ടെൽ അവീവ്: അമേരിക്കയും ഇസ്രഈലും തമ്മിലുള്ള സൈനിക ബന്ധം പുനർനിർമിക്കാനുള്ള നീക്കത്തിന് പിന്നിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വന്തം പദ്ധതിയാണെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്.
ഇസ്രഈലിന് യു.എസ് നൽകുന്ന നേരിട്ടുള്ള സാമ്പത്തിക സൈനിക സഹായം ഘട്ടം ഘട്ടമായി കുറയ്ക്കുകയും, പകരം ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ആഴത്തിലുള്ള സൈനിക-സാങ്കേതിക സംയോജനം നടപ്പിലാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇസ്രഈൽ സൈനിക സ്വയംപര്യാപ്തത കൈവരിക്കുന്നു എന്ന തരത്തിലാണ് ഈ നീക്കം പുറംലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നതെങ്കിലും, വാസ്തവത്തിൽ ഇത് അമേരിക്കൻ സൈനിക സംവിധാനവുമായി ഇസ്രഈലിനെ കൂടുതൽ ദൃഢമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ സൈനിക പരിഷ്കാരം അമേരിക്കയുടെ ഭാഗത്തുനിന്നുള്ള താത്പര്യ പ്രകാരമല്ല, മറിച്ച് ഇസ്രഈൽ തന്നെ മുൻകൈയെടുത്ത് തയ്യാറാക്കി യു.എസ് കോൺഗ്രസ് വഴി നടപ്പിലാക്കുന്നതാണെന്ന് നെതന്യാഹുവിന്റെ കത്ത് വ്യക്തമാക്കുന്നു.
അടുത്ത പത്തുവർഷത്തിനുള്ളിൽ യു.എസ് നൽകുന്ന സാമ്പത്തിക സൈനിക സഹായം ഘട്ടംഘട്ടമായി കുറയ്ക്കാനാണ് നെതന്യാഹു നിർദേശിക്കുന്നത്. പകരം മിസൈൽ പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക മേഖലകളിൽ സംയുക്ത പ്രതിരോധ സഹകരണം ഉറപ്പാക്കുന്ന പുതിയൊരു ധാരണാപത്രം വികസിപ്പിക്കും.
ഇസ്രഈൽ അനുകൂല യു.എസ് കോൺഗ്രസ് അംഗം മാർലിൻ സ്റ്റുട്‌സ്മാനുമായി മേയ് 27ന് ജെറുസലേമിൽ നെതന്യാഹു നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
2027ലെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്റ്റിലെ (എൻ.ഡി.എ.എ) സെക്ഷൻ 224 പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ ഗവേഷണം, ഉത്പാദനം, സാങ്കേതിക വിദ്യ എന്നിവയിൽ മുമ്പെങ്ങുമില്ലാത്ത വിധം സഹകരണം വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു.
ഈ പുതിയ പദ്ധതിയോടെ യുഎസ്-ഇസ്രഈൽ സൈന്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഡാറ്റാ ഫ്യൂഷൻ’, ‘നെറ്റ്‌വർക്ക് ഇന്റഗ്രേഷൻ’ എന്നിവയിലൂടെ അമേരിക്കയുടെ അതീവ സുരക്ഷയുള്ള സൈനിക രഹസ്യങ്ങൾ ഇസ്രഈലിന് എളുപ്പത്തിൽ ലഭ്യമാകാൻ ഈ സംയോജനം ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
Content Highlight: US military secrets to Israel? ‘Netanyahu plan’ behind crucial move; Letter released