ന്യൂയോർക്ക്: യു.എസ്-ഇറാൻ സമാധാന ചർച്ചകൾക്കിടെ ഇറാൻ ചർച്ചാ പ്രതിനിധികളെ വധിക്കാൻ ഇസ്രഈൽ ശ്രമം നടത്തുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ്. നിലവിൽ ഔദ്യോഗിക പദവികളിലുള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരാണ് ഇറാൻ ചർച്ചാ പ്രതിനിധികളെ വധിക്കാൻ ഇസ്രഈൽ ശ്രമിക്കുന്നതായി വിശ്വസിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സ്പീക്കർ മുഹമ്മദ് ബാഘർ ഘാലിബാഫ് എന്നിവർ ഏപ്രിൽ മുതൽ യു.എസുമായുള്ള ചർച്ചകളിൽ പങ്കെടുത്തിരുന്നു. ഇവർ രണ്ടുപേരെയും വധിക്കാനുള്ള പദ്ധതി ഇസ്രഈൽ ആസൂത്രണം ചെയ്തിരുന്നതായാണ് യു.എസ്. ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്.
ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായാൽ അത് യു.എസും ഇറാനുമായുള്ള ചർച്ചകളെ ബാധിക്കുമോ എന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു. അപകട സാധ്യതയെക്കുറിച്ച് ഇറാന് മുന്നറിയിപ്പ് നൽകാൻ പശ്ചിമേഷ്യൻ രാജ്യങ്ങളോട് ആവശ്യപ്പെടാൻ വരെ യു.എസ് ഭരണകൂടം തീരുമാനിച്ചിരുന്നെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിന്റെ തുടക്ക കാലത്തും അരാഗ്ചിയെയും ഘാലിബാഫിനെയും വധിക്കാനായി ഇസ്രഈൽ നീക്കം നടത്തുന്നതായി യു.എസ് വിശ്വസിച്ചിരുന്നു. എന്നാൽ അന്ന് ഇറാന്റെ തീവ്ര നിലപാടുള്ള സർക്കാരിനെ താഴെയിറക്കാനായുള്ള ഒരു നിയമപരമായ കാര്യം എന്ന തരത്തിലായിരുന്നു അതിനെ കണ്ടതെന്നും യു.എസ് ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് ഇറാനുമായി നയ തന്ത്ര ചർച്ചകളിലേക്ക് നീങ്ങിയപ്പോഴാണ് അതൊരു ആശങ്കയായി മാറിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഏപ്രിലിൽ നയതന്ത്ര ചർച്ചകൾ തുടങ്ങിയ ശേഷം ഇസ്രഈലിന്റെ വധശ്രമ സാധ്യതയെ ആശങ്കയായാണ് യു.എസ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്. ഇത്തരം ശ്രമങ്ങൾ സംഘർഷം വർധിക്കാനും സമാധാന ചർച്ചകൾ നിന്ന് പോകാനും കാരണമാകും എന്നതായിരുന്നു ആശങ്ക.
ഇറാന്റെ ഉന്നത നേതാക്കളെ വധിക്കുക എന്നത് യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രഈൽ ചെയ്തിരുന്ന കാര്യമാണ്. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയെ ഇസ്രഈലും യു.എസും ചേർന്ന് വധിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഫെബ്രുവരി 28നായിരുന്നു ഖാംനഇയെ യു.എസും ഇസ്രഈലും വധിച്ചത്. ഇതിന് പിന്നാലെ ഇറാനും യു.എസ്-ഇസ്രഈൽ സഖ്യവും തമ്മിലുള്ള യുദ്ധം ആരംഭിക്കുകയും ചെയ്തു.
ഖാലിബാഫിന്റെ കാര്യത്തിൽ അദ്ദേഹത്തെ ഇസ്രഈൽ വധിക്കാൻ സാധ്യതയുണ്ടെന്ന വിവരം യു.എസിന് ലഭിച്ചിരുന്നെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആ ശ്രമവുമായി മുന്നോട്ട് പോകരുതെന്ന് ഇസ്രഈലിനോട് യു.എസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ചർച്ചകളുടെ സമയത്ത് ഇസ്രഈൽ തങ്ങളുടെ നേതാക്കളെ വധിക്കില്ലെന്ന് മധ്യസ്ഥരായ പാകിസ്ഥാനും ഖത്തറും വഴി യു.എസിൽ നിന്ന് ഇറാൻ ഉറപ്പ് വാങ്ങിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ ഉദ്യോഗസ്ഥരിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.
ഏപ്രിലിൽ നയതന്ത്ര ചർച്ചയുടെ സമയത്ത് ഖാലിബാഫിനെ വധിക്കാൻ ഇസ്രഈൽ ശ്രമിച്ച് പരാജയപ്പെട്ടതായി സൂചിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. ഖാലിബാഫ് ഇസ് ലാമാബാദിലെ ചർച്ചക്ക് ശേഷം ഇറാനിലേക്ക് മടങ്ങവെ ഇസ്രഈൽ യുദ്ധ വിമാനങ്ങൾ ഇറാൻ വ്യോമമേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഖാലിബാഫിന്റെ വിമാനം വഴിതിരിച്ച് വിട്ടിരുന്നു. ഈ സംഭവത്തെ ഇസ്രഈലിന്റെ പരാജയപ്പെട്ട് പോയ വധശ്രമെന്ന് സംശയിക്കപ്പെടുന്നു.
Content Highlight: US officials believed Israel plotted to kill Iranian negotiators: report