വെനസ്വേലക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം; സംയമനം പാലിക്കണമെന്ന് യു.എൻ
Venezuela
വെനസ്വേലക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം; സംയമനം പാലിക്കണമെന്ന് യു.എൻ
ശ്രീലക്ഷ്മി എ.വി.
Thursday, 18th December 2025, 12:03 pm

ന്യൂയോർക്ക്: വെനസ്വേലൻ എണ്ണകപ്പലുകൾക്ക് സമ്പൂർണ ഉപരോധം ഏർപ്പെടുത്താനുള്ള യു.എസ് തീരുമാനത്തെ തുടർന്നുള്ള സംഘർഷങ്ങൾക്കിടയിൽ സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

ഏതൊരു അഭിപ്രായ വ്യത്യാസവും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

സംഘർഷാവസ്ഥ ഒഴിവാക്കുന്നതിലാണ് യു.എൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിന് സംയമനം പാലിക്കണമെന്നും സ്ഥിതി ഗതികൾ ഉടനടി ലഘൂകരിക്കണമെന്നും യു.എൻ ആഹ്വാനം ചെയ്തു.

സമാധാനം നിലനിർത്തുന്നതിന് ബാധകമായ നിയമങ്ങളുൾപ്പെടെ അന്താഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകളെ മാനിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു.

അംഗരാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ നിലപാട് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വെനസ്വേല ഐക്യരാഷ്ട്രസഭയിൽ ഈ വിഷയം അവതരിപ്പിച്ചാൽ ഭൂരിഭാഗം സുരക്ഷാ കൗൺസിൽ അംഗങ്ങളും അത് പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെനസ്വേലൻ എണ്ണ കപ്പലുകൾക്ക് സമ്പൂർണ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം നാവിക കടൽക്കൊള്ളയുടെ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് വെനസ്വേല പ്രതികരിച്ചിരുന്നു.

വെനസ്വേലയുടെ എണ്ണ, ഭൂമി, ധാതു സമ്പത്ത് എന്നിവ യു.എസിന്റെ സ്വത്താണെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതിയിരിക്കുന്നതെന്നും വെനസ്വേല വിമർശിച്ചു.

കഴിഞ്ഞ നാലുമാസമായി കരീബിയൻ മേഖലയിൽ യു.എസ് സൈനിക സാന്നിധ്യം കടുപ്പിച്ചിട്ടുണ്ട്. വെനസ്വേലക്ക് നേരെ ഉടൻ തന്നെ കര ആക്രമണം നടത്താൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.

ഡിസംബർ 10 ന് വെനസ്വേലൻ തീരത്തുനിന്ന് യു.എസ് സൈന്യം എണ്ണക്കപ്പൽ പിടിച്ചെടുത്തതോടെ സംഘർഷം രൂക്ഷമായിരിക്കുകയാണ്.

Content Highlight: US oil embargo against Venezuela: UN calls for restraint

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.