രസ്താവിച്ചിട്ടും ഇന്ത്യക്കാരെ ഇങ്ങനെ മിലിറ്ററി പ്ലൈനിൽ തിരിച്ചയക്കുക ആണ് അമേരിക്ക ചെയ്തത്.
Content Highlight: US plane carrying over 100 deported Indians to land in Amritsar