വാഷിങ്ടൺ: ആണവായുധ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കാൻ യു.എസ് പ്രതിരോധ വകുപ്പിന് നിർദേശം നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവായുധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ തീരുമാനം.
ചൈനയ്ക്കും റഷ്യയ്ക്കും തുല്യമായ യു.എസ് ആണവായുധ പരീക്ഷണങ്ങൾ ആരംഭിക്കാനാണ് ട്രംപ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ പരാമർശം.
‘മറ്റ് രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനാൽ നമ്മുടെ ആണവായുധങ്ങളും തുല്യ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ പ്രതിരോധ വകുപ്പിനെ ഞാൻ അറിയിച്ചിട്ടുണ്ട്. ആ പ്രക്രിയ ഉടനടി ആരംഭിക്കും,’ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസം മറ്റേത് രാജ്യത്തെക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ റഷ്യയ്ക്ക് 5,500 ലധികം വാർഹെഡുകൾ ഉണ്ടെന്നും യു.എസിന് 5,044 ആണവായുധങ്ങളാണെന്നും ഇന്റർനാഷണൽ കാമ്പെയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ദീർഘദൂര ആണവോർജ്ജ അണ്ടർവാട്ടർ ആയുധവും ആണവ ശേഷിയുള്ള മിസൈലും പരീക്ഷിച്ചിരുന്നു. ഇത് ഉചിതമെല്ലെന്നും മിസൈലുകൾ പരീക്ഷിക്കുന്നതിന് പകരം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം വ്യാപാര തർക്കങ്ങൾക്കിടെയുള്ള ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനിൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകൾക്കിടയിൽ മാസങ്ങളായി നിലനിൽക്കുന്ന വ്യാപാര സംഘർഷങ്ങൾക്കിടെയാണ് ഇരു രാജ്യങ്ങളുടെയും കൂടിക്കാഴ്ച നടക്കുന്നത്. യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയുടെ താരിഫ് കുറയ്ക്കുമെന്നും കൂടിക്കാഴ്ചയെ കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
Content Highlight: US nuclear weapons tests should begin immediately: Trump